
കണ്ണൂർ∙ അതിദരിദ്രരില്ലാത്ത ജില്ലയായി കണ്ണൂരിനെ മന്ത്രി എം.ബി.രാജേഷ് ജില്ലാ പഞ്ചായത്ത് ഹാളിൽ പ്രഖ്യാപിക്കുമ്പോൾ പാനൂർ നഗരസഭയിലെ രണ്ടാം വാർഡിലെ കൂറ്റേരി പെരിയറമ്പത്ത് ശോഭ (60) ആശുപത്രിയിലേക്കു പോകാൻ ഓട്ടോറിക്ഷ കാത്തിരിക്കുകയായിരുന്നു. പോളിയോ ബാധിച്ച് അരയ്ക്കുതാഴെ തളർന്നുപോയ ശോഭയുടെ ജീവിതം ചെറിയ വീട്ടിൽ ഒറ്റയ്ക്ക്.
ഭിന്നശേഷി പെൻഷൻ കൊണ്ടുമാത്രം ജീവിക്കുന്ന ശോഭ പക്ഷേ, ദാരിദ്ര്യരേഖയ്ക്കു മുകളിലാണ് സർക്കാർ കണക്കിൽ. അതിനു തെളിവാണ് പിങ്ക് റേഷൻ കാർഡ്.
സ്വന്തം വീടില്ലാതെ, സഹായത്തിന് ആരുമില്ലാതെ കഷ്ടപ്പെടുന്ന ശോഭയെ പോലുള്ളവർ ഇനിയുമുണ്ട് അതിദരിദ്രരില്ലാത്ത ജില്ലയിൽ. സ്വന്തമായൊരു വീടിനുമാത്രമാണു ശോഭ അധികാരികൾക്കു മുന്നിൽ കൈനീട്ടുന്നത്.
പരേതരായ പുല്ലറമ്പിന്റവിട ചന്തു–ദേവു ദമ്പതികളുടെ മകളായ ശോഭ നാലാം വയസ്സിലാണു പോളിയോ ബാധിച്ച് അരയ്ക്കു താഴെ തളർന്നുപോയത്.
പിന്നീട് നിരങ്ങിനീങ്ങിയായി ജീവിതം. തളർന്നുപോയ ശരീരം ശോഭയെ ജീവിതത്തിലും തളർത്തി. വിദ്യാലയത്തിലൊന്നും പോകാൻ സാധിച്ചില്ല.
അമ്മയ്ക്കായി സഹോദരൻ നിർമിച്ച വീട്ടിലായിരുന്നു താമസം.
അമ്മ മരിച്ചതോടെ ഒറ്റയ്ക്കായി. രണ്ടു കൊല്ലം മുൻപാണ് റേഷൻ കാർഡ് ലഭിച്ചത്. അതും പിങ്ക് കാർഡ്.
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്കുള്ള ആനുകൂല്യമൊന്നും അതിനാൽ തന്നെ ഇല്ലാതായി. പാനൂരിലുള്ള ഒരു വീട്ടിൽ അടുക്കള ജോലി ചെയ്താണ് അടുത്തകാലം വരെ കഴിഞ്ഞിരുന്നത്.
ഇപ്പോൾ അതുമില്ലാതായി. വീട്ടിലേക്കു സാധനം വാങ്ങാനോ ആശുപത്രിയിൽപോകാനോ റോഡുവരെ നിരങ്ങിയെത്തണം. അയൽവാസികളാണ് റേഷനെല്ലാം എത്തിച്ചുകൊടുക്കുന്നത്.
വീട്ടിൽ ശോഭയ്ക്ക് എത്താവുന്ന ഉയരത്തിലാണ് അടുപ്പെല്ലാം ഒരുക്കിയിരിക്കുന്നത്.
സഹായത്തിന് ആരുമില്ലാത്തതിന്റെ പ്രയാസം ശരിക്ക് അനുഭവിക്കുന്നുണ്ടെങ്കിലും ആരോടും പരാതി പറയാറില്ല. പെൻഷൻ കൃത്യമായി ലഭിക്കുന്നതിനാൽ പട്ടിണിയില്ലാതെ ജീവിക്കുന്നെന്ന് ശോഭ പറഞ്ഞു. രണ്ടാം വാർഡിൽ ശോഭ മാത്രമാണു വീടും സ്ഥലവും ഇല്ലാതെ കഴിയുന്നതെന്ന് വാർഡ് കൗൺസിലർ കെ.പി.സാവിത്രി പറഞ്ഞു.
ശോഭയ്ക്ക് വീടും സ്ഥലവും ഇല്ലാത്തത് നഗരസഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതാണ്.
സ്വന്തമായി സ്ഥലം ഇല്ലാത്തതു കാരണം ലൈഫ് ഭവന പദ്ധതിയിൽ ആനുകൂല്യം ലഭിക്കില്ല. വീടും സ്ഥലവും ഇല്ലാത്തവർക്ക് വീടു നിർമിച്ചു നൽകുന്ന പദ്ധതിയിൽ പരിഗണിക്കണമെന്ന് അപേക്ഷ സമർപ്പിച്ചെങ്കിലും ഒരു നടപടിയും ആയില്ലെന്നാണ് കൗൺസിലർ പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]