കണ്ണൂർ ∙ തദ്ദേശ തിരഞ്ഞെടുപ്പിലെ ജനവിധി ലോക്സഭാ തിരഞ്ഞെടുപ്പിലേതിനു സമാനമായതിന്റെ ആഘാതത്തിലാണു സിപിഎം. ശക്തമായ അടിത്തറയുണ്ടെന്ന് സിപിഎം അവകാശപ്പെടുന്ന കണ്ണൂർ ജില്ലയിൽ കാലിടറിയ അവസ്ഥയിലാണു പാർട്ടി.
ന്യൂനപക്ഷങ്ങളുടെയും മലയോര ജനതയുടെയും പിന്തുണ ലോക്സഭാ തിരഞ്ഞെടുപ്പിലേതുപോലെ തദ്ദേശ തിരഞ്ഞെടുപ്പിലും പാർട്ടിക്കു നഷ്ടമായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഈ അവസ്ഥയിൽ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടാൽ നിലവിലെ മണ്ഡലങ്ങളിൽ പലതും നഷ്ടമാകും. തദ്ദേശതിരഞ്ഞെടുപ്പിൽ കണ്ണൂരിൽ വലിയ മുന്നേറ്റമാണു സിപിഎം കണക്കൂകൂട്ടിയത്.
ഫലം നേരെ തിരിച്ചായി. 8 പഞ്ചായത്തുകളിൽ ഭരണം നഷ്ടമായി.
ഇവയിലേറെയും മലയോര മേഖലയിലാണ്.
കേരള കോൺഗ്രസ് (എം) എൽഡിഎഫിൽ എത്തിയപ്പോൾ കിട്ടിയിരുന്ന കണിച്ചാർ, ഉദയഗിരി, ആറളം, കേളകം, പയ്യാവൂർ, ചെറുപുഴ തുടങ്ങിയ മലയോര പഞ്ചായത്തുകൾ ഇത്തവണ യുഡിഎഫിനെ തുണച്ചു. വന്യമൃഗശല്യം പോലുള്ള പ്രശ്നങ്ങളിലെ പ്രതിഷേധം വോട്ടെടുപ്പിൽ പ്രതിഫലിച്ചു.
കേരള കോൺഗ്രസ് (എം) എൽഡിഎഫിൽ തന്നെയാണെങ്കിലും അവരുടെ അണികളുടെ മനസ്സ് ആ മുന്നണിക്കൊപ്പമില്ലെന്നു വ്യക്തം.
മലയോര മേഖലയിൽ സ്വാധീനം വർധിപ്പിക്കാൻ സിപിഎം ശ്രമം നടത്തുന്നതിനിടെയാണിത്. ഉറച്ച പാർട്ടി വോട്ടുകൾക്കു പുറത്തുള്ള അനുഭാവവോട്ടുകൾ സമാഹരിക്കാൻ തദ്ദേശ തിരഞ്ഞെടുപ്പിലും സിപിഎമ്മിനു കഴിഞ്ഞില്ല.
കണ്ണൂർ നഗരത്തിന്റെ സമഗ്ര വികസനമെന്ന സങ്കൽപത്തിന് സിപിഎം ദൃശ്യഭാഷ്യമൊരുക്കി വോട്ടർമാർക്കിടയിൽ പ്രചരിപ്പിച്ചിട്ടും നിലവിലെ യുഡിഎഫ് ഭരണസമിതിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചിട്ടും അതൊന്നും വോട്ടായില്ലെന്നു മാത്രമല്ല, 4 സീറ്റ് നഷ്ടപ്പെടുകയും ചെയ്തു. ഒന്നിൽനിന്നു നാലിലേക്കു സീറ്റുയർത്തിയ ബിജെപിയുടെ പ്രകടനവും കോർപറേഷനിൽ സിപിഎമ്മിനു തിരിച്ചടിയായി.
ജില്ലയിലാകെ 123 തദ്ദേശ വാർഡുകൾ യുഡിഎഫിന് അധികം നേടാനായി.
അതേസമയം, പുനർനിർണയത്തിലൂടെ ആകെ വാർഡുകൾ വർധിച്ചിട്ടും നഗരസഭകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ആകെ നേടിയവയിൽ ഒരു സീറ്റിന്റെ വർധനപോലും ഇല്ലാത്തതും സിപിഎമ്മിനു കനത്ത ക്ഷീണമായി. പഞ്ചായത്തിൽ 36 വാർഡുകൾ നഷ്ടമാകുകയും ചെയ്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

