കണ്ണൂർ ∙ വേനൽ കടുക്കാൻ ആരംഭിച്ചതോടെ ജില്ലയിൽ അഗ്നിരക്ഷാസേനയുടെ ഉള്ളിൽ തീ പുകയാൻ തുടങ്ങി. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ കടുത്ത വേനൽക്കാലം കടന്നു കിട്ടുംവരെ ഈ തീ സേനയുടെ ഉള്ളിൽ അണയാതെ നിൽക്കും.
ആവശ്യത്തിന് ഉപകരണങ്ങളും മതിയായ ജീവനക്കാരെയും നൽകാതെ സർക്കാർ തീക്കളി കളിക്കുമ്പോൾ പേരറിയാവുന്ന ദൈവങ്ങളെ വിളിച്ചു പ്രാർഥിക്കുകയല്ലാതെ മറ്റൊന്നും ഇവർക്കു ചെയ്യാനില്ല. തീയണയ്ക്കാൻ വണ്ടിയുണ്ടല്ലോ എന്നു പറഞ്ഞ് അധികൃതർക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ല.
97 ഫയർ ആൻഡ് റെസ്ക്യു ഓഫിസർ (ഡ്രൈവർ) വേണ്ടിടത്ത് 73 പേർ മാത്രമേ അഗ്നിരക്ഷാ സേനയുടെ കണ്ണൂർ ഡിവിഷനിലുള്ളു. 24 പേരുടെ കുറവ്.
ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാർ 314 പേർ വേണ്ടിടത്ത് 236 പേർ മാത്രം.
78 പേരുടെ കുറവ്. കാട്ടുതീയും വ്യാപാര സ്ഥാപനങ്ങളിലെ തീപിടിത്തവും അടിക്കടി സംഭവിക്കുന്ന കണ്ണൂരിൽ സ്വയം രക്ഷയൊരുക്കുകയേ ജനത്തിനു മാർഗമുള്ളു.തൃശൂർ റെയിൽവേ സ്റ്റേഷനിൽ തീപിടിത്തത്തിൽ മുന്നൂറോളം വാഹനങ്ങൾ കത്തിനശിച്ചതു പോലൊരു തീപിടിത്തം ജില്ലയിൽ ഏതെങ്കിലും റെയിൽവേ സ്റ്റേഷനിലുണ്ടായാൽ, തളിപ്പറമ്പിൽ ഷോപ്പിങ് കോംപ്ലക്സിലുണ്ടായതു പോലൊരു തീപിടിത്തം കൊടുംവേനൽക്കാലത്ത് ജില്ലയിലെ ഏതെങ്കിലുമൊരു ഷോപ്പിങ് കോംപ്ലക്സിൽ സംഭവിച്ചാൽ പിടിച്ചിടത്തു കാര്യങ്ങൾ നിർത്താൻ കഴിയില്ലെന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ സമ്മതിക്കുന്നു.
അഗ്നിരക്ഷാസേനാ വാഹനങ്ങൾക്കു വെള്ളം ശേഖരിക്കാനുള്ള വാട്ടർ ഹൈഡ്രന്റുകൾ പ്രധാന നഗരങ്ങളിലൊന്നും സ്ഥാപിച്ചിട്ടില്ല എന്നതു പ്രധാനപ്പെട്ട
കാര്യമാണ്. വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പുകളിൽ പ്രത്യേക വാൽവുകൾ ഘടിപ്പിച്ച് അഗ്നിരക്ഷാസേനയ്ക്ക് വെള്ളം എടുക്കാൻ സാധിക്കുന്ന സംവിധാനമാണിത്.
വെള്ളം ഉള്ളിടത്തു പോയി നിറച്ചു വരുമ്പോഴേക്കും തീ ആളിപ്പടർന്നിരിക്കും.സംസ്ഥാന അഗ്നിരക്ഷാ സേനയുടെ പക്കൽ 15 എമർജൻസി വാട്ടർ ടെൻഡറുകൾ (അഗ്നിരക്ഷാസേന വാഹനം) മാത്രമാണുള്ളത്. ഇതാണു സംസ്ഥാനത്ത് ആകെ അഗ്നിരക്ഷാ പ്രവർത്തനങ്ങൾക്ക് ഇവ ഉപയോഗിക്കേണ്ടത്.4500 ലീറ്റർ ശേഷിയുള്ള എമർജൻസി ടെൻഡർ ആവശ്യത്തിനു വേണ്ടിടത്ത് 190 വാട്ടർ ടെൻഡറുകൾ സംസ്ഥാനത്തു മൊത്തമുണ്ട്.
