
തളിപ്പറമ്പ് ∙ വീടുകയറിയുള്ള ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് 13 വർഷമായി കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ അരിയിൽ വള്ളിയേരി മോഹനൻ (61) മരിച്ചു. 2012 ഫെബ്രുവരി 20ന് പട്ടുവം അരിയിൽ മുസ്ലീം ലീഗ് പ്രവർത്തകൻ ഷുക്കൂർ കൊല്ലപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം രാവിലെയാണ് മോഹനൻ ആക്രമിക്കപ്പെട്ടത്.
കേസിൽ പ്രതികളായ പത്തോളം ലീഗ് പ്രവർത്തകരുടെ വിചാരണ തലശ്ശേരി സെഷൻസ് കോടതിയിൽ തുടരുകയാണ്. കട്ടിലിൽ കിടക്കുകയായിരുന്ന മോഹനനെ ഒരുസംഘം എടുത്തുകൊണ്ടുപോയി അടിച്ചും വെട്ടിയും പരുക്കേൽപിച്ച് വീടിനു സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.
തടയാൻ ശ്രമിച്ച മകൻ മിഥുനും മർദനമേറ്റു.
സിപിഎം നേതാക്കളായ പി.ജയരാജൻ, ടി.വി.രാജേഷ് എന്നിവരുടെ വാഹനം ലീഗ് പ്രവർത്തകർ തടയുകയും കൂടെയുള്ളവരെ ആക്രമിക്കുകയും ചെയ്തെന്ന ആരോപണത്തിനു പിന്നാലെയാണ് ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിന്റെ പരസ്യവിചാരണയും വധവും. പിറ്റേന്നാണ് മോഹനൻ ആക്രമിക്കപ്പെട്ടത്.
തലയോട്ടി തകർന്ന് സംസാരശേഷി നഷ്ടപ്പെട്ട മോഹനൻ ഏറെനാൾ അബോധാവസ്ഥയിലായിരുന്നു.
മൃതദേഹത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സംസ്ഥാന സമിതി അംഗം പി.ജയരാജൻ, ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് എന്നിവരുടെ നേതൃത്വത്തിൽ പാർട്ടിപ്പതാക പുതപ്പിച്ചു.
അരിയിലിലും പറപ്പൂലിലും പൊതുദർശനത്തിനു വച്ചു. ഇന്നു രാവിലെ 9 വരെ കിഴക്കേക്കര സിപിഎം ബ്രാഞ്ച് ഓഫിസിൽ പൊതുദർശനം.
സംസ്കാരം രാവിലെ 10ന് മാതമംഗലം പേരൂലിൽ.സംസ്കാരം രക്തസാക്ഷിക്കുള്ള എല്ലാ ആദരവോടുംകൂടി നടത്തുമെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. ലീഗ് അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു മോഹനനെന്ന് പി.ജയരാജൻ പറഞ്ഞു.
മോഹനന്റെ മരണം 13 വർഷം മുൻപുണ്ടായ ആക്രമണംമൂലമാണെന്ന് ആരോപിച്ച് സിപിഎം രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരിയും ജനറൽ സെക്രട്ടറി കെ.ടി.സഹദുല്ലയും പറഞ്ഞു.
പരേതനായ കരിക്കൻ കുഞ്ഞിരാമൻ, വി.കല്യാണി ദമ്പതികളുടെ മകനാണ് മോഹനൻ. ഭാര്യ: മാതമംഗലം കിഴക്കേക്കര രാധ.
മക്കൾ: മിഥുൻ (കലക്ഷൻ ഏജന്റ്, എരമം – കുറ്റൂർ സഹകരണ ബാങ്ക്), നിധിൻ. സഹോദരങ്ങൾ: ഹരീന്ദ്രൻ, രാമദാസൻ, ഗീത.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]