
കണ്ണൂർ ജില്ലയിൽ ഇന്ന് (13-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബ്ലാക്ക് കോബ്രാസ് പഴയങ്ങാടി സ്പോർട്സ് ഫെസ്റ്റ് 19ന് ഷാർജയിൽ
പഴയങ്ങാടി ∙ 1978ൽ സ്ഥാപിതമായ പഴയങ്ങാടി ബ്ലാക്ക് കോബ്രാസ് സ്പോർട്സ് ക്ലബ്ബിന്റെ സ്പോർട്സ് ഫെസ്റ്റും ഫാമിലി മീറ്റും 19ന് യു എഇയിലെ ജെ.എം.ആർ സ്പോർട്ടിങിൽ നടക്കും. ബ്ലാക്ക് കോബ്രാസിലെ 1978 മുതലുള്ള താരങ്ങളും കുടുംബവും പങ്കെടുക്കുന്ന പരിപാടിയിലേക്ക് പതിറ്റാണ്ടുകളോളം ക്ലബ്ബിന്റെ ആസ്ഥാന കേന്ദ്രമായിരുന്ന പഴയങ്ങാടിയിൽ നിന്നു പ്രതിനിധികൾ കുടുംബസമേതം പങ്കെടുക്കും. ബഹ്റൈൻ, ഒമാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിൽ നിന്നും പഴയകാല താരങ്ങൾ ഫെസ്റ്റിലെത്തും. ഫുട്ബോൾ , ക്രിക്കറ്റ് തുടങ്ങിയ കായിക മത്സരങ്ങളും വിവിധ സാംസ്കാരിക പരിപാടികളും അനുബന്ധമായി നടക്കുമെന്ന് ക്ലബ് പ്രവർത്തകരായ പി.വി.ശ്രീധരൻ, എസ്.വി.നാസർ, എസ്.വി.നിസാർ, യു.പവിത്രൻ എന്നിവർ അറിയിച്ചു.
സിഎച്ച് സെന്റർ പ്രവർത്തകസംഗമം ഇന്ന് നടക്കും
പിലാത്തറ∙ തളിപ്പറമ്പ് സിഎച്ച് സെന്റർ കല്യാശേരി മണ്ഡലം പ്രവർത്തക സംഗമം ഇന്നു വൈകുന്നേരം 4ന് ചുമടുതാങ്ങി ഗോൾഡൺ ഗ്രീസ് ഓഡിറ്റോറിയത്തിൽ എ.കെ.എം.അഷ്റഫ് എം എൽ എ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് എസ് കെ പി സക്കറിയ അധ്യക്ഷത വഹിക്കും.
അംബേദ്കർ ജയന്തി ആഘോഷം 14ന്
നീലേശ്വരം∙ ഓൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ് എസ്സി/ എസ്ടി ഓർഗനൈസേഷന്റെ ഭാരതരത്ന ഡോ. ബി.ആർ.അംബേദ്കർ ജയന്തി ആഘോഷം 14ന് രാവിലെ 10ന് ദേവരാഗം ഓഡിറ്റോറിയത്തിൽ നടക്കും. നഗരസഭാ ഉപാധ്യക്ഷൻ പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്യും.
പ്രസാദസദ്യ നാളെ
കണ്ണൂർ∙ തളാപ്പ് സുന്ദരേശ്വര ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നാളെ ഉച്ചയ്ക്ക് 12 മുതൽ 2 വരെ പ്രസാദസദ്യ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സ്നേഹഭവൻ ഉദ്ഘാടനം 18ന്
ചെറുകുന്ന്∙ ടച്ച് ഓഫ് മേഴ്സി ചാരിറ്റബിൾ ട്രസ്റ്റിന് പള്ളിച്ചാൽ ജുമാമസ്ജിദിനു സമീപം നിർമിക്കുന്ന സ്നേഹഭവന്റെ ഉദ്ഘാടനം 18ന് വൈകിട്ട് 6ന് ഡോ. കെ.എച്ച്.സുബ്രഹ്മണ്യൻ നിർവഹിക്കും.
