ഇരിട്ടി∙ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ദീർഘകാലമായുള്ള മുറവിളികൾക്കൊടുവിലാണ് 2015ൽ കീഴ്പ്പള്ളി പിഎച്ച്സിയെ സിഎച്ച്സിയായി ഉയർത്തിയത്. 2 വർഷത്തിനു ശേഷം 2017 ജൂൺ 26ന് അന്നത്തെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ആശുപത്രിയിൽ കിടത്തിച്ചികിത്സാ വിഭാഗവും ഉദ്ഘാടനം ചെയ്തു.
മേഖലയിലെ ആയിരക്കണക്കിനു സാധാരണക്കാർക്കും ആറളം ഫാം പുനരധിവാസ മേഖലയിലെ ഉൾപ്പെടെ ആദിവാസികൾക്കും ആശ്വാസകരമായ നടപടിയെന്നു പ്രതീക്ഷിച്ചവർക്ക് തെറ്റി. 8 വർഷം പിന്നിടുമ്പോഴും ഇവിടെ ഒറ്റ രോഗിയെ പോലും കിടത്തിച്ചികിത്സയിൽ പ്രവേശിപ്പിച്ചിട്ടില്ല.
ഉദ്ഘാടനം ദിനം സ്ഥാപിച്ച ശിലാഫലകത്തിൽ മാത്രം ഒതുങ്ങി ഐപി പ്രവർത്തനം.
ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ബോർഡിൽ മാത്രം ഒതുങ്ങിയ സിഎച്ച്സി പ്രഖ്യാപനമാണ് ഉദ്ഘാടനം നടത്തിയ ഐപിയും തുടങ്ങുന്നതിനു തടസ്സമായത്. സാധാരണ ദിവസം മുന്നൂറിനും നാനൂറിനും ഇടയിലും ബുധനാഴ്ചകളിൽ അഞ്ഞൂറിനും എഴുന്നൂറിനും ഇടയിലും രോഗികൾ എത്തുന്ന സർക്കാർ ആതുരാലയമാണ് ഇപ്പോഴും അവഗണന നേരിടുന്നത്. 12 രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യത്തോടെയാണു ഐപി ഉദ്ഘാടനം ചെയ്തത്.
കോടികൾ മുടക്കി കെട്ടിടവും നിർമിച്ചിരുന്നു.
ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും ആവശ്യത്തിന് നിയമിക്കാതെയുളള ഉദ്ഘാടനത്തിനെതിരെ അന്നേ ആക്ഷേപം ഉയർന്നെങ്കിലും ഉടൻ നിയമനം നടത്തി ഐപി പ്രവർത്തനക്ഷമമാക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, സിഎച്ച്സി പദവിക്കു തുല്യമായ സ്റ്റാഫ് പാറ്റേൺ ഇനിയും അനുവദിച്ചിട്ടില്ല.
ഇപ്പോൾ നബാർഡ് ഫണ്ട് ഉപയോഗപ്പെടുത്തി 11.4 കോടി ചെലവിൽ പുതിയ ഐപി കെട്ടിട സമുച്ചയം പൂർത്തിയാക്കിയിട്ടുണ്ട്.
ഈ ബഹുനില മന്ദിരം പ്രവർത്തനക്ഷമമാക്കണമെങ്കിലും സിഎച്ച്സി സ്റ്റാഫ് പാറ്റേൺ അനുവദിക്കണം.
സാധാരണ പിഎച്ച്സികളേക്കാൾ ഉയർന്ന പരിഗണനയോടെ ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ മദർ പിഎച്ച്സിയായാണ് കീഴ്പ്പള്ളിയുടെ സ്ഥാനം.കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ, അങ്ങാടിക്കടവ്, കരിക്കോട്ടക്കരി, ആറളം ഫാം പിഎച്ച്സികൾ കീഴ്പ്പള്ളിയുടെ പരിധിയിലാണ് വരുന്നത്. 2015 ലെ പ്രഖ്യാപനത്തിനു പിന്നാലെ 2020 നവംബർ 20 ന് സിഎച്ച്സിയുടെ ഔദ്യോഗിക ഉദ്ഘാടനവും ഡയാലിസിസ് സെന്ററും ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തിട്ടും കീഴ്പ്പള്ളിയുടെ തലവര മാറിയില്ല.
16 ഡോക്ടർമാർ വേണ്ടിടത്ത് 4 പേർ
ഐപി സൗകര്യത്തോടെയുള്ള സിഎച്ച്സികളിൽ 16 ഡോക്ടർമാർ വേണം.
നഴ്സിങ് സ്റ്റാഫ് 37 പേർ വേണം. കീഴ്പ്പള്ളിയിൽ ഇപ്പോഴുള്ളത് 4 ഡോക്ടർമാരും 4 നഴ്സുമാരും മാത്രം.
