
ഡ്രൈവ് ഇൻ ബീച്ചിലേക്ക് ഡ്രൈവിങ് കടുകട്ടി; ബീച്ചിലേക്കുള്ള 4 റോഡുകളും ഇടുങ്ങിയത്: യാത്രാദുരിതം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുഴപ്പിലങ്ങാട്∙ ഡ്രൈവ് ഇൻ ബീച്ചിനെ ലോക നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയുടെ ഒന്നാം ഘട്ട നവീകരണം അവസാനഘട്ടത്തിലെത്തി നിൽക്കുമ്പോഴും ബീച്ചിലേക്കുള്ള റോഡുകൾക്ക് പഞ്ചായത്ത് റോഡിന്റെ നിലവാരം പോലുമില്ല.മുഴപ്പിലങ്ങാട് കുളംബസാർ, എടക്കാട് ടൗൺ, മുഴപ്പിലങ്ങാട് മഠം, യൂത്ത് എന്നിവിടങ്ങളിലായി 4 റോഡുകളാണ് ഉള്ളത്. ഒരു വാഹനത്തിന് കഷ്ടിച്ച് പോകാൻ മാത്രം വീതിയുള്ളതാണ് ഈ 4 റോഡുകളും. ബസ് പോലുള്ള വലിയ വാഹനങ്ങൾ പ്രവേശിച്ചാൽ എതിരെനിന്ന് വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത അവസ്ഥയാണ്. 4 റോഡുകളിലും റെയിൽവേ ഗേറ്റ് ഉള്ളതിനാൽ ഗതാഗത ക്ലേശം രൂക്ഷമാണ്.
കുളം ബസാർ, എടക്കാട് ടൗൺ എന്നിവിടങ്ങളിൽ നിന്നുള്ള റോഡുകളാണ് ബീച്ചിലേക്ക് പോകാൻ സന്ദർശകർ കൂടുതലായും ഉപയോഗിക്കുന്നത്. റോഡിന്റെ വീതിക്കുറവും റെയിൽവേ ഗേറ്റും കാരണമുള്ള ഗതാഗതക്കുരുക്കിൽ മണിക്കൂറുകളോളം ഇട റോഡിൽ കുടുങ്ങിക്കിടക്കേണ്ട അവസ്ഥയാണ് സന്ദർശകർക്ക്. ബീച്ച് റോഡുകളിലെ ഈ കുരുക്ക് കാരണം പരിസരവാസികളും യാത്ര നടത്താനാവാതെ ദുരിതത്തിലാണ്.കുളംബസാറിലെ റെയിൽവേ ക്രോസിനു മുകളിലൂടെ മേൽപാലം പണിയുമെന്ന പ്രഖ്യാപനത്തിന് വർഷങ്ങളോളം പഴക്കമുണ്ടെങ്കിലും ഇതുവരെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും നടന്നിട്ടില്ല.
233.71 കോടി രൂപയുടെ വികസനം
233.71 കോടി രൂപയുടെ വികസന പദ്ധതികളാണ് മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് മുതൽ ധർമടം വരെ നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഒന്നാംഘട്ട നവീകരണം ഉദ്ഘാടനം ഡിസംബർ അവസാനത്തോടെ നടത്തുമെന്നാണ് അറിയുന്നത്. നാല് കിലോ മീറ്റർ നീളത്തിലുള്ള ബീച്ചിനോട് ചേർന്ന് ഒരു കിലോമീറ്ററിലധികം നീളത്തിലുള്ള നടപ്പാത, ഇതിൽ 18 മീറ്റർ നീളത്തിൽ പ്ലാറ്റ്ഫോം, സഞ്ചാരികൾക്ക് ഇരിപ്പിടം, കുട്ടികൾക്കുള്ള കളിയിടം, സുരക്ഷാ ജീവനക്കാർക്കുള്ള കാബിൻ, ശുചിമുറികൾ തുടങ്ങിയവയുടെ നിർമാണത്തിന്റെ അവസാനഘട്ട പ്രവൃത്തികളാണ് ബീച്ചിൽ ഇപ്പോൾ നടക്കുന്നത്.