തിരഞ്ഞെടുപ്പു നടക്കുന്ന 8 നഗരസഭകളിൽ സീറ്റ് വിഭജന ചർച്ച പുരോഗമിക്കുകയാണ്. ചിലയിടങ്ങളിൽ ധാരണയായിട്ടുണ്ട്.
ജില്ലയിലെ നഗരസഭകളുടെ തിരഞ്ഞെടുപ്പു ചിത്രത്തിലേക്ക്…
കൂത്തുപറമ്പ്
നഗരസഭയിൽ 3 മുന്നണികളും സീറ്റ് വിഭജനം പൂർത്തിയാക്കി. 29 വാർഡുകളാണുള്ളത്.
എൽഡിഎഫിൽ സിപിഎം 24 സീറ്റിൽ മത്സരിക്കും. 3 സീറ്റ് സിപിഐക്കും ഓരോ സീറ്റ് വീതം ആർജെഡിക്കും ഐഎൻഎലിനും നൽകും.
കഴിഞ്ഞ തവണ മത്സരിച്ചിട്ടില്ലെങ്കിലും ഇത്തവണ ഒരു സീറ്റ് തങ്ങൾക്കു വേണമെന്ന ആവശ്യവുമായി ജനതാദൾ – എസ് രംഗത്തുണ്ട്. യുഡിഎഫിൽ കോൺഗ്രസ് 21 വാർഡുകളിൽ മത്സരിക്കും.
6 വാർഡുകൾ മുസ്ലിം ലീഗിനു നൽകി. രണ്ടു വാർഡുകൾ നാഷനൽ ജനതാദളിനാണ്. എൻഡിഎയിൽ ഒരു സീറ്റ് ബിഡിജെഎസിന് നൽകി 28 സീറ്റുകളിൽ ബിജെപി മത്സരിക്കുന്നു.
പാനൂർ
പാനൂർ നഗരസഭയിൽ യുഡിഎഫിലും എൻഡിഎയിലും സീറ്റ് വിഭജനം പൂർത്തിയായി.
എൽഡിഎഫിൽ സീറ്റ് വിഭജനചർച്ച പുരോഗമിക്കുകയാണ്. 41 വാർഡുകളാണുള്ളത്.
യുഡിഎഫിൽ മുസ്ലിം ലീഗ് 22 സീറ്റിലും കോൺഗ്രസ് 19 സീറ്റിലും മത്സരിക്കും. എൻഡിഎയിൽ ബിജെപി 40 സീറ്റിൽ മത്സരിക്കും. ഒരു സീറ്റ് ഘടകകക്ഷിയായ ബിഡിജെഎസിന് നൽകാൻ ആലോചനയുണ്ട്.
കഴിഞ്ഞ തവണ ബിഡിജെഎസ് മത്സരിച്ച വാർഡ് (ജനറൽ) അവർക്കു തന്നെ നൽകാനാണ് തീരുമാനം. നിലവിൽ ഇത് വനിതാ സംവരണമാണ
തളിപ്പറമ്പ്
35 വാർഡുകളുള്ള തളിപ്പറമ്പ് നഗരസഭയിൽ യുഡിഎഫിലും എൽഡിഎഫിലും സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയായി.
എൻഡിഎ സീറ്റ് വിഭജന ചർച്ചയിലാണ്. യുഡിഎഫിൽ മുസ്ലിം ലീഗ് 18 വാർഡുകളിലും കോൺഗ്രസ് 16 വാർഡുകളിലും മത്സരിക്കും. ഒരു വാർഡിൽ മുസ്ലിം ലീഗ് സ്വതന്ത്രനായിരിക്കും. എൽഡിഎഫിൽ 33 സീറ്റുകളിൽ സിപിഎം മത്സരിക്കും.
രണ്ട് സീറ്റ് സിപിഐക്കാണ്.
തലശ്ശേരി
തലശ്ശേരി നഗരസഭയിൽ യുഡിഎഫിലും എൽഡിഎഫിലും സീറ്റ് വിഭജനം സംബന്ധിച്ച് ഏകദേശ ധാരണയായി. ഇന്ന് വൈകിട്ടോടെ പൂർത്തിയാവും.
