കണ്ണൂർ ∙ ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിലും സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവുമെല്ലാം വലിയ തർക്കങ്ങളില്ലാതെ പരിഹരിക്കാൻ കഴിഞ്ഞെങ്കിലും മുന്നണികളെ അലട്ടുന്ന ചില പ്രാദേശിക വിഷയങ്ങൾ ചില സ്ഥലങ്ങളിൽ പുകയുന്നുണ്ട്. വാർഡുകൾ വച്ചുമാറിയതിലും പിടിച്ചെടുത്തതിലും സ്ഥാനാർഥി നിർണയത്തിലെ അപാകതകളിലുമെല്ലാമാണ് അമർഷം നിലനിൽക്കുന്നത്.
ഇതു പരിഹരിക്കാനുള്ള പ്രയത്നത്തിലാണു നേതൃത്വം.
സിപിഐ നേതാവിന് ‘പ്രസംഗവിലക്ക്’
കണ്ണപുരം ∙ മുൻ സിപിഎം നേതാവും നിലവിൽ സിപിഐ കല്യാശ്ശേരി മണ്ഡലം അസി. സെക്രട്ടറിയുമായ പി.വി.ജിതേഷ് (ജിതേഷ് കണ്ണപുരം) തിരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളിൽ പ്രസംഗിക്കുന്നതിനെതിരെ സിപിഎം നേതാക്കൾ പരസ്യമായി രംഗത്ത്.
കണ്ണപുരത്തു നടന്ന എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷനിൽ ജിതേഷ് പ്രസംഗിക്കുന്നതിനിടെയാണ് സിപിഎം പ്രാദേശിക നേതാക്കൾ എതിർപ്പുമായി രംഗത്തെത്തിയത്.
എം.വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്ത കൺവൻഷനിലായിരുന്നാന നാടകീയരംഗങ്ങൾ. ഏതാനും സിപിഎം നേതാക്കൾ വേദി വിട്ടിറങ്ങിപ്പോകുകയും ചെയ്തു. ചടങ്ങിലെ അധ്യക്ഷൻ കൂടിയായ സിപിഐ ലോക്കൽ സെക്രട്ടറി ആലക്കീൽ കൃഷ്ണൻ ക്ഷണിച്ചതിനെ തുടർന്നാണു ജിതേഷ് പ്രസംഗിച്ചത്.
പ്രസംഗം തുടരുന്നതിനിടെ, വേദിയിലുണ്ടായിരുന്ന സിപിഎം നേതാവ് ടി.വി.ലക്ഷ്മണൻ പ്രതിഷേധം അറിയിച്ച് അധ്യക്ഷനോടു കയർത്തു. തുടർന്ന് അധ്യക്ഷന്റെ അഭ്യർഥന മാനിച്ചാണു പ്രസംഗം നിർത്തിയതെന്ന് ജിതേഷ് പറയുന്നു.
കൺവൻഷനിൽ പ്രസംഗിക്കാൻ ജിതേഷിന്റെ പേര് മുൻകൂട്ടി നൽകിയിട്ടില്ലെന്നാണു സിപിഎം പറയുന്നത്.
സിപിഐ ജില്ലാ കൗൺസിൽ അംഗവും കൂടിയായ ജിതേഷിനെ എൽഡിഎഫ് പൊതുയോഗങ്ങളിൽ പതിവായി അകറ്റിനിർത്തുകയാണെന്ന് ആക്ഷേപമുണ്ട്. സിപിഎം കണ്ണപുരം ലോക്കൽ സെക്രട്ടറിയായി ഏറെക്കാലം പ്രവർത്തിച്ച ശേഷമാണ് ജിതേഷ് സിപിഐയിൽ എത്തിയത്.
ശ്രീകണ്ഠപുരത്ത് കുപ്പായമൊരുക്കി ഒട്ടേറെപ്പേർ
∙ ശ്രീകണ്ഠപുരം നഗരസഭയിൽ ചെയർമാൻ സ്ഥാനം ജനറലായതു കൊണ്ട് കോൺഗ്രസ് നേതാക്കളിൽ പലരും സ്ഥാനാർഥിത്വത്തിനായി രംഗത്തുണ്ട്.
അഭിപ്രായവ്യത്യാസം കാരണം ഇവിടെ ഇതുവരെ യുഡിഎഫ് സ്ഥാനാർഥിപ്പട്ടികയായിട്ടില്ല. മുസ്ലിം ലീഗ്, കോൺഗ്രസ് സീറ്റ് തർക്കത്തിനും പരിഹാരമായിട്ടില്ല.
ഭീഷണിയായി സ്വതന്ത്രൻ
∙ നാറാത്ത് പഞ്ചായത്ത് വാർഡ് നാലിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് അഴീക്കോട് ബ്ലോക്ക് കമ്മിറ്റി അംഗം മനീഷ് കണ്ണോത്ത് സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കാൻ നീക്കം തുടങ്ങിയത് നേതൃത്വത്തിനു പൊല്ലാപ്പായി.
