കണ്ണൂർ ∙ ഒരുഭാഗത്തു തദ്ദേശതിരഞ്ഞെടുപ്പു നടപടികൾ, ഒരു ഭാഗത്ത് സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിനുള്ള (എസ്ഐആർ) വിവരണശേഖരണം. രണ്ടും ഒരേസമയം നടപ്പാക്കേണ്ട
ജോലിഭാരത്തിലാണ് കലക്ടറേറ്റിലെ തിരഞ്ഞെടുപ്പു ചുമതലയുള്ള ഉദ്യോഗസ്ഥർ. രണ്ടിന്റെയും മുഖ്യചുമതലയുള്ള ജില്ലാ കലക്ടർ മുതൽ ഓഫിസിലെ എൽഡി ക്ലാർക്ക് വരെ തീപിടിച്ചപോലെ ഓടുകയാണ്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണറുടെ പ്രതിനിധിയായ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറും (സിഇഒ) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറും വിളിച്ചുചേർക്കുന്ന ഓൺലൈൻ മീറ്റിങ് മുതൽ ബൂത്ത് ലവൽ ഓഫിസർമാരുടെ (ബിഎൽഒ) സംശയങ്ങൾക്ക് ഉത്തരം നൽകുന്നതുവരെയുള്ള ചുമതലകൾ ഓരോ ദിവസവുമുണ്ട്. മിക്കവരും ജോലി കഴിഞ്ഞു മടങ്ങുന്നതു രാത്രിയിലാണ്.
തിരഞ്ഞെടുപ്പും എസ്ഐആറും ഒരേസമയം വന്നതാണ് ഉദ്യോഗസ്ഥരെ പ്രയാസത്തിലാക്കിയത്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനമായതിനാൽ എസ്ഐആർ വിവരശേഖരണം കൃത്യസമയത്തു പൂർത്തിയാക്കണം. എന്യൂമറേഷൻ ഫോം വിതരണത്തിന് ജില്ലയിൽ 2000 ബിഎൽഒമാരാണുള്ളത്.
ജില്ലയിൽ വിതരണം 50 ശതമാനം പൂർത്തിയായിട്ടുണ്ട്. ഈ ആഴ്ചയോടെ മുഴുവൻ ഫോമും കൊടുത്തുതീർക്കാൻ നിർദേശിച്ചിട്ടുണ്ട്. അതിനുശേഷം പൂരിപ്പിച്ച ഫോം തിരികെ വാങ്ങലും പരിശോധനയും പട്ടികയിൽ ചേർക്കലും.
ഇതെല്ലാം പൂർത്തിയായാലാണു കരടുപട്ടിക പ്രസിദ്ധീകരിക്കുക.
തദ്ദേശ തിരഞ്ഞെടുപ്പിനായി നിയമിച്ച വരണാധികാരികളും ഉപവരണാധികാരികളുമായ ഉദ്യോഗസ്ഥരുടെ ഓഫിസുകളിലെ ജീവനക്കാരിൽ പലരും ബിഎൽഒ ആയി ജോലി ചെയ്യുന്നുണ്ട്. ഇവരെ ബിഎൽഒ ചുമതലയിൽനിന്നു മാറ്റുമെന്ന് പറഞ്ഞിരുന്നെങ്കിലും ഉണ്ടായിട്ടില്ല.
എന്യൂമറേഷൻ ഫോം ആദ്യഘട്ടത്തിൽ ഇവരാണു നൽകിയിരുന്നത്. ഇവരെ മാറ്റുന്നത് കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നതിനാലാണ് നടപടിയുണ്ടാകാത്തത്.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറും സിഇഒയും വിളിച്ചുചേർത്ത കലക്ടർമാരുടെ ഓൺലൈൻ യോഗത്തിൽ തിരഞ്ഞെടുപ്പിന് തടസ്സമുണ്ടാകാതെയാകണം എസ്ഐആർ വിവരശേഖരണം എന്നു പറഞ്ഞിരുന്നു.
അതുകൊണ്ട് രണ്ടിലും പരാതിയുണ്ടാകാതെ പൂർത്തിയാക്കാനുള്ള കഠിനശ്രമത്തിലാണ് ഉദ്യോഗസ്ഥർ.
തദ്ദേശ തിരഞ്ഞെടുപ്പും എസ്ഐആറും തടസ്സമില്ലാതെ നടത്താൻ കൂടുതൽ റവന്യു ജീവനക്കാരെ നിയോഗിച്ചിരിക്കുകയാണ് ഇപ്പോൾ. തളിപ്പറമ്പിലെ തഹസിൽദാർക്ക് കണ്ണൂരിൽ അധികച്ചുമതല നൽകിയിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നാളെ പുറത്തിറങ്ങും. നാമനിർദേശപത്രികാ സമർപ്പണം നാളെ തുടങ്ങും.
അതോടെ തിരഞ്ഞെടുപ്പ് പ്രക്രിയയും ചൂടുപിടിക്കും. ഡിസംബർ 13ന് വോട്ടെണ്ണൽ തീരുന്നതുവരെ തിരക്കോടു തിരക്കായിരിക്കും.
അതിനിടയിൽ എസ്ഐആർ വിവരശേഖരണവും പൂർത്തിയാക്കണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