എൻഡിഎ രണ്ടുദിവസം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 53 സീറ്റുള്ള നഗരസഭയിൽ എൽഡിഎഫിൽ സിപിഎം 46 സീറ്റിലും സിപിഐ 5 സീറ്റിലും മത്സരിക്കും. എൻസിപിക്കും ഐഎൻഎലിനും ഓരോ സീറ്റ് നൽകാനാണ് ധാരണ. നേരത്തേ മത്സരിച്ചു വരുന്ന സീറ്റുകൾ മാറണമെന്ന സിപിഎം നിർദേശം രണ്ടു പാർട്ടികൾക്കും സ്വീകാര്യമാവാത്തതിനാലാണു പ്രഖ്യാപനം വൈകുന്നത്. യുഡിഎഫിൽ കോൺഗ്രസ് 36 സീറ്റിലും മുസ്ലിം ലീഗ് 17 സീറ്റിലും മത്സരിക്കാൻ ധാരണയായി.
ഒരു സീറ്റിൽ തർക്കമുണ്ട്. പുതുതായി നിലവിൽവന്ന ഗാർഡൻസ് വാർഡിന് ഇരു പാർട്ടികളും അവകാശവാദം ഉയർത്തിയതോടെ തീരുമാനം യുഡിഎഫ് ജില്ലാ കമ്മിറ്റിക്കു വിട്ടിരിക്കുകയാണ്.
ഇന്ന് വൈകിട്ടോടെ ഇക്കാര്യത്തിൽ തീരുമാനമാകും. എൻഡിഎ എല്ലാ വാർഡുകളിലും മത്സരിക്കും. ഘടകകക്ഷിയായ ബിഡിജെഎസിനും സീറ്റുണ്ടാവും.
അന്തിമ തീരുമാനമായിട്ടില്ല.
പയ്യന്നൂർ
46 വാർഡുകളുള്ള പയ്യന്നൂർ നഗരസഭയിൽ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികളുടെ സീറ്റ് വിഭജനം പൂർത്തിയായില്ല. ചർച്ചകൾ പുരോഗമിക്കുന്നു.
മൂന്ന് ദിവസത്തിനകം സീറ്റ് വിഭജനം പൂർത്തിയാക്കി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണു തീരുമാനം.
ആന്തൂർ
29 വാർഡുകളുള്ള ആന്തൂർ നഗരസഭയിൽ എൽഡിഎഫിൽ ഇത്തവണയും സിപിഐക്ക് ഒരു സീറ്റ് നൽകും. മറ്റു വാർഡുകളിൽ സിപിഎം മത്സരിക്കും.
കഴിഞ്ഞ തവണ 4 വാർഡുകളിൽ സിപിഎം സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യുഡിഎഫിൽ സീറ്റ് വിഭജനം പൂർത്തിയായിട്ടില്ല.
ശ്രീകണ്ഠപുരം
31 വാർഡുകളുള്ള ശ്രീകണ്ഠപുരം നഗരസഭയിൽ 3 മുന്നണികളിലും സീറ്റ് വിഭജനം അന്തിമമായിട്ടില്ല.
യുഡിഎഫിൽ 27 വാർഡുകളിൽ കോൺഗ്രസും 4 വാർഡുകളിൽ മുസ്ലിം ലീഗുമെന്ന നിർദേശം മുന്നോട്ടു വച്ചെങ്കിലും തീരുമാനമായിട്ടില്ല. എൽഡിഎഫിലും ഘടകകക്ഷികളുമായി ചർച്ച നടക്കുകയാണ്.
എല്ലാ വാർഡുകളിലും മത്സരിക്കാൻ തീരുമാനമെടുത്തെങ്കിലും സീറ്റ് വിഭജനം സംബന്ധിച്ച് എൻഡിഎയിൽ ധാരണയായിട്ടില്ല.
