
തലശ്ശേരി∙ നഗരത്തിലെ പ്രധാന ടൂറിസം സ്പോട്ടായ കടൽപ്പാലം പരിസരത്തെ കെട്ടിടങ്ങൾക്കിടയിൽ മാലിന്യം കുമിഞ്ഞുകൂടുന്നു. കസ്റ്റംസ് റോഡ്, പിയർ റോഡ്, വാധ്യാർ പീടിക പരിസരങ്ങളിലും കടലോരത്തും മാലിന്യം നിറഞ്ഞു.
ഇവിടെയുള്ള കെട്ടിടങ്ങൾക്കിടയിലും ഇടവഴികളിലും പ്ലാസ്റ്റിക്കും ശുചിമുറി മാലിന്യവും തള്ളുന്നു.
കസ്റ്റംസ് റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് പ്രവേശിക്കേണ്ട ഇടവഴിയിൽ നിറയെ പ്ലാസ്റ്റിക് വസ്തുക്കൾ തള്ളിയ നിലയിലാണ്.
ഒട്ടേറെ ആളുകൾ നടന്നു പോവുന്ന വഴിയാണിത്. നിത്യവും ചുമട്ടുതൊഴിലാളിയായ കരീം പരിസരം വൃത്തിയാക്കാറുണ്ട്.
എന്നാൽ അതൊന്നും വകവയ്ക്കാതെ വാഹനങ്ങളിലും മറ്റും എത്തി ഇവിടെ മാലിന്യം തള്ളുന്നതായി പരിസരവാസികൾ പറഞ്ഞു.
കസ്റ്റംസ് റോഡിൽ കടലോരത്തെ വീട്ടിൽ ഇതര സംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ പരിസരത്ത് സ്ഥിതി ദയനീയമാണ്. നിരവധി തൊഴിലാളികൾ ഇവിടെ പാർക്കുന്നുണ്ട്.
മാലിന്യ കൂമ്പാരമാണിവിടെ. ഇതുവഴി നടന്നുപോവാൻ തന്നെ പ്രയാസമാണ്.
അതിനും പുറമെ ഇവിടെ ശുചിമുറി മാലിന്യം പൈപ്പിലൂടെ പുറം തള്ളുന്നതായും പരാതിയുണ്ട്. പ്രദേശം ദുർഗന്ധപൂരിതമാണ്.
ശുചിമുറി മാലിന്യം കടലിലേക്ക് ഒഴുക്കുന്നതായും പരിസരത്തുള്ളവർ പറഞ്ഞു.
ഈ പ്രദേശമൊക്കെ തലശ്ശേരിയിലെ പ്രധാന ടൂറിസം കേന്ദ്രം ഉൾക്കൊള്ളുന്നതാണ്. തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയിൽ കടൽതീരത്ത് സഞ്ചാരികൾക്ക് എത്താനും കടൽ സൗന്ദര്യം ആസ്വദിക്കാനുമുള്ള സൗകര്യം ഏർപ്പെടുത്തിയതോടെ മറ്റു സ്ഥലങ്ങളിൽ നിന്നുൾപ്പെടെ നൂറുകണക്കിന് ആളുകളാണ് നിത്യവും ഇവിടെ എത്തുന്നത്.
പ്രദേശത്ത് കൃത്യമായി ശുചീകരണ പ്രവൃത്തി നടത്താനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാർഡിൽ 10 ദിവസത്തിൽ ഒരിക്കലാണ് കണ്ടിജന്റ് ജീവനക്കാരുടെ സേവനം ലഭിക്കുന്നത്. ഇതു മാലിന്യനീക്കത്തെ ബാധിക്കുന്നുണ്ട്.
മഴ ശക്തമായതോടെ കടലിലെ മാലിന്യം തിരകൾ അടിച്ചു കരയ്ക്കെത്തിക്കുന്നതു മൂലമുള്ള പ്രശ്നവുമുണ്ട്. മഴ കുറഞ്ഞാൽ അവ നീക്കം ചെയ്യുന്നതിനുള്ള പ്രവൃത്തി ആരംഭിക്കും.
കെട്ടിടങ്ങൾക്കിടയിലും ഇടവഴികളിലും മാലിന്യം തള്ളുന്നത് തടയാൻ നടപടി സ്വീകരിക്കും.
ഫൈസൽ പുനത്തിൽ നഗരസഭ അംഗം, തലശ്ശേരി
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]