
മണത്തണ ∙ രണ്ട് നൂറ്റാണ്ടിലധികമായി ജനങ്ങൾ ഉപയോഗിക്കുന്ന റോഡായിരുന്നിട്ടും മണത്തണ വളയങ്ങാട് കൊട്ടംചുരം റോഡിന് ആവശ്യമായ വീതിയില്ലാത്തതും നടപ്പാതയില്ലാത്തതും വഴിയാത്രക്കാർക്ക് ഭീഷണിയാകുന്നു. വളയങ്ങാട് വയൽഭാഗം മുതൽ മണത്തണ കള്ളുഷാപ്പ് വരെയുള്ള റോഡിൽ രണ്ട് വലിയ വാഹനങ്ങൾക്ക് സുഗമമായി വശം കൊടുക്കാനുള്ള വീതിപോലും ഇല്ല.
നൂറുകണക്കിന് വിദ്യാർഥികളും നാട്ടുകാരും ഉപയോഗിക്കുന്ന റോഡാണിത്. വളയങ്ങാട്, കൊട്ടംചുരം, പേരാവൂർ മേഖലകളിൽനിന്നുള്ള ഒട്ടേറെ വിദ്യാർഥികളാണ് ഇതുവഴി പോകുന്നത്. ആളുകൾ ടാറിങ് ഭാഗത്തുകൂടി കയറി നടക്കുന്നതിനാൽ വാഹനങ്ങൾക്ക് വേഗത്തിൽ പോകാൻ കഴിയാത്ത സ്ഥിതിയാണ്.
എതിർദിശയിൽനിന്ന് രണ്ട് വാഹനങ്ങൾ വന്നാൽ ചിലയിടങ്ങളിൽ റോഡരികിലെ തോട്ടിലേക്ക് ചാടേണ്ട അവസ്ഥയുമുണ്ട്.
കൊട്ടംചുരം വളയങ്ങാട് മണത്തണവരെ ഏകദേശം മുക്കാൽ കിലോമീറ്റർ റോഡ് ഭാഗങ്ങളിലാണ് ഈ ദുരവസ്ഥ. ടാറിങ്ങിന് ചേർന്നാണ് കാനയുള്ളത്.
കാനയ്ക്ക് പുറത്ത് മൺതിട്ടയും പാടവുമാണ്.
രണ്ട് നൂറ്റാണ്ടോളം പഴക്കമുള്ള റോഡിലൂടെ നൂറിലധികം ബസ് സർവീസുകളാണുള്ളത്.നൂറുകണക്കിന് മറ്റ് വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നു. നടപ്പാത ഇല്ലാതെ റോഡിലൂടെയുള്ള കാൽനടയാത്ര അതീവ അപകടകമാണെന്നും ഒട്ടേറെ അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും രാത്രികാലങ്ങളിൽ അപകടങ്ങൾ കൂടുതലാണെന്നും നാട്ടുകാർ പറയുന്നു. മഴക്കാലമായാൽ ഇവിടെ വെള്ളക്കെട്ട് രൂപപ്പെടുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
വശംകൊടുക്കുമ്പോൾ കാനയിലേക്കും പാടത്തേക്കും വാഹനങ്ങൾ ചരിയുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. റോഡിലെ അസൗകര്യങ്ങൾ ഒട്ടേറെത്തവണ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും ഇടപെടൽ ഉണ്ടായിട്ടില്ല.
വീതി കൂട്ടുന്നതിനും നടപ്പാതയ്ക്കുമായി എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളെ സമീപിക്കുമെന്നും പ്രദേശവാസികൾ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]