ഇരിട്ടി
34 വാർഡുകളുള്ള ഇരിട്ടി നഗരസഭയിൽ എൽഡിഎഫിലും യുഡിഎഫിലും സീറ്റ് വിഭജനം പൂർത്തിയായി. എൻഡിഎയിൽ അടുത്ത ദിവസം പൂർത്തിയാകും. യുഡിഎഫിൽ കോൺഗ്രസ് 19, മുസ്ലിം ലീഗ് 13, ആർഎസ്പിയും സിഎംപിയും ഓരോ സീറ്റിലുമാണ് മത്സരിക്കാൻ ധാരണയായത്.
എൽഡിഎഫിൽ 30 സീറ്റിൽ സിപിഎം മത്സരിക്കും. സിപിഐ 3 സീറ്റിലും ഐഎൻഎൽ ഒരു സീറ്റിലും മത്സരിക്കും.
സീറ്റുകൾ ഏതൊക്കെ എന്നതു സംബന്ധിച്ചു ചർച്ച നടക്കുന്നു.
സീറ്റില്ലെങ്കിലെന്ത്, സ്കൂട്ടറുണ്ടല്ലോ!
ജനപ്രതിനിധിക്ക് 1.3 ലക്ഷം രൂപയുടെ സ്കൂട്ടർ സമ്മാനിച്ച് പാർട്ടി
തളങ്കര ∙ 5 വർഷം വളരെ ആത്മാർഥമായാണ് സിദ്ദീഖ് ചക്കര ജനപ്രതിനിധിയായി സേവനം ചെയ്തത്. പക്ഷേ ഇത്തവണ അതേ മണ്ഡലം വനിതാ സംവരണമായതിനാൽ സീറ്റില്ല.
സീറ്റില്ലെങ്കിലും നിലവിൽ കാസർകോട് നഗരസഭ 27–ാം വാർഡ് (തളങ്കര കണ്ടത്തിൽ) അംഗമായ സിദ്ദീഖ് ചക്കര ഇനി പുത്തൻ സ്കൂട്ടറിൽ പോകും. 5 വർഷത്തെ സേവനം പൂർത്തിയാക്കി നഗരസഭയിൽനിന്നു പടിയിറങ്ങുന്ന അംഗത്തിന് സർപ്രൈസ് സമ്മാനം നൽകിയത് മുസ്ലിം യൂത്ത് ലീഗ് തളങ്കര കണ്ടത്തിൽ ശാഖാ കമ്മിറ്റിയാണ്.
അനുമോദനച്ചടങ്ങിൽ 1.3 ലക്ഷം രൂപ വിലയുള്ള സ്കൂട്ടർ സർപ്രൈസ് ആയി സമ്മാനിച്ചപ്പോൾ സിദ്ദീഖും ഞെട്ടി. ജനപ്രതിനിധി ജനങ്ങളുടെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിച്ചതിനാണ് സിദ്ദിഖ് ചക്കരയ്ക്ക് ഇത്തരമൊരു സമ്മാനം നൽകാൻ കമ്മിറ്റി ആലോചിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.
മാതൃകാ പെരുമാറ്റച്ചട്ടം: മോണിറ്ററിങ് സമിതി രൂപീകരിച്ചു
കണ്ണൂർ ∙ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട
പ്രവർത്തനങ്ങളെ സംബന്ധിച്ചും സ്ഥാനാർഥികൾ, പൊതുജനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ ഉന്നയിക്കുന്ന സംശയങ്ങൾക്ക് നിവാരണം നടത്തുന്നതിനും പരാതികളിൽ ഉടൻ പരിഹാരനടപടി സ്വീകരിക്കുന്നതിനും ജില്ലാതല മോണിറ്ററിങ് സമിതി രൂപീകരിച്ചു. കലക്ടർ അരുൺ കെ.വിജയൻ ചെയർമാനും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ.അരുൺ കൺവീനറുമാണ്.
സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻ രാജ്, റൂറൽ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാൾ, കെ.കെ.ബിനി, പി.പി.വിനീഷ് എന്നിവർ അംഗങ്ങളാണ്. ജില്ലാ മീഡിയ റിലേഷൻസ് സമിതി രൂപീകരിച്ചു.
കലക്ടർ അരുൺ കെ.വിജയൻ ചെയർമാനും ജില്ലാ ഇൻഫർമേഷൻ ഓഫിസർ പി.പി.വിനീഷ് കൺവീനറുമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