വെള്ളം കൊണ്ടുചെന്നു കൊടുക്കുന്ന 9000 ലീറ്റർ ശേഷിയുള്ള ടാങ്കർ ലോറിയാണിത്.
ഈ ലോറിയിൽ നിന്നു തീയിലേക്ക് വെള്ളം നേരിട്ടു പമ്പ് ചെയ്യാൻ സാധിക്കില്ല. രക്ഷാപ്രവർത്തനം നടത്തുന്ന എമർജൻസി ടെൻഡറിനു വെള്ളം എത്തിച്ചു കൊടുക്കാൻ മാത്രമേ കഴിയൂ.മിനി വാട്ടർ ടെൻഡർ 76, വാട്ടർ ലോറി 35, വിമാനത്താവളങ്ങളിലും മറ്റും തീപിടിത്തം നിയന്ത്രിക്കാൻ ക്രാഷ് ടെൻഡർ 08, വ്യാവസായിക ജല ടെൻഡർ 03, വലിയ അളവിൽ വെള്ളം നിറയ്ക്കാൻ കഴിയുന്ന ട്രക്കായ വാട്ടർ ബൗസർ 10, 1000 ലീറ്റർ ശേഷിയുള്ള വെള്ളത്തോടൊപ്പം പതയും ഉപയോഗിക്കുന്ന മിനി വാട്ടർ മിസ്റ്റ് 35, അതിശക്തമായി വെള്ളം ചീറ്റിക്കാൻ കഴിയുന്ന ഫോം ടെൻഡർ 10 എന്നിങ്ങനെ സംസ്ഥാനത്തിന് ആകെ സംവിധാനങ്ങളുണ്ടെങ്കിലും ഓരോ ജില്ലയ്ക്കും വേണ്ടതിന്റെ അത്രയും പോലും സംസ്ഥാനത്തിനില്ല എന്നതാണു സത്യം.
ജില്ലയ്ക്ക് 12000 ലീറ്റർ ശേഷിയുള്ള ഒരു വാട്ടർ ബൗസർ വാഹനമാണുള്ളത്.
അഗ്നിരക്ഷാസേനയ്ക്കായി സംസ്ഥാനത്ത് 40 പുതിയ എമർജൻസി ടെൻഡറുകളുടെ നിർമാണം ആരംഭിച്ചിട്ടുണ്ട്. ഇവയുടെ നിർമാണം പൂർത്തിയായാൽ ജില്ലയ്ക്ക് ഒന്നിൽ അധികം ലഭിക്കുമെന്നാണു പ്രതീക്ഷ.
കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി വ്യാപാരികൾ ഒരു ഫയർ എക്സ്റ്റിങ്ഗ്യൂഷർ എങ്കിലും സ്ഥാപനത്തിൽ കരുതണമെന്നാണു അഗ്നിരക്ഷാസേനയ്ക്ക് അഭ്യർഥിക്കാനുള്ളത്.1500 രൂപ മുതൽ 1800 രൂപ വരെയുള്ള 4 കിലോഗ്രാമിന്റെ ഒരു ഫയർ എക്സ്റ്റിങ്ഗ്യൂഷർ 15 മീറ്റർ ചുറ്റളവിലുള്ള കെട്ടിടത്തിൽ ഉപയോഗിക്കാനാകും.
ഇതിന്റെ മുകളിലുള്ള പിൻ വലിച്ചൂരി അമർത്തിയാൽ ഒരു മിനിറ്റിലധികം സമയം തീ കെടുത്താനുള്ള രാസ സംയുക്ത പൗഡർ പുറത്തു വരും. മോണോഅമോണിയം ഫോസ്ഫേറ്റാണ് ഇതിൽ സാധാരണയായി ഉപയോഗിക്കുന്നത്.
ഒരിക്കൽ നിറച്ചാൽ ഒരു വർഷം വരെ ഉപയോഗിക്കാം. അതിനിടയിൽ ഉപയോഗിച്ചാലും വീണ്ടും നിറയ്ക്കുന്നതിന് 400 രൂപയെ ചെലവു വരൂ.
കൂടാതെ ദ്രവ കാർബൺഡയോക്സൈഡ് ഉപയോഗിക്കുന്നവയും ഉണ്ട്. ഇതിന് 4.5 കിലോഗ്രാമിന്റെ സിലിണ്ടറിന് 70,000 രൂപ വരും.
ഇവ പ്രവർത്തിക്കുമ്പോൾ എൽപിജി മാതൃകയിൽ പുറത്തേക്കു വാതകമാണു വരുന്നത്. കംപ്യൂട്ടർ മുറികളിലും മറ്റും ഇതാണ് ഉപയോഗിക്കുക.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

