കണ്ണൂർ ∙ ‘മിഴിനീരു പെയ്ത മാരിയിൽ കെടാതെ കാത്ത പുഞ്ചിരി… നീയെന്നൊരാ പ്രതീക്ഷയിൽ എരിഞ്ഞ പൊൻതിരി’ സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണു പരുക്കേൽക്കുന്ന ദിവസം പയ്യാവൂർ ഇരൂഡ് സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിന്റെ പടിക്കെട്ട് കയറുമ്പോൾ അയോണ മാറോടടുക്കി പിടിച്ച ബാഗിൽ അടുക്കിവച്ചിരുന്ന ഹിന്ദി പാഠപുസ്തകത്തിന്റെ അവസാന താളിൽ ഇങ്ങനെ കുറിച്ചിരുന്നു. അമ്പിളി എന്ന ചിത്രത്തിലെ ഈ ഗാനമാണിത്. അധ്യാപകരായ സിസ്റ്റർ അമൃതയും പ്രസീനയുമാണതു കണ്ടത്.
ബാഗ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.
സ്കൂളിലെ വാനമ്പാടിയായിരുന്നു ശ്രീകണ്ഠാപുരം തിരൂർ കട്ടിയാങ്കൽ മോൻസൻ – അനിത ദമ്പതികളുടെ മകൾ സ്കൂളിലെ പ്ലസ് ടു ഹോം സയൻസ് വിദ്യാർഥി അയോണ മോൻസൻ. കലോത്സവങ്ങളിലും ആഘോഷങ്ങളിലുമെല്ലാം അയോണയുടെ പാട്ടില്ലാതെ പരിപാടി അവസാനിച്ചിരുന്നില്ല. അയോണയുടെ പ്രാർഥനാ ഗാനത്തോടെയായിരുന്നു സ്കൂൾ ദിനങ്ങൾ ആരംഭിച്ചിരുന്നത്.
ആ സ്വരമാധുരിയിൽ ഉയരുന്ന ദേശീയഗാനാലാപത്തോടെ അവസാനിക്കുകയും പതിവ്.
തിരൂർ സെന്റ് ഫ്രാൻസിസ് അസീസി സൺഡേ സ്കൂളിലെ കോൺഫറൻസ് ഹാളിൽ പൊതുദർശനത്തിനു വച്ച അയോണയുടെ മൃതദേഹത്തിനരികെ നിന്നു ‘ചെന്തീ പോലൊരു മാലാഖ… ’ എന്ന പ്രാർഥനാഗീതം ആലപിക്കുമ്പോൾ സിസ്റ്റർ അമൃതയുടെ തൊണ്ടയിടറി. പതിനേഴാം വയസ്സിൽ മരണം വന്നു വിളിച്ച കുഞ്ഞുമാലാഖയുടെ പാട്ടോർമകളിലായിരുന്നു സിസ്റ്റർ അമൃത.
പുഞ്ചിരിയോടെ മാത്രം കണ്ടിട്ടുള്ള അയോണയുടെ ചേതനയറ്റ ശരീരം കണ്ടു നിൽക്കാനാകാതെ സഹപാഠികൾ തേങ്ങി. അച്ഛൻ മോൻസനും അമ്മ അനിതയും സഹോദരങ്ങളായ മാർഫിനും ഏഞ്ചലും വിങ്ങിപ്പൊട്ടി അരികിലിരുന്നു.
ചിരിച്ചുകളിച്ചിരുന്ന അയോണ പക്ഷേ, വ്യക്തിപരമായ കാര്യങ്ങൾ അധ്യാപകരോടോ അടുത്ത കൂട്ടുകാരോടുപോലുമോ പങ്കുവച്ചിരുന്നില്ലെന്നു ക്ലാസ് ടീച്ചർ സഷീബ ഓർമിക്കുന്നു.
മസ്തിഷ്കമരണം സംഭവിച്ച അയോണയുടെ കണ്ണും വൃക്കകളും കരളും ദാനം ചെയ്തിരുന്നു. രാവിലെ വീട്ടിലും മൃതദേഹം പൊതുദർശനത്തിനു വച്ചു.