സൂപ്രണ്ട് –1, ജനറൽ മെഡിസിൻ 2, ജനറൽ സർജൻ 1, ഗൈനക്കോളജി 2, ശിശുരോഗ വിദഗ്ധൻ 1, ഇഎൻടി 1, അനസ്തെറ്റിസ്റ്റ് 1, കാഷ്വൽറ്റി മെഡിക്കൽ ഓഫിസർമാരായി അസിസ്റ്റന്റ് സർജൻമാർ 6, ഡെന്റൽ സർജൻ 1 എന്നിങ്ങനെയാണ് ഡോക്ടർമാർ വേണ്ടത്.
നഴ്സിങ് സൂപ്രണ്ട് 1, സീനിയർ നഴ്സിങ് ഓഫിസർ 4, നഴ്സിങ് ഓഫിസർ ഗ്രേഡ് 1 – 11, ഗ്രേഡ് 2 – 12, നഴ്സിങ് അസിസ്റ്റന്റ് 8 എന്നിങ്ങനെ നഴ്സിങ് ജീവനക്കാരും വേണം. ഇതിനു പുറമേ അറ്റൻഡർ ഗ്രേഡ് 1 – 4, ഗ്രേഡ് 2 – 12, ജൂനിയർ സൂപ്രണ്ട് – 1, ഹെഡ് ക്ലാർക്ക് 1, സീനിയർ ക്ലാർക്ക് 2, ഫാർമസിസ്റ്റ് 3 എന്നിങ്ങനെയും ജീവനക്കാർ വേണം. 2 ഏക്കർ സ്ഥലം കീഴ്പ്പള്ളി സിഎച്ച്സിക്ക് സ്വന്തമായി ഉണ്ട്.
ആശുപത്രി കെട്ടിടത്തിനു പുറമേ ജീവനക്കാർക്കുള്ള 3 ക്വാർട്ടേഴ്സുകളും ഉണ്ട്. സിഎച്ച്്സിയായി സ്റ്റാഫ് പാറ്റേൺ അനുവദിച്ചാൽ മാത്രം മതി ഐപി തുടങ്ങാൻ.
രണ്ടരക്കോടി രൂപ മുടക്കിയ ഡയാലിസിസ് സെന്റർ തുറക്കാനും നടപടിയില്ല
പ്രഖ്യാപനത്തിൽ ഒതുങ്ങിയ കീഴ്പ്പള്ളി സിച്ച്സിക്ക് ഇനിയുമുണ്ട് അവഗണനകളുടെ കഥ പറായൻ.
വൃക്ക രോഗികൾക്ക് ആശ്വാസം പകരാനായി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് കീഴ്പ്പള്ളി സിഎച്ച്സിയിൽ രണ്ടരക്കോടി രൂപയോളം മുടക്കിയ ഡയാലിസിസ് സെന്ററിന് അനുമതി നൽകാതെ അവഗണിക്കുകയാണ് ആരോഗ്യ വകുപ്പ്. പുതുക്കിയ നയങ്ങളിലെ സാങ്കേതികത്വം പരിഹരിച്ച് അനുമതി നൽകുന്ന കാര്യം പരിശോധിക്കുമെന്നു മന്ത്രി വീണാ ജോർജ് മറുപടി നൽകി 3 വർഷം പിന്നിട്ടിട്ടും നിരാശയാണു ബാക്കി.
2023 ഡിസംബർ 30ന് കീഴ്പ്പള്ളി സിഎച്ച്സിയിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിനെത്തിയപ്പോൾ അനുമതി ഉറപ്പാക്കാൻ ശ്രമിക്കുമെന്നു സ്പീക്കർ എ.എൻ.ഷംസീർ നൽകിയ വാഗ്ദാനവും വിജയം കണ്ടില്ല.2019 – 2020 കാലഘട്ടത്തിലാണ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ ഡയാലിസിസ് സെന്റർ സ്ഥാപിക്കാൻ നടപടി തുടങ്ങിയത്. 2.45 കോടി രൂപയോളം ചെലവഴിച്ചു ഭൗതിക സൗകര്യങ്ങൾ ഒരുക്കിയ കേന്ദ്രത്തിന് അന്തിമ അനുമതി തേടിയപ്പോൾ പുതിയ എൽഡിഎഫ് സർക്കാർ നിലവിലെ നയങ്ങൾ പ്രകാരം അനുമതി തരാനാവില്ലെന്നുള്ള മറുപടി നൽകുകയായിരുന്നു.
പദ്ധതി ഇതോടെ ത്രിശങ്കുവിലായി. ബ്ലോക്ക് പഞ്ചായത്ത് മുടക്കിയ പണം പാഴാകുന്ന സ്ഥിതിയാണ്.
ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ കേന്ദ്രമായ ആറളം ഫാം ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്ത് എന്ന നിലയിൽ സർക്കാർ പ്രത്യേക കാരുണ്യം കാണിക്കണമെന്ന ആവശ്യം ഉയർത്തി നിരവധി നിവേദനങ്ങൾ നൽകിയിട്ടും നടപടിയില്ല.ഡയാലിസിസ് ആവശ്യമുള്ള വൃക്ക രോഗികളുടെ എണ്ണത്തിലെ വർധനയും ആദിവാസി കോളനികളുടെ പെരുപ്പവും ഉൾപ്പെടെ കണക്കിലെടുത്താണ് എൽഡിഎഫ് നേതൃത്വത്തിലുള്ള മുൻ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഡയാലിസിസ് സെന്റർ തുടങ്ങാൻ തീരുമാനിച്ചത്. 25 ലക്ഷം രൂപ വകയിരുത്തി പ്രാരംഭ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു.