ശാസ്തപ്പൻ വെള്ളാട്ടം ഇന്ന്
ചുണ്ടങ്ങാപ്പൊയിൽ∙ കടമ്പിൽ കുട്ടിശാസ്തപ്പൻ ക്ഷേത്രത്തിൽ ഇന്നു വൈകിട്ട് 7ന് ശാസ്തപ്പൻ വെള്ളാട്ടവും ഗുളികൻ കലശവും തേങ്ങമുട്ടും നടക്കും. നാളെ പുലർച്ചെ 5ന് വിഷുക്കണിയും കൈനീട്ടവും.
ഇൻഡിഗോ ദമാം, മസ്കത്ത് സർവീസ് മേയ്, ജൂൺ മാസങ്ങളിലേക്ക് മാറ്റി
മട്ടന്നൂർ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ഇൻഡിഗോയുടെ ദമാം, മസ്കത്ത് സർവീസ് മേയ്, ജൂൺ മാസങ്ങളിലേക്ക് മാറ്റി. ഈ മാസം 20ന് തുടങ്ങാനിരുന്ന ദമാം സർവീസ് ജൂൺ 16 ലേക്കും 22ന് തുടങ്ങാനിരുന്ന മസ്കത്ത് സർവീസ് മേയ് 15ലേക്കുമാണ് മാറ്റിയത്. ദമാമിലേക്ക് ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ്. രാത്രി 12.40ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 2.35ന് ദമാമിലെത്തും. തിരികെ 3.40ന് പുറപ്പെട്ട് രാവിലെ 10.30ന് കണ്ണൂരിലെത്തും. 11,100 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. മസ്കത്തിലേക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുകൾ. രാത്രി 12.40ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 2.35ന് മസ്ക്കത്തിലെത്തും. തിരികെ 3.35ന് പുറപ്പെട്ട് രാവിലെ 8.30ന് കണ്ണൂരിൽ എത്തിച്ചേരും. 7800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ വിമൻസ് ക്രിക്കറ്റ് ടൂർണ്ണമെന്റിന് ഇന്നു തുടക്കം
തലശ്ശേരി∙ കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ വിമൻസ് കെസിഎ എലൈറ്റ് ക്രിക്കറ്റ് ടൂർണ്ണമെന്റ് കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ന് 9ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. നഗരസഭ അധ്യക്ഷ കെ.എം.ജമുനറാണി അധ്യക്ഷത വഹിക്കും. ഏപ്രിൽ 20വരെ നീളുന്ന ടൂർണ്ണമെന്റിൽ 8 ടീമുകളാണ് പങ്കെടുക്കുന്നത്. ബികെ 55 ക്രിക്കറ്റ് ക്ളബ്ബ്, ടെലിച്ചറി ടൗൺ ക്രിക്കറ്റ് ക്ളബ്ബ്, സിഡിസിഎ എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന ടൂർണ്ണമെന്റിൽ വിജയിക്ക് 50000 രൂപയും റണ്ണേഴ്സ് അപ്പിന് 25000 രൂപയും സമ്മാനമായി നൽകും.
ഇന്ത്യൻ താരങ്ങളായ സജ്ന സജീവൻ, ജോഷിത, നജ്ല, ഇന്ത്യൻ ചലഞ്ചർ ട്രോഫി താരങ്ങളായ അക്ഷയ, ദൃശ്യ, കീർത്തി, വൈഷ്ണ, അനന്യ, സൂര്യ സുകുമാർ, ശ്രേയ പി.സിജു, ദിയഗിരീഷ് തുടങ്ങിയവർ ടൂർണ്ണമെന്റിൽ പങ്കെടുക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ ജോ. സെക്രട്ടറി ബിനീഷ് കോടിയേരി, മസർ മൊയ്തു, ടൂർണ്ണമെന്റ് കമ്മിറ്റി ചെയർമാൻ സന്തോഷ് പച്ച എന്നിവർ അറിയിച്ചു.