കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (കിയാൽ) മാനേജിങ് ഡയറക്ടറായി രണ്ടാമതും ചുമതലയേറ്റ സി.ദിനേശ്കുമാർ വിമാനത്താവള വികസനത്തെക്കുറിച്ച് മലയാള മനോരമയോടു സംസാരിക്കുന്നു.
2023 ഫെബ്രുവരി 7ന് എംഡിയായി ചുമതലയേറ്റ ഇദ്ദേഹത്തിന്റെ ആദ്യ കാലാവധി ഈ മാസം 6ന് അവസാനിച്ചിരുന്നു. രണ്ടുവർഷത്തേക്കുകൂടിയാണ് സർക്കാർ ചുമതല നീട്ടിനൽകിയത്.
ആഭ്യന്തര സർവീസ്
ആദ്യമേ പറയട്ടെ.
കണ്ണൂരിൽനിന്ന് 2 ആഭ്യന്തര വിമാനക്കമ്പനികൾ ഉടൻ സർവീസ് ആരംഭിക്കും. വേനൽക്കാല ഷെഡ്യൂൾ വരുന്നതോടെ വിദേശത്തേക്കുള്ള സർവീസുകളുടെ എണ്ണംകൂടും.
കണ്ണൂർ വിമാനത്താവളം പ്രതിസന്ധികളെ അതിജീവിച്ചു മുന്നേറുകയാണ്. 2018ൽ ആരംഭിച്ചതാണെങ്കിലും കോവിഡ് കാരണം 3 വർഷം ബാധിച്ചു.
അഹമ്മദാബാദ് വിമാനദുരന്തം മുതൽ പശ്ചിമേഷ്യൻ സംഘർഷംവരെ പ്രതിസന്ധിയുണ്ടാക്കി. എന്നിട്ടും കഴിഞ്ഞ സാമ്പത്തികവർഷം കണ്ണൂർ വഴി യാത്ര ചെയ്തത് 15.2 ലക്ഷം പേർ.
ഇതു വലിയ നേട്ടമാണ്. 2018 ഡിസംബർ 9ന് ആണ് കണ്ണൂരിൽനിന്ന് ആദ്യ വിമാനം ടേക് ഓഫ് ചെയ്തത്.
ആദ്യ 10 മാസംകൊണ്ട് 10 ലക്ഷം യാത്രക്കാരുമായി വിമാനത്താവളം ചരിത്രം കുറിച്ചിരുന്നു.
ഡൽഹി, ചണ്ഡിഗഡ്, മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് നിലവിൽ ആഭ്യന്തര സർവീസുള്ളത്. മുംബൈ, ഡൽഹി, ബെംഗളൂരു യാത്രക്കാരാണ് കൂടുതൽ.
തിരക്കു കൂടുമ്പോഴും അതനുസരിച്ചുള്ള സർവീസ് ഇല്ലെന്നതാണ് പ്രതിസന്ധി. പുതിയ സർവീസിനായി സ്പൈസ് ജെറ്റ്, ഫ്ലൈ 91, സ്റ്റാർ എയർ എന്നീ കമ്പനികളുമായി ചർച്ച നടക്കുകയാണ്. ഗോവ–ലക്ഷദ്വീപ് (അഗത്തി) സർവീസുമായി ഫ്ലൈ 91 ആദ്യമെത്തും.
പുണെ–അഹമ്മദാബാദ്, ഭുവനേശ്വർ–കൊൽക്കത്ത കണക്ഷൻ സർവീസുകളും ഉടൻ തുടങ്ങും.
വിദേശ സർവീസ്
കഴിഞ്ഞ വർഷത്തെ 15.2 ലക്ഷം യാത്രക്കാരിൽ 10.51 ലക്ഷം പേരും വിദേശത്തേക്കായിരുന്നു. രാജ്യാന്തര റൂട്ടിൽ 2024 നെ അപേക്ഷിച്ച് 15% വർധനയാണുണ്ടായത്.
വിദേശ വിമാനക്കമ്പനികൾക്കു സർവീസ് നടത്താനുള്ള അനുമതി (പോയിന്റ് ഓഫ് കോൾ) ഇനിയും ലഭിച്ചിട്ടില്ലെന്നതാണു പ്രതിസന്ധി. പോയിന്റ് ഓഫ് കോൾ സംബന്ധിച്ചു കേന്ദ്ര സർക്കാരാണ് തീരുമാനമെടുക്കേണ്ടത്.
പദവി ലഭിച്ചാൽ, രാജ്യാന്തര കണക്ടിവിറ്റിയിൽ വൻവർധന പ്രതീക്ഷിക്കാം.
8 വിദേശ വിമാനക്കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സിംഗപ്പൂർ, ക്വാലലംപുർ എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള സർവീസിന്റെ ചർച്ചയും നടക്കുന്നുണ്ട്.
