
പ്ലൈവുഡുമായി പോയ ട്രക്ക് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തളിപ്പറമ്പ് ∙ മധ്യപ്രദേശിലേക്ക് പ്ലൈവുഡ് ഉൽപന്നങ്ങളുമായി പോവുകയായിരുന്ന ട്രക്ക് പൂമംഗലത്ത് വീടിനു മുന്നിലേക്ക് തലകീഴായി മറിഞ്ഞ് അപകടം. വീടിനും മുറ്റത്തുണ്ടായിരുന്ന വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. തെക്കിനി പുരയിൽ സഹദേവൻ എന്നയാളുടെ വീട്ടുമുറ്റത്തേക്കാണ് വാഹനം മറിഞ്ഞത്. റോഡരികിലെ ട്രാൻസ്ഫോമറും തകർന്നു. ഞായറാഴ്ച രാത്രി 11.30ന് ആണ് സംഭവം. ലോറിയിൽ ഉണ്ടായിരുന്നവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. കുറുമാത്തൂർ കൂനത്തെ പ്ലൈവുഡ് ഫാക്ടറിയിൽനിന്നാണ് ലോറി മധ്യപ്രദേശിലേക്ക് പുറപ്പെട്ടത്. കുത്തനെ ഇറക്കവും കൊടുംവളവുകളുമുള്ള പൂമംഗലം ക്ഷേത്രം റോഡിലേക്ക് ലോറി വഴിതെറ്റി എത്തുകയായിരുന്നെന്ന് കരുതുന്നു. അപകട സമയത്ത് സഹദേവൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന വലിയ തെങ്ങ് രണ്ടായി ഒടിഞ്ഞ് വീടിന്റെ ജനലും മറ്റും തകർന്നു. നിർത്തിയിട്ടിരുന്ന കാർ വീടിന്റെ ചുമരിനോടു ചേർന്ന് ഞെരുങ്ങിയമർന്ന നിലയിലാണ്. പ്ലൈവുഡുകളും മറ്റും മാറ്റിയാൽ മാത്രമേ കാറിന്റെ നാശനഷ്ടം കണക്കാക്കാൻ സാധിക്കൂ. രണ്ടു പേരാണ് ലോറിയിൽ ഉണ്ടായിരുന്നത്. കാലിന് പരുക്കേറ്റ ഇൻഡോർ സ്വദേശിയായ ഡ്രൈവറെ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.