അന്നത്തെ ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ.ശൈലജയുടെ പിന്തുണയും ലഭിച്ചു.
യുഡിഎഫ് നേതൃത്വത്തിൽ പുതിയ ഭരണ സമിതി വന്നപ്പോൾ ഏറ്റവും പ്രധാനപ്പെട്ട ജീവകാരുണ്യ പദ്ധതി എന്ന നിലയിൽ 2 കോടി രൂപയോളം വകയിരുത്തി പ്രവർത്തനങ്ങൾ ഊർജിതമാക്കി.
ഫണ്ട് ശേഖരണവും ഡയാലിസിസ് സെന്റർ തുടങ്ങിയ ശേഷമുള്ള തുടർപ്രവർത്തനങ്ങളും ലക്ഷ്യമിട്ടു ജനകീയ കമ്മിറ്റിയും രൂപീകരിച്ചു. കെട്ടിടസൗകര്യം ഒരുക്കി. അധിക ജീവനക്കാർക്ക് താമസിക്കാനുള്ള ക്വാർട്ടേഴ്സ് നിർമാണം നടത്തി.
വാങ്ങി ഇനിയും കെട്ടഴിക്കാത്ത നിലയിൽ ഉപകരണങ്ങൾ അവിടെ നശിക്കുകയാണ്. കുഴൽ കിണർ നിർമിച്ചു ഒരു ലക്ഷം ലീറ്റർ സംഭരണശേഷിയുള്ള ടാങ്ക് പണിതു.
ഒരു വിധത്തിലും ശുദ്ധജലത്തിന്റെ ക്ഷാമം ഉണ്ടാവാതിരിക്കാൻ 40 ലക്ഷം രൂപ മുടക്കി സമീപത്തെ ക്ഷേത്രക്കുളം ഏറ്റെടുത്ത് നവീകരിക്കുന്ന പ്രവൃത്തിയും ഏറ്റെടുത്തു. വൈദ്യുതി മുടങ്ങിയാൽ ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാൻ ജനറേറ്ററും വാങ്ങി.
അനുബന്ധ പ്രവർത്തനങ്ങൾക്കായി 94 ലക്ഷം രൂപ കെഎംസിഎല്ലിനും കൈമാറിയപ്പോഴാണു ആർദ്രം മിഷൻ മാനദണ്ഡമനുസരിച്ച് താലൂക്ക് ആശുപത്രിതലം മുതൽ മുകളിലോട്ടുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ മാത്രമാണു പുതുതായി ഡയാലിസിസ് യൂണിറ്റ് ആരംഭിക്കാൻ അനുമതി നൽകുന്നതിനു തീരുമാനം ഉള്ളൂവെന്ന ആരോഗ്യ വകുപ്പിന്റെ വിവാദ മറുപടി വന്നത്.
പൂർത്തിയാകുന്നത് ഹൈടെക് ഐപി ബ്ലോക്ക്
2 നില കെട്ടിട സമുച്ചയമാണ് സിഎച്ച്സിയിൽ പുതിയതായി പൂർത്തിയാകുന്നത്.
തറ നിലയിൽ ഫാർമസി, വെയ്റ്റിങ് ഏരിയ, ലാബ്, നഴ്സ് റെസ്റ്റ് റൂം, ഒപി, ഡ്യൂട്ടി, പ്ലാസ്റ്റർ റൂം, ഇഞ്ചക്ഷൻ, കാഷ്വൽറ്റി, പോർച്ച്, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ടോയ്ലറ്റുകൾ, പാലിയേറ്റീവ്, ഒപി ടിക്കറ്റ്, ഒബ്സർവേഷൻ എന്നിവയ്ക്കുള്ള സൗകര്യങ്ങളും 1–ാം നിലയിൽ കൂട്ടിരിപ്പുകാർക്കുള്ള മുറി, ഡൈനിങ്, സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള വാർഡ്, പീഡിയാട്രിക് വാർഡ്, പ്ലേ ഏരിയ, ഒഫ്താൽമോളജി, ഒപി, ഇമ്യുണൈസേഷൻ, അഡ്മിനിസ്ട്രേഷൻ ഓഫിസ് എന്നിവയും വിഭാവനം ചെയ്തിട്ടുണ്ട്. കെട്ടിടത്തിന് തറ നിലയിൽ 4535 ചതുരശ്ര മീറ്ററും 1–ാം നിലയിൽ 4535 ചതുരശ്ര മീറ്ററുമായി ആകെ 9070 ചതുരശ്ര മീറ്റർ വിസ്തീർണമാണുള്ളത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

