പയ്യന്നൂർ കോളജ്
∙പരിസ്ഥിതിയുടെ ഗുരുനാഥൻ ജോൺസി മാഷിന്റെ പേരിൽ പയ്യന്നൂർ കോളജിലുള്ള ജോൺസി വനത്തിനാണു കലാലയ വിഭാഗത്തിൽ ഒന്നാം സ്ഥാനം. പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്ന അപൂർവ മരങ്ങളുടെയും വള്ളികളുടെയും പച്ചത്തുരുത്താണു ജോൺസി വനം.
ബോട്ടണി വിഭാഗം 2014 മുതൽ നടപ്പിലാക്കിയ അപൂർവ സസ്യങ്ങളുടെ സംരക്ഷണ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്. കോളജിൽ നാച്വറൽ സയൻസ് കെട്ടിടങ്ങളോടു ചേർന്ന ഒരേക്കർ സ്ഥലത്താണു ബോട്ടണി വിഭാഗം മേധാവി ഡോ.രതീഷ് നാരായണന്റെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ പച്ചത്തുരുത്ത് ഒരുക്കിയത്.
100ലധികം ഇനങ്ങളുടെ 300ലധികം മരങ്ങളാണ് ജോൺസി വനത്തെ സമ്പന്നമാക്കുന്നത്.
തവിടിശ്ശേരി ഗവ. ഹൈസ്കൂൾ
∙വിദ്യാലയ വിഭാഗത്തിലാണു പെരിങ്ങോം വയക്കര പഞ്ചായത്തിലെ തവിടിശ്ശേരി ഗവ.ഹൈസ്കൂൾ ഒന്നാമതെത്തിയത്.
സ്കൂളിൽ നടപ്പാക്കിയ ഒട്ടേറെ പദ്ധതികൾ പരിശോധിച്ചാണു പുരസ്കാരം നേടിയത്.
വയലപ്ര പാർക്ക്
∙കണ്ടൽ തുരുത്തുകളുടെ വിഭാഗത്തിൽ ഒന്നാമതെത്തിയത് ചെറുതാഴം വയലപ്ര പാർക്കിലെ കണ്ടൽ തുരുത്ത്. ചെറുതാഴം ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയും ഹരിതകേരള മിഷനും വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ കണ്ണൂർ കണ്ടൽ പ്രോജക്ടും ചേർന്നാണു വയലപ്ര പരപ്പിൽ കണ്ടൽ തുരുത്ത് നിർമിച്ചത്.
6 ഏക്കർ സ്ഥലത്ത് 9 ഇനങ്ങളിലായി 10,000 കണ്ടൽച്ചെടികളാണു നട്ടുപ്പിടിപ്പിച്ചത്. കാർബൺ ന്യൂട്രൽ പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്കു കരുത്ത് പകരുന്നതാണു പുരസ്കാരമെന്നു പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരൻ പറഞ്ഞു.
സെൻട്രൽ ജയിൽ ട്രീ മ്യൂസിയം
∙ മറ്റു സ്ഥാപനങ്ങളുടെ വിഭാഗത്തിലാണു കണ്ണൂർ സെൻട്രൽ ജയിലിലെ ജയിൽ ട്രീ മ്യൂസിയം അർഹമായത്.
വംശനാശം നേരിടുന്ന അപൂർവ ഇനം വൃക്ഷങ്ങളെയും സസ്യങ്ങളെയും സംരക്ഷിക്കുകയും അവ പുതിയ തലമുറയ്ക്കു പഠനവിധേയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2022ൽ ഹരിത കേരള മിഷന്റെ സഹായത്തോടെ കണ്ണൂർ സെൻട്രൽ ജയിലിൽ സ്നേഹവനം എന്ന ട്രീമ്യൂസിയത്തിന് തുടക്കമിട്ടത്. 40 സെന്റിലുള്ള പച്ചത്തുരുത്തിൽ ഏഴുപതോളം അപൂർവയിനം സസ്യങ്ങളുണ്ട്.
ജയിലിൽ തന്നെയുള്ള ജൈവവളമാണു സസ്യങ്ങൾക്കു നൽകുന്നത്. പരിപാലിക്കുന്നത് ജയിൽ അന്തേവാസികളും.
50 സെന്റ് സ്ഥലം കൂടി ഉപയോഗപ്പെടുത്തി പച്ചത്തുരുത്ത് വിപുലീകരിക്കുന്നതിനുള്ള പ്രവർത്തനം നടക്കുന്നുണ്ട്.സൂപ്രണ്ട് കെ.വേണു, ഹരിത സ്പർശം കോഓർഡിനേറ്റർ എ.കെ.ഷിനോജ്, അസിസ്റ്റന്റ് കോഓർഡിനേറ്റർ പി.ബിജിത്ത് എന്നിവരാണു നേതൃത്വം നൽകുന്നത്.
അയ്യപ്പൻകാവ് പച്ചത്തുരുത്ത്
∙ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാമതെത്തിയത് മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻകാവ് പച്ചത്തുരുത്താണ്. 136 ഏക്കറിലാണ് ഈ പച്ചത്തുരുത്ത്.
പച്ചത്തുരുത്ത് പദ്ധതി 5 വർഷം പിന്നിടുമ്പോഴാണു പുരസ്കാരം. അപൂർവ ജൈവവൈവിധ്യങ്ങളുടെ കലവറയായ പച്ചത്തുരുത്തിൽ 145 സ്പീഷിസുകളിലെ 27,200 മരങ്ങൾ, 53 സ്പീഷിസിലെ 12,000 കുറ്റിച്ചെടികൾ, 53 സ്പീഷീസുകളിലെ 6,000 വള്ളിച്ചെടികളും സംരക്ഷിക്കപ്പെടുന്നുണ്ട്.
പഞ്ചായത്തിന് അതിരിടുന്ന പാലപ്പുഴയുടെ തീരത്താണു പച്ചത്തുരുത്ത്. പുഴയോരത്തെ സംരക്ഷിക്കുന്നതിനും പച്ചത്തുരുത്തിന്റെ തനിമ നഷ്ടമാകാതെ സൂക്ഷിക്കുന്നതിനുമായി മുളകൾ വച്ചുപ്പിടിപ്പിക്കുന്നതിനും പഞ്ചായത്ത് പദ്ധതി തയാറാക്കിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]