കൊടുത്ത സീറ്റിനെച്ചൊല്ലി സിപിഎമ്മിൽ പ്രതിഷേധം
∙ പടിയൂർ പഞ്ചായത്തിൽ സിപിഐക്കു നൽകിയ ഏക സീറ്റിലെ സ്ഥാനാർഥിയെ അംഗീകരിക്കില്ലെന്ന പരസ്യപ്രഖ്യാപനവുമായി വനിതാ നേതാവിന്റെ നേതൃത്വത്തിൽ സിപിഎം അണികൾ രംഗത്തുവന്നത് എൽഡിഎഫിൽ അസ്വാരസ്യമുണ്ടാക്കുന്നു.
നിടിയോടി വാർഡിൽ കെ.കെ.പ്രഭാകരനെ സിപിഐ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. സിപിഐ രണ്ടു തവണ ജയിച്ച പടിയൂർ സീറ്റ് സിപിഎം എടുത്താണ് നിടിയോടി നൽകിയത്.
വാർഡ് കൺവൻഷനിലാണ് കെ.കെ.പ്രഭാകരനെ അംഗീകരിക്കില്ലെന്ന പ്രഖ്യാപനവുമായി സിപിഎം പ്രവർത്തകർ പ്രതിഷേധം ആരംഭിച്ചത്.
ഇതിനു പിന്നിൽ വനിതാ നേതാവിന്റെ ഇടപെടലാണെന്നാണു സിപിഎം നേതൃത്വം കരുതുന്നത്.സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പങ്കെടുത്ത പടിയൂരിലെ എൽഡിഎഫ് കൺവൻഷനിലും വനിതാ നേതാവിനെ പരിഗണിച്ചില്ല. ഈ വാർഡ് അടങ്ങിയ കരവൂർ ബ്രാഞ്ചിലെ 14 അംഗങ്ങളിൽ 4 പേർ മാത്രമാണു പങ്കെടുത്തതെന്നു പറയുന്നു.
ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ വിട്ടുനിന്നതായാണു വിവരം.ലഭിക്കുമെന്നു കരുതിയിരുന്ന പടിയൂർ ജില്ലാ പഞ്ചായത്ത് ഡിവിഷൻ കേരള കോൺഗ്രസ് എമ്മിനു നൽകിയതും സിപിഎമ്മിലെ മറ്റൊരാൾക്കു നൽകുമെന്നു കരുതിയിരുന്ന നിടിയോടി വാർഡ് സിപിഐക്ക് നൽകിയതുമാണ് ഇവിടെ പ്രതിഷേധത്തിനു കാരണമെന്നാണു പുറത്തുവരുന്ന വിവരം.
പൊതുപ്രവർത്തനം നിർത്തി ബ്രാഞ്ച് സെക്രട്ടറി
∙ പടിയൂർ പഞ്ചായത്തിൽ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച്, ബ്രാഞ്ച് സെക്രട്ടറിയായ മുതിർന്ന സിപിഎം നേതാവ് പാർട്ടി പൊതുപ്രവർത്തനം ഉപേക്ഷിച്ചു.
മുൻഭരണസമിതിയിൽ അംഗമായിരുന്നയാളെ വീണ്ടും സ്ഥാനാർഥിയാക്കുന്നതിൽ പ്രതിഷേധിച്ചാണിത്.
തീരുമാനത്തിൽ പ്രതിഷേധിച്ച് ബ്രാഞ്ച് സെക്രട്ടറി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട
നേതാവിനെ ഇരിട്ടിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായ ശേഷമാണ് നേതാവ് പൊതുപ്രവർത്തനം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. 50 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ളയാളാണ് നേതാവ്.
നേതൃത്വം ആലോചനയിൽ; നാട്ടിൽ പ്രഖ്യാപനം
∙ തലശ്ശേരി നഗരസഭ ഗാർഡൻസ് വാർഡിൽ യുഡിഎഫിൽ കോൺഗ്രസും ലീഗും അവകാശവാദമുന്നയിച്ചതിനെ തുടർന്ന് തീർപ്പ് യുഡിഎഫ് ജില്ലാ കമ്മിറ്റിക്കു വിട്ടിരുന്നു.
എന്നാൽ അതിൽ തീരുമാനം വരുന്നതിനു മുൻപ് മുസ്ലിം ലീഗ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. എ.കെ.സക്കരിയയാണ് ഗാർഡൻസിലെ മുസ്ലിംലീഗ് സ്ഥാനാർഥി.
ജില്ലാ കമ്മിറ്റിയുടെ തീരുമാനം വരുന്നതിനു മുൻപ് ലീഗ് സ്വന്തമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് ശരിയല്ലെന്ന നിലപാടിലാണ് കോൺഗ്രസ്. ഗാർഡൻസ് വാർഡ് ഉൾപ്പെടെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ മുസ്ലിം ലീഗ് ജില്ലാ നേതൃത്വം അനുമതി നൽകിയെന്നാണ് ലീഗ് നേതാക്കൾ പറയുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

