തലശ്ശേരി∙ തീരദേശ ഹൈവേ തലശ്ശേരി മൊത്തവ്യാപാര കേന്ദ്രത്തിലെ വ്യാപാരികളുടെയും തൊഴിലാളികളുടെയും ചങ്കിടിപ്പേറ്റുന്നു. നിലവിലുള്ള അലൈൻമെന്റ് പ്രകാരമാണ് ഹൈവേ നിർമാണമെങ്കിൽ സൈദാർപള്ളി മുതൽ ട്രാഫിക് പൊലീസ് സ്റ്റേഷൻ വരെയുള്ള 400 വ്യാപാരസ്ഥാപനങ്ങളും അതിനെ ആശ്രയിച്ചു ജോലി ചെയ്യുന്ന ആയിരത്തിലേറെ തൊഴിലാളികളുമുൾപ്പെടെ 1500 കുടുംബങ്ങളെ വഴിയാധാരമാക്കുമെന്നാണ് വ്യാപാരികളും തൊഴിലാളികളും ഭയപ്പെടുന്നത്.
തലശ്ശേരി വലിയങ്ങാടിയിൽ പാരമ്പര്യമായി കച്ചവടം ചെയ്യുന്നവരാണ് ഏറെയും.
സമീപ സ്ഥലങ്ങളിലെല്ലാം മൊത്തകച്ചവടം ആരംഭിച്ചതോടെ തലശ്ശേരിയിൽ പൊതുവെ കച്ചവടം കുറഞ്ഞു. വ്യാപാരികൾ പിടിച്ചുനിൽക്കാൻ ഏറെ പാടുപെടുമ്പോഴാണ് തീരദേശ ഹൈവേയുടെ പേരിൽ കുടിയൊഴിപ്പിക്കൽ ഭീഷണിയും.
14 മീറ്റർ വീതിയിലാണ് തീരദേശ ഹൈവേ നിർമാണം. ഇവിടെ 8 മീറ്ററിലാണ് നിലവിൽ റോഡുള്ളത്.
ഇരുഭാഗത്തുമായി മൂന്ന്, നാല് മീറ്ററുകൾ സ്ഥലം ഏറ്റെടുക്കേണ്ടി വരും. ഇതിന്റെ ഭാഗമായുള്ള ഇൻവെസ്റ്റിഗേഷൻ സ്റ്റഡി നടന്നു വരികയാണ്.
പല കടകൾക്ക് സമീപവും കുറ്റിയടിച്ചു കഴിഞ്ഞു. രാജ്യാന്തര നിലവാരത്തിലുള്ള റോഡാണ് വിഭാവന ചെയ്യുന്നത്.
ഫൂട്പാത്തുൾപ്പെടെയാണ് നിർമാണം.
കടൽ കണ്ട് യാത്ര ചെയ്യാൻ നിലവിൽ തലശ്ശേരി കടൽതീരത്തുള്ള റോഡ് വികസിപ്പിച്ച് തീരദേശ പാതയാക്കണമെന്നാണ് ഇവിടെയുള്ള വ്യാപാരികളുടെയും തൊഴിലാളികളുടെയും ആവശ്യം. 1500 കുടുംബങ്ങളെ ദോഷകരമായി ബാധിക്കുന്ന തീരുമാനം മാറ്റാൻ അധികൃതർ തയാറാവണമെന്നാണ് അവരുടെ ആവശ്യം.
ഇതിനായി വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, തലശ്ശേരിയിലെ സ്വതന്ത്ര ചുമട്ടുതൊഴിലാളി യൂണിയനായ സിടിയു, സിഐടിയു ഉൾപ്പെടെയുള്ള സംഘടനകൾ ചേർന്ന് തലശ്ശേരി പട്ടണ വ്യാപാരതൊഴിൽ സംരക്ഷണ സമിതി രൂപീകരിച്ചു പ്രവർത്തനം തുടങ്ങി.
അവർ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും മന്ത്രിമാർക്കുമുൾപ്പെടെ നിവേദനം നൽകി. മുന്നറിയിപ്പില്ലാതെ കുറ്റിയടിക്കാൻ വന്നുവെന്ന് ആരോപിച്ചു ഇവിടെ പരിശോധനയ്ക്ക് എത്തിയ റവന്യു ഉദ്യോഗസ്ഥരെ സമിതിയുടെ നേതൃത്വത്തിൽ നേരത്തെ തടഞ്ഞിരുന്നു.
അന്ന് 8 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതേത്തുടർന്ന് ഒരു ദിവസത്തെ ഉപവാസവും നടത്തി.
എന്നാൽ പുതുതായി ചുമതലയേറ്റ നഗരസഭ അധ്യക്ഷൻ കാരായി ചന്ദ്രശേഖരൻ ആക് ഷൻ കമ്മിറ്റി ഭാരവാഹികളെ വിളിച്ചു ചർച്ച ചെയ്യാൻ തയാറായത് വ്യാപാരികളും തൊഴിലാളികളും പ്രതീക്ഷയോടെയാണ് കാണുന്നത്.
ബന്ധപ്പെട്ട അധികൃതരുമായി ചർച്ച ചെയ്തതിന് ശേഷം വീണ്ടും വിളിക്കാമെന്ന ഉറപ്പു നഗരസഭ അധ്യക്ഷൻ തന്നതായി അവർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

