
കൊട്ടിയൂർ യാത്ര ഊരാക്കുടുക്കായി: രാവിലെ 5 മണിക്കു തുടങ്ങിയ ഗതാഗതക്കുരുക്ക് രാത്രിയിലും തുടർന്നു
കേളകം ∙ കൊട്ടിയൂർ യാത്ര ഇന്നലെ ഗതാഗതക്കുരുക്കും കടന്ന് ഊരാക്കുടുക്കായി. റെഡ് അലർട്ട് നിലനിൽക്കുന്ന ജില്ലയിൽ, കനത്ത മഴയെ അവഗണിച്ച് ആയിരങ്ങൾ ദർശനത്തിനെത്തിയതോടെ രാവിലെ 5 മണിക്കു തുടങ്ങിയ ഗതാഗതക്കുരുക്ക് രാത്രിയിലും തുടർന്നു.
നൂറുകണക്കിനു വാഹനങ്ങളാണു ഹൈവേയിൽ രാത്രിയും കുടുങ്ങി കിടക്കുന്നത്. കൊട്ടിയൂർ ക്ഷേത്രത്തിനു സമീപത്തെ നടുക്കുനിയിലെ പാർക്കിങ്ങിലേക്കുള്ള ബണ്ട് തകർന്നതോടെ ആയിരത്തോളം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമില്ലാതായി. ബാവലിപ്പുഴയിലൂടെ മലവെള്ളം വന്നാണു ബണ്ട് തകർന്നത്.
സ്നാനഘട്ടങ്ങളോടു ചേർന്നുള്ള ബണ്ടുകളും തകർന്നു. ഗതാഗതക്കുരുക്കിൽപെട്ട
ഭക്തജനങ്ങൾ ഫുട്പാത്തില്ലാത്ത റോഡിന്റെ മധ്യഭാഗത്തു വാഹനങ്ങൾക്കിടയിലൂടെ നടന്നു കൊട്ടിയൂർ ക്ഷേത്രത്തിലേക്കു പോകുന്നു.
5 കിലോമീറ്റർ ചുറ്റളവിനു പുറത്തുപോലും വാഹനങ്ങൾ പാർക്ക് ചെയ്യാനാകാതെ വന്നതോടെ കുരുക്ക് ഗതാഗതസ്തംഭനമായി. 5 കിലോമീറ്റർ അകലെ മുതൽ നടന്നെത്തി ദർശനം നടത്തിയിട്ടും മടങ്ങി പോകാൻ മണിക്കൂറുകൾ കാത്തുനിൽക്കേണ്ട
അവസ്ഥയിലായിരുന്നു ഭക്തർ. ഇന്നലെ മണത്തണ മുതൽ ഗതാഗതക്കുരുക്കുണ്ടായി.
കൊട്ടിയൂർ ബോയ്സ് ടൗൺ ചുരവും ഗതാഗതക്കുരുക്കിൽപെട്ടതോടെ വാഹനങ്ങൾ വഴിതിരിച്ചു വിടാൻ പോലും സാധിക്കാത്ത സ്ഥിതിയായി. യാത്രക്കാർക്കു ഭക്ഷണംപോലും കിട്ടാത്ത സ്ഥിതിയുണ്ടായി. മരാമത്ത് വകുപ്പ് റോഡുകൾ ശരിയായി സംരക്ഷിക്കാത്തതാണു വാഹന ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണം.
കൊട്ടിയൂരിനു പുറത്തേക്കു വാഹനങ്ങൾ വഴി തിരിച്ചുവിടാനാകാതെ പൊലീസും ജനങ്ങളും വലഞ്ഞു. വലിയ ടൂറിസ്റ്റ് ബസുകൾ കൂട്ടത്തോടെ എത്തിയതിനാൽ ആകെ 5.6 മീറ്റർ വീതിയിൽമാത്രം ടാറിങ്ങുള്ള മലയോര ഹൈവേയിൽ മറ്റു വാഹനങ്ങൾക്കു വശം കൊടുക്കാൻ പോലും കഴിയാത്ത സ്ഥിതിയായി. കേളകം മുതൽ ജനങ്ങൾ വാഹനങ്ങളിൽ നിന്നിറങ്ങി നടന്നു കൊട്ടിയൂരിലേക്കു പോകാൻ തുടങ്ങിയതോടെ വാഹനങ്ങൾക്ക് അനങ്ങാൻപോലും കഴിയാതായി. പാർക്കിങ് ഏരിയകൾക്കു പുറത്തേക്കു വാഹനങ്ങൾക്കിറങ്ങാൻ കഴിയാത്ത സ്ഥിതിയുമുണ്ടായി.
വാഹനങ്ങൾ ചെളിക്കുളമായ പാർക്കിങ് ഏരിയയിൽ കുടുങ്ങിയതും തടസ്സങ്ങൾക്കു കാരണമായി. അവധിദിവസമായതിനാൽ, സംസ്ഥാനത്തിന് പുറത്തുനിന്നു പോലും ഭക്തർ കൊട്ടിയൂരിലേക്കെക്കി.
വൺവേ സംവിധാനം ഒരുക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. ദർശനം പോലും നടത്താനാകാതെ മടങ്ങിയവരും ഏറെയാണ്. ദർശനത്തിനുള്ള ക്യൂവിൽ 5 മണിക്കൂറിലധികം നിന്നവരും ദർശനം നടത്താതെ മടങ്ങേണ്ടി വന്നവരുമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]