ഇരിട്ടി ∙ ആറളം ഫാമിലും പുനരധിവാസ മേഖലയിലും ശമനമില്ലാതെ കാട്ടാനക്കലി. ഫാം കൃഷിയിടത്തിൽ കായ്ഫലമുള്ള തെങ്ങുകൾ കുത്തിമറിച്ചിട്ടു.
1–ാം ബ്ലോക്കിൽ എക്കണ്ടി ഭാഗത്ത് തെങ്ങ് റോഡിലേക്കു മറിച്ചിട്ടതിനെത്തുടർന്നു കാക്കയങ്ങാട്–കീഴ്പ്പള്ളി റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ രാത്രി മാത്രം ബ്ലോക്ക് 1, 5 എന്നിവിടങ്ങളിലായി 31 തെങ്ങുകൾ നശിപ്പിച്ചു. ആർആർടി അംഗങ്ങൾ തെങ്ങ് മുറിച്ചുമാറ്റിയശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
2 ദിവസം മുൻപ് ചെത്തുതൊഴിലാളി സിനേഷിനെ കാട്ടാന ഓടിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ആറളം ഫാമിൽ ഓരോ ദിവസവും കാട്ടാനക്കൂട്ടം വരുത്തുന്ന നാശനഷ്ടം വലുതാണ്.
മുൻപെങ്ങും ഇല്ലാത്ത വിധം കൃഷിവിളകൾ തകർത്തു കാട്ടാനക്കൂട്ടം മുന്നേറുമ്പോൾ മുൻപുള്ള കണക്ക് പ്രകാരം 97.7 കോടി രൂപയുടെ കൃഷിനാശം ഫാമിൽ ഉണ്ടായി.
40 ഓളം ആനകൾ ഫാം താവളം ആക്കി സ്ഥിരം നാശം വിതയ്ക്കുന്നതായാണ് ജീവനക്കാരും പുനരധിവാസ മേഖലയിലെ താമസക്കാരും പറയുന്നത്. ഫാം കൃഷിയിടത്തിലെ നഷ്ടത്തിനു പുറമേ പുനരധിവാസ മേഖലയിലെ താമസക്കാരുടെ കൃഷിയിടങ്ങളിൽ തെങ്ങ്, വാഴ, ഇഞ്ചി, മഞ്ഞൾ തുടങ്ങി എല്ലാ കൃഷി വിഭവങ്ങളും നശിപ്പിക്കുന്ന കണക്കുകൾ വേറെയാണ്.
600 കുലച്ച നേന്ത്രവാഴകൾ നശിപ്പിച്ചു
ഇരിട്ടി ∙ പാലപ്പുഴ കൂടലാട്ട് ഒറ്റരാത്രികൊണ്ടു ചുണ്ടൻതടത്തിൽ ബാബു ജോസഫിന്റെ ജീവിതവഴി തന്നെയാണ് കാട്ടാനക്കൂട്ടം തകർത്തത്.
600 കുലച്ച നേന്ത്രവാഴകൾ നിലംപരിശാക്കി. കൂടലാടുള്ള 1.5 ഏക്കറോളം സ്ഥലം 2 വർഷത്തേക്കു പാട്ടത്തിനെടുത്താണ് ബാബു ജോസഫ് നേന്ത്രവാഴക്കൃഷി നടത്തുന്നത്.
1600 വാഴകളാണ് കൃഷി ചെയ്തത്. വിളവെടുക്കാനായ വാഴകളാണു കാട്ടാനക്കൂട്ടം ചവിട്ടിമെതിച്ചത്.
ഡ്രിപ് ഇറിഗേഷൻ സംവിധാനത്തിലൂടെയാണു വാഴകൾ നനച്ചിരുന്നത്. പൈപ്പുകളടക്കം ആന നശിപ്പിച്ചു.
3 ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് അപേക്ഷ നൽകാൻ നിർദേശിച്ചിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