പയ്യാവൂർ വലിയ പള്ളി വികാരി ഫാ. ബേബി കട്ടിയാങ്കലിന്റെ കാർമികത്വത്തിൽ തിരൂർ സെന്റ് ഫ്രാൻസിസ് പള്ളിയിൽ സംസ്കരിച്ചു.
ശ്രീപുരം പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. ജോയി കട്ടിയാങ്കൽ സഹകാർമികത്വം വഹിച്ചു.
സജീവ് ജോസഫ് എംഎൽഎ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.സുലേഖ, ജില്ലാ പഞ്ചായത്ത് അംഗം ബേബി തോലാനി തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.
ഓപ്പറേഷൻ തിയറ്റർ അടച്ചിട്ടിട്ട് രണ്ടാഴ്ച അയോണയുടെ വൃക്ക സ്വീകരിക്കാനാകാതെ കോഴിക്കോട് ഗവ.മെഡിക്കൽ കോളജ്
ചേവായൂർ ∙ കണ്ണൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്നു വീണു മരിച്ച അയോണയുടെ വൃക്ക സ്വീകരിക്കാനാകാതെ കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ആശുപത്രി. അയോണയ്ക്കു മസ്തിഷ്ക മരണം സംഭവിച്ച ഉടനെ ഇവിടേക്ക് വിവരം അറിയിച്ചെങ്കിലും അറ്റകുറ്റപ്പണിക്കായി ഓപ്പറേഷൻ തിയറ്റർ 2 ആഴ്ചയായി അടച്ചിട്ടതിനാൽ വൃക്ക സ്വീകരിക്കാനാകാതെ പോകുകയായിരുന്നു.
നൂറോളം രോഗികളാണ് ഇവിടെ വൃക്കയ്ക്കു റജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നത്. തുടർന്നാണ് അയോണയുടെ ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിക്കു നൽകിയത്.
രണ്ടാഴ്ച മുൻപു മെഡിക്കൽ കോളജിലേക്കു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി വാഗ്ദാനം ചെയ്ത വൃക്കയും ഇതേ കാരണത്താൽ സ്വീകരിക്കാൻ പറ്റിയില്ല. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ നിന്നുള്ള ഡയാലിസിസ് രോഗികൾ വൃക്ക മാറ്റിവയ്ക്കാൻ റജിസ്റ്റർ ചെയ്യുന്നതു കോഴിക്കോട് ഗവ.
മെഡിക്കൽ കോളജ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗത്തിലാണ്. അണുമുക്തമാക്കാൻ ഓപ്പറേഷൻ തിയറ്ററുകൾ അടച്ചിട്ടപ്പോഴാണു വൃക്കയുമായി ബന്ധപ്പെട്ട
കേസുകൾ വന്നതെന്നും അതുകൊണ്ട് ശസ്ത്രക്രിയ ചെയ്യാൻ സാധിച്ചില്ലെന്നും കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.
കെ.ജി.സജീത്ത് കുമാർ പറഞ്ഞു.
ഒരു വൃക്ക സ്വീകരിച്ചത് ഇരിട്ടി സ്വദേശിനി
അയോണയുടെ വൃക്കകളിലൊന്നു സ്വീകരിച്ചതു കണ്ണൂർ ഇരിട്ടിയിലെ 48 വയസ്സുള്ള വനിത. വ്യാഴാഴ്ച രാവിലെ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലായിരുന്നു വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. കോഴിക്കോട് മേയ്ത്ര ആശുപത്രിയിൽ അയോണയുടെ കരൾ സ്വീകരിച്ചതും കണ്ണൂർ സ്വദേശിയായ വനിതയാണ്.
57 വയസ്സുണ്ട്. അയോണയുടെ നേത്രപാളികൾ കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതിലൊന്ന് രോഗിയിൽ വച്ചുപിടിപ്പിക്കാനുള്ള ശസ്ത്രക്രിയ ഇന്നോ നാളെയോ നടന്നേക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

