ഇരിട്ടി ∙ നഗര മേഖലയിൽ വാഹനങ്ങൾക്ക് അപകടക്കെണി ഒരുക്കി ചതിക്കുഴി. പയഞ്ചേരിമുക്കിന് സമീപം തലശ്ശേരി – കുടക് സംസ്ഥാനാന്തര പാതയിലാണ് റോഡ് പൊളിഞ്ഞു കുഴി രൂപപ്പെട്ടിട്ടുള്ളത്.
വാഹനങ്ങൾ ഈ കുഴിയിൽ വീണു അപകടത്തിൽ പെടുന്നത് സ്ഥിരം സംഭവമാണ്. ഇരുചക്ര വാഹന യാത്രക്കാരാണ് കൂടുതലും അപകടത്തിൽ പെടുന്നത്.
ഇരിട്ടി താലൂക്ക് വികസന സമിതി യോഗത്തിൽ പോലും ഈ അപകടക്കുഴിയെ കുറിച്ചു ചർച്ച വരികയും അടിയന്തരമായി പരിഹരിക്കാൻ മരാമത്ത് പ്രതിനിധിയോട് നിർദേശിക്കുകയും ചെയ്തതാണ്.
ഒരാഴ്ച മുൻപ് ഈ മേഖലയിൽ അമിത വേഗത്തിൽ എത്തിയ വാഹനം ഇടിച്ചു ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ലോക ബാങ്ക് സഹായത്തോടെ കെഎസ്ടിപി പദ്ധതിയിൽ തലശ്ശേരി – വളവുപാറ റോഡ് 5.5 മീറ്റർ വീതിയിൽ നിന്നു 10 മീറ്റർ ടാറിങ് വീതിയിലേക്കു നവീകരിച്ചതിനൊപ്പം നഗര മേഖലകളിൽ ഉള്ള അത്രയും വീതിയിൽ ടാറിങ്ങും ഇന്റർലോക്ക് വിരിക്കലും നടത്തിയതാണ്.
ഇരിട്ടി നഗര മേഖലയിൽ 100 അടി വരെ വീതിയിൽ റോഡ് നവീകരിച്ചതാണ്.
ഈ റോഡിൽ മറ്റെല്ലായിടത്തും തകർച്ച ഇല്ലാത്തതിനാൽ വാഹനങ്ങൾ വേഗത്തിൽ എത്തി ഈ കുഴിയിൽ ചാടുകയാണ്. വളവ് കൂടി കഴിഞ്ഞെത്തുന്ന ഭാഗം ആയതിനാൽ അടുത്തെത്തിയാലേ കുഴി കാണൂ.
സംസ്ഥാനാന്തര പാതയിൽ മട്ടന്നൂർ – കൂട്ടുപുഴ റൂട്ടിൽ മാത്രം റോഡ് നവീകരിച്ച ശേഷം 30 പേർക്ക് വിവിധ അപകടങ്ങളിൽ ജീവൻ പൊലിഞ്ഞെന്നാണ് കണക്ക്.
സംസ്ഥാനാന്തര പാതയിൽ സേഫ്റ്റി കോറിഡോർ പദ്ധതി നടപ്പാക്കണമെന്നും റോഡ് സുരക്ഷ വിദഗ്ധർ പരിശോധന നടത്തി ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും നാട്ടുകാർ സ്ഥിരമായി ആവശ്യപ്പെടുന്ന സാഹചര്യത്തിൽ കൂടിയാണ് നഗരമേഖലയിലെ ചെറിയ കുഴി പോലും അടയ്ക്കാൻ മരാമത്ത് അനാസ്ഥ കാണിക്കുന്നത്.
ലോക ബാങ്ക് പദ്ധതി; ചെലവിട്ടത് 366 കോടി രൂപ
ലോകബാങ്ക് സഹായത്തോടെ സംസ്ഥാനത്തെ 1600 കിലോമീറ്റർ റോഡ് നവീകരിക്കാൻ ലക്ഷ്യമിട്ടു 2000ൽ സർക്കാർ രൂപീകരിച്ച പദ്ധതിയാണു കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രൊജക്ട് (കെഎസ്ടിപി). 53.970 കിലോമീറ്റർ ദൂരം വരുന്ന തലശ്ശേരി – കൂട്ടുപുഴ റോഡ് തലശ്ശേരി – വളവുപാറ എന്ന പേരിൽ തലശ്ശേരി – കളറോഡ്, കളറോഡ് – തലശ്ശേരി എന്നിങ്ങനെ 2 റീച്ചുകളാക്കി 365.68 കോടി രൂപ ചെലവിട്ടാണു നവീകരണം നടത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

