
കണ്ണൂർ ∙ കോർപറേഷൻ പരിധിയിലെ തുളിച്ചേരിയിലെ തോട്ടിൽ മീനുകൾ വ്യാപകമായി ചത്ത നിലയിൽ. ഇന്നലെ പ്രഭാത സവാരിക്കിറങ്ങിയവരാണു സംഭവം ആദ്യം കണ്ടത്.
ഓടയിലൂടെ ശുചിമുറി മാലിന്യം ഒഴുക്കിയതാണു തോട്ടിലെ മീനുകൾ ചത്തു പൊന്താൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഫ്ലാറ്റുകളിൽ നിന്നോ ആശുപത്രികളിൽ നിന്നോ ഉള്ള മാലിന്യം രാത്രി ഓടയിലേക്ക് ഒഴുക്കി വിട്ടതായിരിക്കുമെന്നു പ്രദേശവാസികൾ ആരോപിക്കുന്നു.
കെ.വി.സുമേഷ് എംഎൽഎ, കൗൺസിലർ സി.സുനിഷ എന്നിവർ സ്ഥലത്തെത്തി.
ആനക്കുളം മുതൽ ഇടച്ചേരി വഴി കക്കാട് പുഴ വരെ നീളുന്നതാണു തോട്. പ്രദേശത്ത് മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാൻ വർഷങ്ങൾക്കു മുൻപ് നിർമിച്ച തോട്ടിൽ ആശുപത്രി മാലിന്യം, മലിനജലം, ശുചിമുറി മാലിന്യം എന്നിവ ഒഴുക്കുന്നതായി നാട്ടുകാർ അധികൃതർക്ക് പരാതി നൽകിയിരുന്നു.
മനുഷ്യാവകാശ കമ്മിഷനു നൽകിയ പരാതിയിൽ നടപടിക്ക് നിർദേശം നൽകിയിട്ടും ജില്ലാ ഭരണകൂടം, ജില്ലാ ആരോഗ്യ വകുപ്പ്, കണ്ണൂർ കോർപറേഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, ശുചിത്വമിഷൻ അധികൃതർ എന്നിവരിൽ നിന്നു നടപടിയുണ്ടായില്ലെന്നു നാട്ടുകാർ പരാതിപ്പെടുന്നു.
കണ്ണൂർ തുളിച്ചേരിയിലെ തോടുമായി ബന്ധപ്പെട്ട വിഷയത്തിൽ കണ്ണൂർ കോർപറേഷൻ–ആരോഗ്യവിഭാഗം–മൈനർ ഇറിഗേഷൻ അധികൃതരുടെ യോഗം വിളിച്ചു ചേർക്കും.
പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കും.
കെ.വി.സുമേഷ് , എംഎൽഎ
തോട്ടിലെ മാലിന്യപ്രശ്നം കാരണം 12 വർഷമായി ജനം ആശങ്കയിലാണ്. കക്കാട് റോഡിനോടു ചേർന്നുള്ള ചേനോളി ലൈനിൽനിന്ന് ആരംഭിക്കുന്ന ഓടകൾ വന്നു ചേരുന്നത് ഈ തോട്ടിലേക്കാണ്.
തോട്ടിലെ മാലിനജലം കാരണം പ്രദേശത്തെ കിണറുകൾ മലിനമാകാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ വർഷവും സമാനമായ സംഭവം ഉണ്ടായിരുന്നു.
ഇവിടെയുള്ള റസിഡന്റ്സ് അസോസിയേഷനുകൾ കോർപറേഷനെ സമീപിച്ചിരുന്നെങ്കിലും നിസാരവൽകരിച്ചെന്ന് ആരോപണമുണ്ട്. കഴിഞ്ഞവർഷം തോട്ടിൽ ശുചിമുറി മാലിന്യം ഒഴുക്കി വിട്ടതിനെ തുടർന്ന് പ്രദേശത്തെ കിണറുകളും മലിനമായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]