കണ്ണൂർ∙ ഓൺലൈൻ ഷെയർ ട്രേഡിങ് വ്യാജ ആപ്പിലൂടെ മട്ടന്നൂർ സ്വദേശിയായ ഡോക്ടറുടെ 4.4 കോടി രൂപ തട്ടിയ സംഘത്തിലെ മുഖ്യപ്രതി എറണാകുളം അറക്കപ്പടി സ്വദേശി സൈനുൽ ആബിദിൻനെ(41) സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. സിറ്റി സൈബർ ക്രൈം പൊലീസ് റജിസ്റ്റർ ചെയ്ത ജില്ലയിലെ ഏറ്റവും വലിയ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലാകുന്ന മൂന്നാമത്തെ ആളാണ് സൈനുൽ.
ജൂൺ 25ന് ആണ് തട്ടിപ്പുസംബന്ധിച്ച് ഡോക്ടർ പരാതി നൽകിയത്. പെരുമ്പാവൂർ സ്വദേശി റിജാസ് (41), ചെന്നൈ മങ്ങാട് സ്വദേശി മഹബൂബാഷ ഫാറൂഖ്(39) എന്നിവരെ ഓഗസ്റ്റ് 10ന് ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
ചെന്നൈ സ്വദേശിയായ സെന്തിൽകുമാർ എന്നയാളുടെ അക്കൗണ്ടിൽ വന്ന 44 ലക്ഷം രൂപ എടിഎം വഴിയും ഓൺലൈൻ ഇടപാടുവഴിയും കൈകാര്യം ചെയ്തിരുന്നത് ഇവരായിരുന്നു.
ഡോക്ടറുടെ പണം കൈമാറിയ 18 അക്കൗണ്ടുകളിൽ ഒന്നായിരുന്നു സെന്തിൽകുമാറിന്റെത്. എസ്ഐ ടി.പി.പ്രജീഷ്, എഎസ്ഐ വി.വി.പ്രകാശൻ, സീനിയർ സിപിഒ സി.ജിതിൻ, സിപിഒ സുനിൽ എന്നിവരാണ് പ്രതിയെ എറണാകുളത്തുനിന്നു പിടികൂടിയത്.
കോടതി റിമാൻഡ് ചെയ്തു. ആബിദിന്റെ പേരിൽ വിശാഖപട്ടണത്ത് ഒരു കേസുണ്ട്.
കണ്ണൂരിൽ തന്നെയുള്ള മറ്റൊരു ഓൺലൈൻ തട്ടിപ്പുകേസിൽ റിമാൻഡിലായിരുന്ന ആബിദ് ജൂലൈയിലാണ് ജാമ്യത്തിലിറങ്ങി കടന്നുകളഞ്ഞത്.അതേസമയം കേസിലെ പ്രതികളായ റിജാസിന്റെയും മഹബൂബാഷ ഫാറൂഖിന്റെയും ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി.
ജഡ്ജി കെ.ടി.നിസാർ അഹമ്മദ് ആണ് ഇവരുടെ ജാമ്യഹർജി തള്ളിയത്.
സ്വന്തമായി മൊബൈൽ നമ്പറില്ലാത്ത പ്രതി
സ്വന്തമായി ഫോൺ നമ്പർ ഇല്ലാത്ത സൈനുൽ ആബിദിൻ സൈബർ തട്ടിപ്പുകൾക്ക് ഉപയോഗിച്ചിരുന്നതെല്ലാം മറ്റുള്ളവരുടെ പേരിലെടുത്ത സിം കാർഡുകളും എടിഎം കാർഡുകളും. സെന്തിലിന്റെ പേരിലെടുത്ത ബാങ്ക് അക്കൗണ്ട്, എടിഎം കാർഡ് എന്നിവയെല്ലാം മഹബൂബാഷ, റിജാസ് എന്നിവർ വഴി സൈനുൽ ആബിദിൻ കൈവശപ്പെടുത്തി.
ഇതുപോലെയുള്ള ഒട്ടേറെ അക്കൗണ്ട് നമ്പറുകൾ പ്രതി ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്നെന്ന് പൊലീസ് കണ്ടെത്തി.
ഓൺലൈൻ ഷെയർ ട്രേഡിങ് നടത്തുന്നതിനായി പ്രതികൾ ഉൾപ്പെടുന്ന വാട്സാപ് ഗ്രൂപ്പിലൂടെ ഡോക്ടറെക്കൊണ്ട് അപ്സ്റ്റോക് എന്ന കമ്പനിയുടെ വെൽത്ത് പ്രോഫിറ്റ് പ്ലാൻ സ്കീമിൽ വൻ ലാഭം കിട്ടുമെന്നു വിശ്വസിപ്പിച്ചാണ് പലതവണയായി 4,43,20,000 രൂപ നിക്ഷേപിപ്പിച്ചത്. ആദ്യം ചെറിയ സംഖ്യയാണ് ഡോക്ടർ നിക്ഷേപിച്ചത്.