2025ൽ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ കണ്ണൂർ രാജ്യത്ത് 14ാം സ്ഥാനത്തെത്തി. കേരളത്തിലെ പ്രവാസി ജനസംഖ്യയുടെ 24% കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോടിന്റെ വടക്കൻ ഭാഗം എന്നിവിടങ്ങളിലാണ്.
ഇവിടെനിന്നുള്ളവർക്കെല്ലാം ആവശ്യമായ സർവീസ് ഉണ്ടായാൽ കിയാൽ വളരെ വേഗം ലാഭത്തിലെത്തും.
ലണ്ടൻ, ജയ്പുർ, ശ്രീനഗർ
കണക്ടിങ് ഫ്ലൈറ്റ് കൂട്ടാനുള്ള ശ്രമത്തിലാണ്. ലണ്ടൻ ഹീത്രോ വിമാനത്താവളത്തിലേക്കുള്ള കണക്ഷൻ സർവീസുകൾ ഹിറ്റായി.
എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും കണ്ണൂരിൽനിന്ന് ലണ്ടനിലേക്കു കണക്ഷൻ സർവീസ് നടത്തുന്നുണ്ട്. സിംഗിൾ ടിക്കറ്റാണ് ലണ്ടനിലേക്ക്.
യാത്രക്കാർക്ക് ബാഗേജ് മാറ്റേണ്ട പ്രശ്നം വരുന്നില്ല.
ഡൽഹി–ജയ്പുർ, ഡൽഹി–ശ്രീനഗർ കണക്ടിങ് സർവീസുകൾക്കും നല്ല സ്വീകാര്യതയുണ്ട്.
ടൂറിസം, തീർഥാടനം
കണ്ണൂരിന്റെ തനത് ഉത്സവങ്ങളിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കാൻ വിമാനത്താവളവും കളമൊരുക്കുന്നുണ്ട്. കുടക്, വയനാട് എന്നിവിടങ്ങളുമായി ഏറ്റവും അടുത്ത വിമാനത്താവളവും കണ്ണൂരാണ്.
മുതിർന്ന പൗരന്മാരെയും കുടുംബശ്രീക്കാരെയുമൊക്കെ ഉൾപ്പെടുത്തിയുള്ള വിനോദയാത്രകൾ സജീവമാക്കുന്നുണ്ട്. 2023ൽ ഹജ് എംബാർക്കേഷൻ പോയിന്റ് ആയ കണ്ണൂർ വഴി ഇത്തവണ തീർഥാടകരുടെ എണ്ണം 10,000 കടക്കും.
കൊട്ടിയൂർ, പറശ്ശിനിക്കടവ് ക്ഷേത്രങ്ങളിലേക്ക് കേരളത്തിനു പുറത്തുനിന്നുള്ള തീർഥാടകർ വർധിക്കുന്നതും അനുകൂലഘടകമാണ്.
അറ്റകുറ്റപ്പണിശാല
കേരളത്തിൽ ആദ്യമായി വിമാനങ്ങളുടെ അറ്റകുറ്റപ്പണിശാല (എംആർഒ–മെയ്ന്റനൻസ്, റിപ്പയർ, ഓവർഹോൾ) കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ മാസങ്ങൾക്കകം യാഥാർഥ്യമാകും. രാജ്യാന്തര കമ്പനിയുമായുള്ള അവസാനവട്ട ചർച്ച നടക്കുകയാണ്.
കേരളത്തിൽ ഏറ്റവുമധികം ഭൂമി കൈവശമുള്ള വിമാനത്താവളമാണ് കിയാൽ. എംആർഒ യാഥാർഥ്യമായാൽ കണ്ണൂർ വിമാനത്താവളത്തിന്റെ വികസനത്തിൽ വൻ കുതിപ്പുണ്ടാകും.
അംഗീകാരം
ഏഷ്യ-പസിഫിക് വിഭാഗത്തിൽ അണ്ടർ-2 എംപിപിഎ വിഭാഗത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി കണ്ണൂർ തിരഞ്ഞെടുക്കപ്പെട്ടത് വലിയ അംഗീകാരമായി.
സോളർ വൈദ്യുതി
8 മെഗാവാട്ട് ആണ് നമുക്കുവേണ്ടത്.
4 മെഗാ വാട്ട് സൗരോർജ പദ്ധതിയാണ് ഇപ്പോൾ നടപ്പാക്കുന്നത്. വിമാനത്താവളത്തിലെ പാർക്കിങ് ഏരിയയുടെ ഒരുഭാഗത്തും പാർക്കിങ്ങിനും ടെർമിനൽ കെട്ടിടത്തിനും ഇടയിലുള്ള സ്ഥലത്തുമാണ് പാനലുകൾ സ്ഥാപിച്ചിരിക്കുന്നത്. പ്രതിദിനം ശരാശരി 3 ലക്ഷം രൂപയാണു വിമാനത്താവളത്തിലെ വൈദ്യുതി ബിൽ. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഊർജ ഉപയോഗച്ചെലവ് 40 ശതമാനമെങ്കിലും കുറയ്ക്കാൻ കഴിയും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

