
പയ്യാവൂർ∙ കുട്ടികളിൽ മൊബൈൽ ഫോൺ ദുരുപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ പദ്ധതിയുമായി പയ്യാവൂർ പഞ്ചായത്ത്. ‘അമ്മയുടെ ഫോൺ എന്റേതും’ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ചാമക്കാൽ ഗവ.എൽപി സ്കൂളിൽ തുടക്കംകുറിച്ചു. 10 മാസത്തേക്കാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
മുഴുവൻ കുട്ടികളെയും അമ്മമാരെയും ഉൾപ്പെടുത്തി ബോധവൽക്കരണ ക്ലാസും ഫോൺ ഉപയോഗം രേഖപ്പെടുത്താൻ പ്രത്യേക റജിസ്റ്ററും നൽകും. ഫോൺ ഉപയോഗിക്കാനുള്ള സമയം തീരുമാനിച്ച് അമ്മയും കുട്ടിയും ക്ലാസ് അധ്യാപകന്റെ സാന്നിധ്യത്തിൽ ഉടമ്പടിയിൽ ഒപ്പുവയ്ക്കും.
ദിവസേനയുള്ള ഉപയോഗം രേഖപ്പെടുത്തുകയും നിശ്ചിത ഇടവേളകളിൽ പദ്ധതി സ്കൂൾ അധികൃതർ അവലോകനം ചെയ്യുകയും ചെയ്യും. ഉടമ്പടിപ്രകാരം ഫോൺ ഉപയോഗം നിയന്ത്രിക്കുന്ന കുട്ടികൾക്കും അമ്മമാർക്കും സമ്മാനങ്ങളും നൽകും. കോവിഡാനന്തരം കുട്ടികളിൽ ഫോൺ ഉപയോഗം അനിയന്ത്രിതമായത് വീടുകളിൽ പ്രയാസങ്ങൾ ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രസ്തുത പദ്ധതിയിലൂടെ അമ്മമാരുടെ മേൽനോട്ടത്തിൽ ഫോൺ ഉപയോഗം കുട്ടികൾക്ക് ഉപകാരപ്രദമായ രീതിയിൽ നിയന്ത്രണ വിധേയമാക്കും.
പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ പദ്ധതി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് പ്രീത സുരേഷ് അധ്യക്ഷത വഹിച്ചു. സ്ഥിരസമിതി അധ്യക്ഷ ഷീന ജോൺ, വാർഡ് അംഗം പ്രഭാവതി മോഹൻ എന്നിവർ പ്രസംഗിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ ഇ.പി.ജയപ്രകാശ്, പിടിഎ പ്രസിഡന്റ് കെ.ജി.ഷിബു, മദർ പിടിഎ പ്രസിഡന്റ് സൗമ്യ ദിനേശ് എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകും.
പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രസിഡന്റ് സാജു സേവ്യർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]