ആലക്കോട്∙ 2024 സെപ്റ്റംബറിൽ കുവൈത്ത് സമുദ്രാതിർത്തിയിൽ വ്യാപാര കപ്പലിലുണ്ടായ അപകടത്തിൽ കാണാതായ വെള്ളാട് കാവുംകുടിയിലെ കോട്ടയിൽ അമൽ സുരേഷിനെക്കുറിച്ചുള്ള (26) വിവരങ്ങൾ കണ്ടെത്താൻ കേന്ദ്രസർക്കാരിന് ഹൈക്കോടതി നിർദേശം നൽകിയത് കുടുംബത്തിന് ആശ്വാസമായി.
തനിക്കു ലഭിച്ച സൂചനകൾ അധികൃതർക്ക് നൽകുമെന്ന് പിതാവ് സുരേഷ് പറഞ്ഞു. അമൽ ജീവിച്ചിരിപ്പുണ്ടെന്നു തന്നെയാണ് പിതാവ് സുരേഷിന്റെയും മാതാവ് ഉഷയുടെയും സഹോദരി അൽഷയുടെയും വിശ്വാസം.
അതിനു കാരണമായി അവർ പറയുന്നത് ഇങ്ങനെ: കപ്പലിന്റെ ഇറാൻ സ്വദേശിയായ ക്യാപ്റ്റൻ ഹമീദ് ഖന്നത്തിനെയും അമലിനൊപ്പം കാണാതായി.
മറൈൻ രംഗത്ത് അനുഭവ സമ്പന്നനായ ക്യാപ്റ്റനെ കണ്ടെത്താനാകാത്തതാണ് അവർ രണ്ടുപേരും ജീവിച്ചിരിപ്പുണ്ടെന്ന വിശ്വാസം വർധിക്കാൻ കാരണം.
ഇവർ രണ്ടുപേരും ഇറാനിൽ തന്നെ ഏജൻസിയുടെ കസ്റ്റഡിയിൽ ഉണ്ടെന്നാണ് കരുതുന്നത്. മകൻ ഇറാനിൽ ജീവിച്ചിരിപ്പുണ്ടെന്ന സൂചനയാണ് ഹമീദ് ഖന്നത്തിന്റെ പിതാവിൽ നിന്നു ലഭിച്ചത്.
മകനെ കാണാതായതിലുള്ള യാതൊരു വിഷമവും അദ്ദേഹം പ്രകടിപ്പിച്ചില്ല.
ഇവരെ രഹസ്യമായി പാർപ്പിക്കുന്നത് ഇൻഷുറൻസ് തുക വാങ്ങിയെടുക്കാനാണെന്ന് സംശയിക്കുന്നു. ഇവർ രണ്ടുപേരും എങ്ങനെയോ സൗദിയിൽ എത്തിയതായും അവിടെ ജയിലിലായെന്നുമാണ് ആദ്യം കരുതിയത്.
14 മാസം കഴിഞ്ഞിട്ടും വിവരമൊന്നും ഇല്ലാത്തതിനാൽ അത് ശരിയായല്ലെന്ന് തോന്നുന്നതായും സുരേഷ് പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബർ ഒന്നിനാണ് കുവൈത്ത് സമുദ്രാതിർത്തിയിൽ കപ്പൽ അപകടത്തിൽപെട്ട് രണ്ട് മലയാളികൾ ഉൾപ്പെടെ ആറുപേരെ കാണാതായത്.
നാലു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മറൈൻ കോഴ്സ് കഴിഞ്ഞ അമലിന് 2024 ജനുവരിയിലാണ് മുംബൈ ഏജൻസി വഴി ജോലി ലഭിച്ചത്.
ടാപ്പിങ് തൊഴിലാളിയായ സുരേഷ് ഏറെ കഷ്ടപ്പെട്ടാണ് മകനെ മറൈൻ കോഴ്സ് പഠിപ്പിച്ചത്. കപ്പൽ കമ്പനി ഒരു രൂപ പോലും വേതനം നൽകിയില്ലെന്ന് സുരേഷ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

