
കടലാഴങ്ങളിലെവിടെയോ എംവി കൈരളി; 46 വർഷം മുൻപ് കപ്പലിനൊപ്പം കാണാതായത് 51 ജീവനക്കാരെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തലശ്ശേരി ∙ പതിനാറു ദിവസത്തിനിടയിൽ കേരളത്തിന്റെ പുറങ്കടലിൽ രണ്ടു കപ്പലുകൾ അപകടത്തിലായ വാർത്ത മലയാളികളെ ഓർമപ്പെടുത്തുന്നത് 46 വർഷം മുൻപു നടന്ന മറ്റൊരു കപ്പലപകടം. കേരളത്തിന്റെ സ്വന്തം കപ്പൽ എംവി കൈരളിയുടെ തിരോധാനത്തെ സംബന്ധിച്ച് ഇന്നും തുമ്പില്ല. കേരള സ്റ്റേറ്റ് ഷിപ്പിങ് കോർപറേഷന്റെ ചരക്കു കപ്പൽ എംവി കൈരളി 1979 ജൂൺ 30നാണ് ഗോവയിൽ നിന്ന് 20,538 ടൺ ഇരുമ്പയിരുമായി കിഴക്കൻ ജർമനിയിലെ റോസ്റ്റോക്കിലേക്ക് പുറപ്പെട്ടത്.
കോട്ടയം സ്വദേശി മരിയാദാസ് ജോസഫ് ക്യാപ്റ്റനായ കപ്പലിൽ 23 മലയാളികളുൾപ്പെടെ 51 ജീവനക്കാർ ഉണ്ടായിരുന്നു. കപ്പലും ജീവനക്കാരും ഇരുമ്പയിരും എവിടെയെന്ന് ഇന്നു വരെ കണ്ടെത്താനായില്ല. ജൂലൈ 3ന് രാത്രി 8ന് ശേഷം കപ്പലിൽ നിന്ന് റേഡിയോ സന്ദേശങ്ങൾ ലഭിക്കാതായി. പൊട്ടിയ ബോയ്ലർ ഫീഡ് പൈപ്പ് റിപ്പയർ ചെയ്തെന്നായിരുന്നു ക്യാപ്റ്റൻ അവസാനമായി അയച്ച സന്ദേശം. ജൂലൈ 8ന് ആഫ്രിക്കൻ തീരമായ ജിബൂത്തിയിൽ ഇന്ധനം നിറയ്ക്കേണ്ടിയിരുന്ന കപ്പൽ 11ാം തീയതി ആയിട്ടും അവിടെ എത്തിയില്ല.
കൈരളി തങ്ങളുടെ തീരത്ത് എത്തിയില്ലെന്ന് ജിബൂത്തിയിലെ ഷിപ്പിങ് ഏജന്റ് അറിയിച്ചപ്പോഴാണ് കപ്പൽ മുങ്ങിയതായി ഷിപ്പിങ് കോർപറേഷന് മനസ്സിലാകുന്നത്. ഇതോടെ പത്രങ്ങളിൽ വാർത്തയായി. അന്വേഷണവും ചോദ്യവുമായി ജീവനക്കാരുടെ ബന്ധുക്കൾ ഷിപ്പിങ് കോർപറേഷനെ സമീപിച്ചെങ്കിലും വ്യക്തമായ മറുപടി ലഭ്യമായില്ല. നോർവേയിൽ നിർമിച്ച സാഗ സോഡ് കപ്പലാണ് കേരള ഷിപ്പിങ് കോർപറേഷൻ 1976 ഫെബ്രുവരി 14ന് 5.81 കോടി രൂപയ്ക്ക് വാങ്ങിയത്. 3 വർഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചരക്കുമായി എംവി കൈരളി സഞ്ചരിച്ചു.
കപ്പൽ കാണാതായതിനെത്തുടർന്ന് കെ.ആർ.ലക്ഷ്മണ അയ്യരും പ്രഫ.ബാബു ജോസഫും അംഗങ്ങളായുള്ള അന്വേഷണ കമ്മിഷനെ നിയമിച്ചെങ്കിലും കൂറ്റൻ തിരമാലകളിൽപെട്ട് ചരക്കുകൾ സ്ഥാനം തെറ്റി കപ്പൽ മുങ്ങിയതാകാമെന്നും അതല്ലെങ്കിൽ കടൽക്കൊള്ളക്കാർ തട്ടിയെടുത്തതാകാമെന്നുമുള്ള നിഗമനത്തിലെത്തുകയായിരുന്നു അവർ. കപ്പലിലുണ്ടായിരുന്നവരുടെ ബന്ധുക്കൾ വർഷങ്ങളോളം തങ്ങളുടെ ഉറ്റവർ തിരിച്ചെത്തുമെന്ന് പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും ഇന്നും എംവി കൈരളി ഒന്നും അവശേഷിപ്പിക്കാതെ 51 ജീവനക്കാരും 20538 ടൺ ഇരുമ്പയിരും എവിടെയെന്ന് ഉത്തരം നൽകാതെ അറബിക്കടലിന്റെ ആഴങ്ങളിലെവിടെയോ മറഞ്ഞിരിക്കുന്നു.