
കണ്ണൂർ∙ നാട്ടിൽ ക്ഷേമം ഉണ്ടാക്കാനായി തദ്ദേശ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടങ്ങളും പരസ്പരം മത്സരിക്കുന്നതാണ് യഥാർഥ കേരള സ്റ്റോറി എന്ന് മന്ത്രി എം.ബി.രാജേഷ്. കണ്ണൂർ ജില്ലയെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 5 വർഷംകൊണ്ട് സംസ്ഥാനത്തെ 52,635 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ സർക്കാരിനായി. 2021ൽ ചുമതലയേറ്റ സംസ്ഥാന സർക്കാർ ആദ്യമെടുത്ത തീരുമാനം സംസ്ഥാനത്തെ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തമാക്കുക എന്നതായിരുന്നു.
ഇതിനായി സർവേ നടത്തി 64,006 കുടുംബങ്ങളെ കണ്ടെത്തി.
ഓരോ കുടുംബങ്ങൾക്കും ദാരിദ്ര്യമുക്തിക്കായി പ്രത്യേക മൈക്രോ പ്ലാനുകൾ തയാറാക്കി. അഞ്ച് വർഷം കൊണ്ട് 94.47 ശതമാനം പേരെയും അതിദാരിദ്ര്യത്തിൽനിന്ന് കരകയറ്റാനായി.
രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനം അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്. ലോകത്ത് ചൈന കഴിഞ്ഞാൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ പ്രദേശമാണ് കേരളമെന്നും സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന കേരളത്തിന്റെ നേട്ടം 21ന് പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇതിനായി 21,87,000 പേരെ ഡിജിറ്റൽ സാക്ഷരരാക്കി. ആദ്യ നഗര നയം പ്രഖ്യാപിച്ച സംസ്ഥാനം, തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തിയ സംസ്ഥാനം ഇങ്ങനെ രാജ്യത്തിന് കേരളം നൽകുന്ന മാതൃകകൾ നിരവധിയാണെന്നും മന്ത്രി പറഞ്ഞു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി.
കലക്ടർ അരുൺ കെ.വിജയൻ, എംഎൽഎമാരായ കെ.കെ.ശൈലജ, കെ.വി. സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്ന കുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]