ഇരിട്ടി ∙ കച്ചേരിക്കടവ് മുടക്കിയത്ത് നിരങ്ങിനീങ്ങിക്കൊണ്ടിരിക്കുന്ന കൂറ്റൻ പാറകൾക്കു കീഴെ ജീവഭയത്താൽ 7 വർഷമായി താഴ്വാരത്തു താമസിക്കുന്ന കുടുംബങ്ങൾ. തുടക്കത്തിൽ കണ്ടെത്തിയ വിള്ളൽ പതിന്മടങ്ങ് കൂടിയതിനാലും അടിവശത്തു കൂടി നീരുറവ പ്രത്യക്ഷപ്പെട്ടതിനാലും പ്രദേശങ്ങൾ കൂടുതൽ ആശങ്കയിലാണ്.
2018 ലെ പ്രളയത്തിലാണ് പരസ്പരം ചേർന്നു അടുക്കിവച്ച നിലയിൽ ഉള്ള 3 ഭീമാകാരമായ പാറകളിൽ ഒന്നു നിരങ്ങിത്തുടങ്ങിയത്. പാറയുടെ മുകൾഭാഗം അര അടിയും താഴ്വശത്ത് നേരിയ അകലത്തിലും ആയിരുന്നു ആദ്യം വിള്ളൽ.
ഇപ്പോൾ മുകൾവശം 7 അടിയോളവും താഴ്വശം 4 അടിയോളവും പൂർണമായും വിട്ടനിലയിലാണ്.
ഏതുസമയവും 25 അടിയോളം ഉയരം ഉള്ള ഈ പാറ ഉരുണ്ടേക്കുമെന്ന നിലയിലാണ് സ്ഥിതി. നേരത്തെ ഉണ്ടായിരുന്ന നേരത്തെ ജലസ്രോതസ്സ് പാറ നിരങ്ങി അടഞ്ഞു നീരുറവ പ്രത്യക്ഷപ്പെട്ടതോടെ അടിവശത്തു മണ്ണിന്റെ ബലവും നഷ്ടപ്പെട്ടതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇളമ്പിലക്കാട്ട് കുടുംബത്തിലെ മേരി, സിജു, ബിജു, ബൈജു, ജോണി, ഡാർജി കപ്പിലുമാക്കൽ, ഷിജു കുഴിമറ്റം, ജോസ് കോലാക്കൽ, കുഞ്ഞ് പള്ളിപ്പറമ്പിൽ എന്നിവർ താഴ്വശത്ത് സമീപം താമസിക്കുന്നവരാണ്. എല്ലാ മഴക്കാലത്തും അധികൃതർ എത്തി താഴ്വശത്തുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയാണു ചെയ്യുന്നത്.
2018 ൽ അപകട
ഭീഷണി ഉടലെടുത്തപ്പോൾ തന്നെ സണ്ണി ജോസഫ് എംഎൽഎ മുതൽ തദ്ദേശ ഭരണ പ്രതിനിധികളും പ്രദേശവാസികളും വിവിധതലങ്ങളിൽ പരാതി നൽകിയെങ്കിലും നടപടി ഇനിയും ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം ഇരിട്ടി തഹസിൽദാർ സി.വി.പ്രകാശന്റെ നേതൃത്വത്തിൽ റവന്യു – ജിയോളജി സംഘം സ്ഥലം സന്ദർശിച്ചിരുന്നു.
പാറ ഇളകിനിൽക്കുന്ന സ്ഥലത്ത് വരെ വാഹനങ്ങൾ എത്താൻ വഴി ഇല്ലാത്തതും സ്ഫോടക വസ്തു ഉപയോഗിച്ച് പൊട്ടിച്ചു നീക്കുമ്പോൾ ചീളുകൾ ഇളകിത്തെറിച്ചു പ്രദേശത്തെ വീടുകൾക്കുണ്ടാകുന്ന ഭീഷണിയും ആണു തീരുമാനം വൈകിക്കുന്നത്. സ്ഫോടക വസ്തു ഉപയോഗിക്കുന്നതിൽ പ്രതിസന്ധി ഉണ്ടെങ്കിലും പാറ മുറിച്ചെടുത്തു നീക്കം ചെയ്യുന്ന രീതി സ്വീകരിക്കണമെന്നും ദുരന്ത നിവാരണ നിയമ പ്രകാരം കലക്ടർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആണു നാട്ടുകാർ ആവശ്യപ്പെടുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]