തളിപ്പറമ്പ്∙ കരിമ്പത്ത് പ്രവർത്തിക്കുന്ന തളിപ്പറമ്പ് അഗ്നിരക്ഷാ കേന്ദ്രം രജത ജൂബിലി പിന്നിടുന്നു. 25ാം വാർഷികത്തിന്റെ ഭാഗമായി അടുത്ത ദിവസം മുതൽ ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ നടത്തും.
2020ൽ എം.വി.ഗോവിന്ദൻ എംഎൽഎ ആയിരിക്കുമ്പോഴാണ് കരിമ്പത്തെ വാടക കെട്ടിടത്തിൽ അഗ്നിരക്ഷാ കേന്ദ്രം പ്രവർത്തനമാരംഭിച്ചത്. തളിപ്പറമ്പ് അഗ്നിരക്ഷാ കേന്ദ്രത്തിന് കാഞ്ഞിരങ്ങാടിന് സമീപം അനുവദിച്ച 30 സെന്റ് സ്ഥലത്ത് സ്വന്തം കെട്ടിടം നിർമിക്കാനുള്ള നടപടികൾ പൂർത്തിയായി വരുകയാണ്.
രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 15 മുതൽ വിവിധ പരിപാടികൾ നടത്തുമെന്ന് സ്റ്റേഷൻ ഓഫിസർ എൻ.കുര്യാക്കോസ് പറഞ്ഞു.
ഇതിന്റെ ഭാഗമായി 15ന് ജൂബിലി കപ്പ് എന്ന പേരിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ 15 അഗ്നിരക്ഷാ കേന്ദ്രങ്ങളിലുള്ളവരെ പങ്കെടുപ്പിച്ച് ഫുട്ബോൾ മത്സരം നടത്തും. 19ന് തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ പൊതുജനങ്ങൾക്കായി അഗ്നിരക്ഷാ ഉപകരണങ്ങളുടെ പ്രദർശനവും ബോധവൽക്കരണ ക്ലാസുകളും നടത്തും. സ്കൂൾ വിദ്യാർഥികളെ ഉൾപ്പെടെ പങ്കെടുപ്പിച്ച് വിവിധ ജീവൻ രക്ഷാ ഡെമോൺസ്ട്രേഷനുകളും നടത്തും.
22ന് തളിപ്പറമ്പ് കേന്ദ്രത്തിൽ വച്ച് മറ്റ് കേന്ദ്രങ്ങളിൽ ഉള്ള ഫയർമാൻമാർക്കായി അഗ്നിരക്ഷാ ദൗത്യവുമായി ബന്ധപ്പെട്ട
ക്വിസ് മത്സരവും നടക്കും. കൂടാതെ 25ാം വാർഷികത്തിന്റെ ഭാഗമായി 25 ഫയർമാൻമാർ രക്തദാനം നടത്തുന്ന പരിപാടിയും സംഘടിപ്പിക്കും.
25 വർഷത്തിനുള്ളിൽ തളിപ്പറമ്പ് കേന്ദ്രത്തിൽ ജോലി ചെയ്ത് വിരമിച്ചവരെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തിയുള്ള സംഗമവും നടത്തും.ഒക്ടോബറിൽ നടക്കുന്ന സമാപന പരിപാടിയിൽ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുക്കും.
ജില്ലയിൽ ഏറ്റവും വിസ്തൃതിയുള്ള അഗ്നിരക്ഷാ കേന്ദ്രമാണ് തളിപ്പറമ്പിലേത്. കോവിഡ്, പ്രളയ കാലങ്ങളിൽ ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ തളിപ്പറമ്പ് കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു.
നഗരസഭകളും 11 പഞ്ചായത്തുകളുമാണ് തളിപ്പറമ്പ് കേന്ദ്രത്തിന് കീഴിലുള്ളത്. ധർമശാല, നാടുകാണി കിൻഫ്ര, പരിയാരം മെഡിക്കൽ കോളജ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.
പരിയാരം മുതൽ കീച്ചേരി വരെയുള്ള ദീർഘമായ ദേശീയപാത മേഖലയും ഉണ്ട്. തളിപ്പറമ്പിൽ നിന്ന് ഓടിയെത്താൻ വിഷമം നേരിടുന്ന വിദൂര മലയോര മേഖലകളും തളിപ്പറമ്പിന്റെ കീഴിലുണ്ട്.
ശ്രീകണ്ഠപുരത്തും ധർമശാലയിലും പുതിയ അഗ്നിരക്ഷാ കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന് മുൻപേ ആവശ്യം ഉയർന്നതാണെങ്കിലും ഇതുവരെ നടപടി ആകാത്തത് തളിപ്പറമ്പ് കേന്ദ്രത്തിന്റെ ജോലി ഭാരം കൂട്ടുകയാണ്. ജീവൻ രക്ഷാ പ്രവർത്തനങ്ങൾക്കുള്ള ആധുനിക ഉപകരണങ്ങൾ അത്യാവശ്യം ഉണ്ടെങ്കിലും തീ കെടുത്താൻ പോകുന്ന ടെൻഡർ വാഹനം ഇപ്പോൾ ഒന്ന് മാത്രമാണ് ഇവിടെയുള്ളത്.
3 എണ്ണം ഉണ്ടായിരുന്നത് 15 വർഷ കാലാവധി കഴിഞ്ഞ വാഹനമായതിനാൽ 2 വാഹനങ്ങൾ ഒരു മാസം മുൻപ് തിരിച്ചെടുത്തതിന് പകരം വന്നിട്ടില്ല.
തൃക്കരിപ്പുർ സ്റ്റേഷനിൽ നിന്ന് എത്തിച്ച ടാങ്കർ ലോറിയാണ് പകരമായി ലഭിച്ചത്. ഉദ്യോഗസ്ഥർക്ക് ഉപയോഗിക്കാനുള്ള ജീപ്പും തിരിച്ചെടുത്തതിന് പകരം ലഭിച്ചിട്ടില്ല.
തളിപ്പറമ്പ് ആലക്കോട് റോഡിലെ കാഞ്ഞിരങ്ങാട് ലഭിച്ച സ്ഥലത്ത് കെട്ടിടം നിർമിക്കാൻ 3.30 കോടി രൂപയാണ് എസ്റ്റിമേറ്റ് കണക്കാക്കിയത്. ഇതിൽ ആദ്യഘട്ടമായി 1.10 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]