ഇതിന്റെ ലാഭം ഓൺലൈനിലൂടെ പെരുപ്പിച്ചുകാട്ടി കൂടുതൽ തുക നിക്ഷേപിപ്പിച്ചു. പലതവണയായി 18 അക്കൗണ്ടുകളിലേക്കാണ് ഡോക്ടർ പണം കൈമാറിയത്.
ഉടൻ തന്നെ ഈ പണമെല്ലാം തട്ടിപ്പുസംഘം മറ്റ് അക്കൗണ്ടുകളിലേക്കു മാറ്റുന്നുണ്ടായിരുന്നു.
പണം പെരുകുന്നതു കണ്ട് സുഹൃത്തുക്കളിൽനിന്നു പണം വാങ്ങി ഡോക്ടർ കൂടുതൽ നിക്ഷേപം നടത്തി. നിക്ഷേപം 4,43,20,000 രൂപയായപ്പോൾ ലാഭം ഇരട്ടിയായെന്നു തെറ്റിദ്ധരിപ്പിച്ചു.
തുക പിൻവലിക്കണമെന്നാവശ്യപ്പെട്ടപ്പോൾ തട്ടിപ്പുസംഘം മുങ്ങി. ഈ വാട്സാപ് ഗ്രൂപ്പും വെൽത്ത് പ്രോഫിറ്റ് പ്ലാനും ഇല്ലാതായി. ഡോക്ടർ പണം നിക്ഷേപിച്ച സെന്തിലിന്റെ അക്കൗണ്ട് വിവരം തേടിയപ്പോഴാണ് അന്വേഷണം റിജാസിനും ബാഷയിലുമെത്തിയത്.
റിജാസും ബാഷയുമാണ് തന്നെക്കൊണ്ട് അക്കൗണ്ട് എടുപ്പിച്ചതെന്നും പാസ്ബുക്കും എടിഎം കാർഡും അവർ കൈക്കലാക്കിയെന്നും സെന്തിൽ പൊലീസിനോടു പറഞ്ഞിരുന്നു.
ഇവരിൽനിന്നാണ് അന്വേഷണം സൈനുൽ ആബിദിൻ എത്തിയത്. ഫോൺ ഉപയോഗിക്കാത്ത പ്രതിയെ പിടികൂടാൻ പൊലീസ് പലതവണ സ്ഥലത്തെത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല.
ഓഗസ്റ്റ് 20 വരെ മറ്റൊരാളുടെ സിം കാർഡ് ഉപയോഗിച്ച് ഫോൺ ചെയ്തിരുന്നു. സൈനുൽ ആബിദിൻ സ്ഥലത്തെത്തിയപ്പോൾ നാട്ടിൽനിന്നു വിവരം ലഭിച്ചതനുസരിച്ചാണ് പൊലീസെത്തി പിടികൂടിയത്.
ബന്ധം കംബോഡിയൻ തട്ടിപ്പുസംഘവുമായി
ഓൺലൈൻ തട്ടിപ്പിൽ കംബോഡിയൻ സംഘവുമായി ബന്ധമുണ്ടെന്ന് സൈനുൽ ആബിദിൻ പൊലീസിനോടു പറഞ്ഞു.
ടെലിഗ്രാം ആപ് വഴിയാണ് സംഘവുമായി ബന്ധപ്പെട്ടിരുന്നത്. മറ്റൊരു ഓൺലൈൻ തട്ടിപ്പിൽ റൂറൽ സൈബർ പൊലീസ് ഇയാളെ ജൂണിൽ പിടികൂടിയിരുന്നു.
റിമാൻഡിലായിരുന്ന സൈനുൽ ആബിദിൻ ജൂലൈയിൽ ജാമ്യത്തിലിറങ്ങി മുങ്ങി.സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻരാജ്, എഎസ്പി എം.ടി.ജേക്കബ്, ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത്, എസ്ഐമാരായ ടി.പി.പ്രജീഷ്, ഉദയകുമാർ, എഎസ്ഐ വി.വി.പ്രകാശൻ, സിപിഒമാരായ സി.ജിതിൻ, കെ.സുനിൽ എന്നിവരടങ്ങുന്ന പ്രത്യേക സ്ക്വാഡ് ആയിരുന്നു തട്ടിപ്പ് അന്വേഷിച്ചിരുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]