പെരളശ്ശേരി ∙ പെരളശ്ശേരിയിൽ ബിജെപി ഓഫിസിനു വേണ്ടി വാടകയ്ക്ക് കെട്ടിടം നൽകിയ സ്ത്രീയുടെ വീടിനു മുന്നിൽ സ്ഫോടനം നടന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. തിങ്കളാഴ്ച രാത്രിയാണ് പെരളശ്ശേരി ടൗണിൽ പള്ള്യത്തിനു സമീപം ആനന്ദനിലയത്തിൽ എം.ശ്യാമളയുടെ വീടിനു മുന്നിൽ സ്ഫോടനം നടന്നത്.
സ്ഫോടനത്തിൽ വീടിന്റെ മുൻവശത്തെ റോഡിന്റെ കൈവരിക്കു കേടുപാട് സംഭവിച്ചിരുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട് എക്സ്പ്ലോസീവ് ആക്ട് അനുസരിച്ച് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുന്നതായി ചക്കരക്കൽ എസ്എച്ച്ഒ എം.പി.ഷാജി പറഞ്ഞു.
ശ്യാമളയുടെ പരാതിയിലാണ് കേസെടുത്തത്.
സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻ രാജ്, എസിപി പ്രദീപൻ കണ്ണിപ്പൊയിൽ, ചക്കരക്കൽ എസ്എച്ച്ഒ എം.പി.ഷാജി, എസ്ഐ വി.വി.പ്രേമരാജൻ, എഎസ്ഐ പുരുഷോത്തമൻ എന്നിവർ സ്ഥലം സന്ദർശിച്ചു. ഫൊറൻസിക് ഓഫിസർ കെ.ഷിനിജ, ബോംബ് സ്ക്വാഡ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്ത് പരിശോധന നടത്തി.
വീടിനുനേരെ സിപിഎം സംഘം ബോംബെറിഞ്ഞത് ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി ആരോപിച്ചു. പെരളശ്ശേരിയിൽ ബിജെപി ഓഫിസ് പ്രവർത്തിക്കുന്നതിന് കെട്ടിടം നൽകിയതിന്റെ പേരിൽ ഉടമസ്ഥയ്ക്ക് സിപിഎം നേതൃത്വത്തിന്റെ നിരന്തരമായ ഭീഷണിയുണ്ടായിരുന്നു.
ഭീഷണി വിലപ്പോവില്ലെന്ന് കണ്ടപ്പോഴാണ് വീട്ടിനു നേരെ ബോംബ് എറിഞ്ഞതെന്നും ബിജു പറഞ്ഞു.
അതേസമയം, പെരളശ്ശേരിയിൽ നടന്നത് ബോംബേറ് അല്ലെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നും സിപിഎം പെരളശ്ശേരി ലോക്കൽ കമ്മിറ്റി അറിയിച്ചു. പള്ള്യത്ത് റോഡരികിലെ നടപ്പാതയിൽ പടക്കം പൊട്ടിച്ച സംഭവത്തെ സിപിഎം പ്രവർത്തകർ ബോംബെറിഞ്ഞുവെന്ന നിലയിൽ ബിജെപി വ്യാജ പ്രചാരണം നടത്തുകയാണ്.
പൊലീസ് കൃത്യമായ അന്വേഷണം നടത്തി വസ്തുത പുറത്തു കൊണ്ടുവരണമെന്നും ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.സുനീഷ് ആവശ്യപ്പെട്ടു.
ബിജെപി ഓഫിസ് ഉദ്ഘാടനം ഇന്ന്
പെരളശ്ശേരി ∙ ബിജെപി പെരളശ്ശേരി ടൗൺ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ഇന്ന് 5ന് ബിജെപി ദേശീയസമിതി അംഗം പി.കെ.കൃഷ്ണദാസ് നിർവഹിക്കും. ബിജെപി സംസ്ഥാന വക്താവ് വി.പി.ശ്രീപദ്മനാഭൻ പ്രസംഗിക്കും.
ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രകടനവും യോഗവും ഉണ്ടാകും. കഴിഞ്ഞ ദിവസത്തെ അനിഷ്ട
സംഭവത്തെ തുടർന്ന് പെരളശ്ശേരിയിലും പരിസരത്തും കനത്ത പൊലീസ് നിരീക്ഷണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പ്രദേശത്ത് പൊലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]