ഇരിട്ടി ∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെയും ക്രിസ്മസ് – പുതുവർഷ ആഘോഷങ്ങളുടെയും മറവിൽ കർണാടകയിൽ നിന്നു കേരളത്തിലേക്കു സാധ്യതയുള്ള ലഹരി – മദ്യക്കടത്ത് തടയുന്നതിനായി കേരള, കർണാടക അതിർത്തിയിൽ ഇരു സംസ്ഥാനങ്ങളിലെയും എക്സൈസ് സംഘങ്ങൾ സംയുക്ത പരിശോധന തുടങ്ങി. കൂട്ടുപുഴ പുതിയ പാലം കേന്ദ്രീകരിച്ചു കേരള എക്സൈസ് നടത്തുന്ന സ്പെഷൽ ഡ്രൈവിന്റെ ഭാഗമായാണു കർണാടക എക്സൈസുമായി ചേർന്നുള്ള നീക്കം.
മദ്യം, ലഹരി ഉൽപന്നങ്ങൾ, കള്ളപ്പണം, ലഹരിമരുന്ന് എന്നിവ കടത്തുന്നത് തടയുകയാണ് ലക്ഷ്യം.
ഇടയ്ക്കിടെ അപ്രതീക്ഷിതമായി എത്തി ഇരു സംസ്ഥാന സംഘങ്ങളും ചേർന്നുള്ള പരിശോധന വരും ദിവസങ്ങളിലും തുടരും. അതിർത്തിയിൽ എക്സൈസിന്റെ പരിശോധനയ്ക്കു പുറമേ 24 മണിക്കൂറും കേരള പൊലീസിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും പരിശോധനയും നടക്കുന്നുണ്ട്.
കൂട്ടുപുഴയിൽ നിലവിലുള്ള കേരള എക്സൈസ് പരിശോധനയ്ക്കു പുറമേയാണു പാലത്തിന് സമീപം കർണാടകയുമായി ചേർന്നു സംയുക്ത പരിശോധനയും നടത്തുന്നത്.
കേരള സംഘത്തിന് ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.രജിത്ത്, എക്സൈസ് ഇരിട്ടി റേഞ്ച് ഇൻസ്പെക്ടർ ഇ.പി.വിപിൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ.ജോണി ജോസഫ്, കെ.കെ.ഷാജി., സിവിൽ എക്സൈസ് ഓഫിസർമാരായ നെൽസൺ ടി.തോമസ്, കെ.ശ്രീജിത്ത്, സി.വി.പ്രജിൽ, ടി.പി.സുദീപ്, സി.ശരണ്യ, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ കെ.പി.ജുനിഷ്
എന്നിവരും കർണാടക സംഘത്തിന് വിരാജ്പേട്ട എക്സൈസ് ഇൻസ്പെക്ടർമാരായ എ.ആർ.യശ്വന്ത്, ചേതൻ ബൊമനാലെ, സന്തോഷ്, സബ് ഇൻസ്പെക്ടർമാരായ എച്ച്.സി.ചന്ദ്ര, കുമാർ, എക്സൈസ് കോൺസ്റ്റബിൾമാരായ ഗംഗാധർ, മദൻകുമാർ, ഗോഡ്വിൻ, നന്ദഗോകുല, സന്തോഷ്, എക്സൈസ് ഡ്രൈവർമാരായ ശ്രീനിവാസ്, അഭിഷേക് എന്നിവരും നേതൃത്വം നൽകി.
2 കിലോമീറ്ററിനുള്ളിൽ 6 പരിശോധന
സ്പെഷൽ ഡ്രൈവ് ഊർജിതമാക്കിയതോടെ സംസ്ഥാനാന്തര യാത്രക്കാർ 2 കിലോമീറ്ററിനുള്ളിൽ 6 പരിശോധനകൾ നേരിടണം.
മാക്കൂട്ടത്തെ കർണാടക പൊലീസ് ചെക്പോസ്റ്റ്, വനം ചെക്പോസ്റ്റ്, കൂട്ടുപുഴ പാലത്തിനു സമീപത്തെ പൊലീസ്, എക്സൈസ്, മോട്ടർ വാഹന വകുപ്പ് ചെക്പോസ്റ്റ് എന്നിവിടങ്ങളിലെ പരിശോധനയ്ക്കു പുറമേയാണ് അപ്രതീക്ഷിത സംയുക്ത പരിശോധനയും. കർണാടകയിൽ നിന്നെത്തുന്ന യാത്രാവാഹനങ്ങളും ചരക്കുവാഹനങ്ങളും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
കർണാടക സംഘം തങ്ങളുടെ സംസ്ഥാനത്തേക്ക് പോകുന്ന വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. സംശയം തോന്നിയാൽ കർണാടക എക്സൈസ് സംഘത്തിന് കൂട്ടുപുഴ അതിർത്തി കടന്നു വാഹനങ്ങളെയും വ്യക്തികളെയും പരിശോധിക്കാം.
കേരള എക്സൈസ് സംഘത്തിന് സംസ്ഥാനാതിർത്തി കടന്ന് മാക്കൂട്ടം ചുരം പാതയിലും പരിശോധന നടത്താം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

