ഇരിട്ടി ∙ തകർച്ചയുടെ പടുകുഴിയിലായ മാക്കൂട്ടം പെരുമ്പാടി ചുരം പാതയിൽ പെരുമ്പാടിയിൽ നിന്നു കേരള ഭാഗത്തേക്കുള്ള 5.9 കിലോമീറ്റർ നവീകരണം അന്തിമഘട്ടത്തിൽ. നേരത്തേ നിർമാണം തുടങ്ങിയ 2.4 കിലോമീറ്റർ ദൂര (5 കോടി രൂപ)വും കഴിഞ്ഞ മാസം ടെൻഡർ ഉറപ്പിച്ച തുടർച്ചയായ 1.1 കിലോമീറ്റർ ദൂരം (വിരാജ്പേട്ട
എൻബിഎൻ കൺസ്ട്രക്ഷൻസ് – 3 കോടി രൂപ), അടുത്ത 2.4 കിലോമീറ്റർ ദൂരം (ദിനേശ് – 3.75 കോടി രൂപ) എന്നീ പ്രവൃത്തികളാണ് ഒരേ സമയം പുരോഗമിക്കുന്നത്. ഇതോടെ ചുരം പാതയിൽ പെരുമ്പാടി മുതൽ ഹനുമാൻ ക്ഷേത്രം വരെയുള്ള ഭാഗം നവീകരണം പൂർത്തിയാകും.
കൂട്ടുപുഴ – മാക്കൂട്ടം 1.3 കിലോമീറ്റർ ദൂരം 2.8 കോടി രൂപയുടെ പ്രവൃത്തി നേരത്തേ പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തിയിരുന്നു. 7 മീറ്റർ വീതിയിൽ മെക്കാഡം ടാറിങ്ങും കോൺക്രീറ്റും ഓവുചാലും ഉൾപ്പെടെ നടത്തിയാണ് ചുരം റോഡിൽ നവീകരണം നടത്തുന്നത്.
മേമനക്കൊല്ലി മുതൽ മുമ്മടക്ക് വളവ് വരെ 4 കിലോമീറ്റർ ദൂരം 6 കോടി രൂപ ചെലവിൽ എൻഎച്ച് ഫണ്ട് ഉപയോഗപ്പെടുത്തി മഴയ്ക്കു മുൻപ് നവീകരിച്ചതാണ്.
ഇതുവരെ നവീകരണം നടത്തിയതും ഇപ്പോൾ പൂർത്തിയാകുന്ന ദൂരവും ചേർത്താലും ചുരം റോഡിൽ 5.8 കിലോമീറ്റർ ദൂരം ഒരു നവീകരണവും ഇല്ലാതെ അവശേഷിക്കുന്നുണ്ട്. ഈ ഭാഗവും പെരുമ്പാടി – ബിട്ടംകാല റൂട്ടിൽ പ്രവൃത്തി നടത്താത്ത ഭാഗവും ചേർത്തു 14 കിലോമീറ്റർ ദൂരം നവീകരിക്കാൻ 40 കോടി രൂപയ്ക്ക് മരാമത്ത് വകുപ്പ് നൽകിയ ശുപാർശ കർണാടക സർക്കാരിന്റെ പരിഗണനയിലാണ്.
ഈ ശുപാർശ അംഗീകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു വിരാജ്പേട്ട മുനിസിപ്പൽ കൗൺസിലർ സി.കെ.പ്രത്വിനാഥ് പറഞ്ഞു.
ഇരുസംസ്ഥാനങ്ങളെയും കോർത്തിണക്കുന്ന ഈ പാത തകർന്നു വാഹനയാത്ര സാധിക്കാത്ത വിധം തകർച്ചയിലായിരുന്നു.
‘കൂടകിലേക്കുള്ള പാതാളം’ എന്ന പേരിൽ മലയാള മനോരമ നേരത്തേ വാർത്താ പരമ്പര ചെയ്തതോടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഇടപെടലുകൾ ഉണ്ടായി. വാർത്തകളുടെ കോപ്പികൾ ഉൾപ്പെടുത്തി, റോഡ് തകർച്ച പരിഹരിക്കണമെന്നാവശ്യപ്പെട്ട് എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ് എന്നിവർ കർണാടക സർക്കാരിൽ നിവേദനങ്ങൾ നൽകി.
സണ്ണി ജോസഫ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും സജീവ് ജോസഫ് കർണാടക മരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയെയും നേരിൽ കണ്ടും സംസ്ഥാനാന്തര റോഡ് തകർച്ചയുടെ രൂക്ഷത നേരിട്ടും ബോധ്യപ്പെടുത്തിയിരുന്നു. മനോരമ പരമ്പരയോടു പ്രതികരിച്ച വിരാജ്പേട്ട
എംഎൽഎ എ.എസ്.പൊന്നണ്ണ നവീകരണം ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും അറിയിച്ചിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

