തളിപ്പറമ്പ്∙ നഗരമധ്യത്തിൽ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിന്റെ ഉറവിടത്തിനായി അന്വേഷണം തുടങ്ങി. തീപിടിത്തമുണ്ടായതായി ആദ്യം കണ്ടെത്തിയ മാക്സ്ട്രോ എന്ന കടയുടെ മുൻപിലുള്ള ട്രാൻസ്ഫോമറിൽനിന്നുള്ള തീ സ്ഥാപനത്തിലേക്കു പടർന്നെന്നാണ് കടയുടമ ഏഴാംമൈൽ കാക്കാഞ്ചാൽ സ്വദേശി പി.പി.മുഹമ്മദ് റിഷാദ് പൊലീസിനു നൽകിയ പരാതിയിൽ പറയുന്നത്.
50 കോടിയോളം രൂപയുടെ നഷ്ടം വ്യാപാര സാധനങ്ങൾക്കു സംഭവിച്ചുവെന്നും പരാതിയിൽ പറയുന്നു. ട്രാൻസ്ഫോമറിൽ നിന്നാണോ കടയിലെ എസി യൂണിറ്റിലെ ഷോർട് സർക്കീറ്റാണോ തീപിടിത്തത്തിനു കാരണമെന്നറിയാൻ ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റും അന്വേഷണം ആരംഭിച്ചു.
അഗ്നിരക്ഷാസേനയും റവന്യു വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കെ.വി.കോംപ്ലക്സിലെ 40 സ്ഥാപനങ്ങളാണ് കത്തിയമർന്നത്. 83 മുറികൾ കത്തിനശിച്ചു.
24 മുറികളിലായി പ്രവർത്തിക്കുന്ന ഷാലിമാർ സ്റ്റോറിനാണ് കൂടുതൽ നഷ്ടം. 2 കോടിയോളം രൂപയുടെ നഷ്ടം ഇവർക്കു മാത്രം സംഭവിച്ചതായി കണക്കാക്കുന്നു.
2 നിലകളിലായി ഉണ്ടായിരുന്ന സ്ഥാപനത്തിൽ ഒന്നും ബാക്കിയില്ല. മിക്ക കടകളുടെയും ഷട്ടറുകൾ നശിച്ചു.
ചുവരുകൾ വിണ്ടുകീറി. കെ.വി.കോംപ്ലക്സിനോട് ചേർന്നു തീപിടിക്കാത്ത കടകളുടെ ചുമരുകൾക്കും പലയിടത്തായി വിള്ളലുണ്ട്.
ബസ് സ്റ്റാൻഡിനു സമീപത്തെ കെ.വി.ഷോപ്പിങ് കോംപ്ലക്സിൽ വ്യാഴാഴ്ച വൈകിട്ട് അഞ്ചിനാണു തീപിടിത്തമുണ്ടായത്. മൂന്നു മണിക്കൂറിനു ശേഷമാണ് തീ അണയ്ക്കാനായത്.
ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ പി.എം.ഷീജ, ഡപ്യൂട്ടി ഇൻസ്പെക്ടർ സി.എം.റൗലത്ത്, അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ സദാനന്ദൻ, ധനീഷ് കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലും അന്വേഷണം.
ആരംഭിച്ചു ട്രാൻസ്ഫോമറിലെ ഡാറ്റയും മറ്റു വിവരങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. പരിസരങ്ങളിൽ ഉണ്ടായിരുന്നവരുടെ മൊഴികളും ശേഖരിക്കും കടകളിലെ വൈദ്യുതി ഉപകരണങ്ങളും മീറ്ററുകളും പരിശോധിക്കുമെന്നും വൈദ്യുതി വകുപ്പ് അധികൃതർ പറഞ്ഞു.
അഗ്നിബാധയിൽ നശിച്ച കെ.വി.
കോംപ്ലക്സിലെ കടകളിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിലും പരിശോധന നടന്നു. പൊലീസ്, ഫൊറൻസിക്, റവന്യു വിഭാഗങ്ങളുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഡിവൈഎസ്പി കെ. ഇ പ്രേമചന്ദ്രൻ, ഇൻസ്പെക്ടർ ബാബുമോൻ, എസ്ഐ കെ.ദിനേശൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം പരിശോധന നടത്തി.
അഗ്നിബാധയുടെ സ്വഭാവവും കാരണങ്ങളും കണ്ടെത്താനായിരുന്നു പരിശോധന. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തു നിന്നു സാംപിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.
തഹസിൽദാർ പി. സജീവന്റെ നേതൃത്വത്തിലുള്ള റവന്യു ഉദ്യോഗസ്ഥർ നാശനഷ്ടം വിലയിരുത്തി.
ഉടൻ തന്നെ ആർഡിഒ വഴി ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് റവന്യു അധികൃതർ അറിയിച്ചു. വിവിധ വകുപ്പുകളുടെ റിപ്പോർട്ടുകൾ തയാറാക്കി സർക്കാരിനു സമർപ്പിക്കും.
നഷ്ടപരിഹാരം വേഗത്തിലാക്കണം: എം.വി.ഗോവിന്ദൻ എംഎൽഎ
തളിപ്പറമ്പ് ∙ നഗരത്തിലെ അഗ്നിബാധയ്ക്ക് ഇരയായ വ്യാപാരികൾക്ക് സാങ്കേതികത്വങ്ങൾക്കു കാത്തു നിൽക്കാതെ 3 ദിവസത്തിനകം നഷ്ടം കണക്കാക്കി അർഹമായ നഷ്ടപരിഹാരം നൽകാൻ എം.വി.ഗോവിന്ദൻ എംഎൽഎ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. അഗ്നിബാധയ്ക്ക് ഇരയായ വ്യാപാരികളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് ചേർത്താണ് എംഎൽഎ നിർദേശം നൽകിയത്.
നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും ജീവനക്കാർക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്കു തുല്യമായ പാക്കേജ് അനുവദിക്കുന്നത് സർക്കാർ പരിഗണിക്കുമെന്ന് എം. വി ഗോവിന്ദൻ അറിയിച്ചു.
ഒരാഴ്ചയ്ക്കുള്ളിൽ വ്യാപാരികളിൽ നിന്നു റവന്യു വകുപ്പ് നഷ്ടപരിഹാരത്തിനുള്ള അപേക്ഷ സ്വീകരിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണൻ, നഗരസഭ അധ്യക്ഷ മുർഷിദ കൊങ്ങായി, ആർഡിഒ കെ.വി .രഞ്ജിത്ത്, ഡപ്യൂട്ടി കലക്ടർ ശ്രുതി, തഹസിൽദാർ പി.സജീവൻ, ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രൻ, ജില്ലാ ഫയർ ഓഫിസർ അരുൺ ഭാസ്ക്കരൻ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
അടിയന്തര നഷ്ട പരിഹാരം ലഭ്യമാക്കണം: സണ്ണി ജോസഫ്
നഗരത്തിൽ കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായ കടകളിലെ വ്യാപാരികൾക്കും കട ഉടമകൾക്കും തൊഴിലാളികൾക്കും സർക്കാർ അടിയന്തര നഷ്ട
പരിഹാരം ലഭ്യമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. സംവിധാനത്തിന്റെ അപര്യാപ്തതയാണു ദുരന്തം വ്യാപിക്കാൻ കാരണമെന്നും അദ്ദേഹം ആരോപിച്ചു.
തീയെടുത്തു, എല്ലാം..; ഭിക്ഷ യാചിച്ച് കൂട്ടിവച്ച പണവും സ്ഥിരമായി അന്തിയുറങ്ങുന്ന കടവരാന്തയും നഷ്ടപ്പെട്ട് ദമ്പതികൾ
തളിപ്പറമ്പ്∙ നഗരം വിഴുങ്ങിയ അഗ്നിബാധയിൽ 10 വർഷമായി കിടക്കുന്ന വരാന്തയും ഭിക്ഷ യാചിച്ച് കിട്ടിയ സമ്പാദ്യവും നഷ്ടമായ തമിഴ്നാട് സ്വദേശിയായ വയോധികൻ നൊമ്പരക്കാഴ്ചയായി. കത്തിനശിച്ച കെ.വി.കോംപ്ലക്സിന്റെ താഴെ നിലയുള്ള കടയുടെ വരാന്തയിലാണ് തമിഴ്നാട് കള്ളക്കുറിച്ചി സ്വദേശിയായ സുബ്രഹ്മണ്യവും (76) ഭാര്യ പച്ചമ്മയും അന്തിയുറങ്ങിയിരുന്നത്.
പകൽ ഭിക്ഷതേടി പോകുമ്പോൾ തന്റെ ബാഗ് കടയിൽ ഏൽപ്പിക്കുകയായിരുന്നു പതിവെന്ന് സുബ്രഹ്മണ്യം പറഞ്ഞു. തീ പടർന്ന് പിടിച്ചപ്പോൾ കടയോടൊപ്പം ബാഗും അതിലുണ്ടായിരുന്ന 5000 രൂപയും കത്തിപ്പോയി.
തീ കെടുത്തിയ ശേഷം ഇന്നലെ രാവിലെ എത്തി കടയിൽ നിന്ന് ബാഗ് തപ്പിയെടുത്തെങ്കിലും അഗ്നിക്കിരയായിരുന്നു. അതിലുണ്ടായിരുന്ന പണവും കത്തി.
പാതി കരിഞ്ഞ നോട്ടുകൾ മാത്രമാണ് ബാക്കിയായത്. കത്തിയെരിഞ്ഞ പണവും കയ്യിൽ പിടിച്ച് സങ്കടപ്പെട്ട് കരഞ്ഞ സുബ്രഹ്മണ്യം ഏറെ നേരം അവിടെ ഇരുന്ന ശേഷം താലൂക്ക് ഓഫിസിൽ നടന്ന അവലോകന യോഗം നടക്കുന്നതറിഞ്ഞ് അങ്ങോട്ടു പോയെങ്കിലും ആരും പരിഗണിച്ചില്ല. ഇപ്പോൾ രാത്രി കിടന്നുറങ്ങാൻ സ്ഥലവും ഇല്ലാത്ത അവസ്ഥയിലാണെന്ന് സുബ്രഹ്മണ്യം പറഞ്ഞു. 10 വർഷം മുൻപ് നാടുവിട്ട് വന്ന ഇവർക്ക് പോകാൻ വേറെ സ്ഥലവും ഇല്ലാത്ത അവസ്ഥയിലാണ്.
24 മുറികളിലെ കടകളും കത്തിയെരിഞ്ഞ് ഷാലിമാർ
തളിപ്പറമ്പ് ∙ 2 നിലകളിൽ 24 മുറികളിലായി പ്രവർത്തിച്ചിരുന്ന ഷാലിമാർ സ്റ്റോഴ്സിൽ ഇപ്പോൾ ഒന്നും എടുക്കാനില്ലാത്ത അവസ്ഥയാണ്. തങ്ങളുടെ കുടുംബത്തിന്റെ ജീവിതസമ്പാദ്യം ഒന്നാകെ കത്തിപ്പോയതിന്റെ ആഘാതത്തിലാണ് ഷാലിമാർ സ്റ്റോർ ഉടമകളായ എം.പി.മൊയ്തീനും സഹോദരൻ ബഷീറും.
40 വർഷത്തോളമായ ഈ കടയിൽ തന്നെ 30 ഓളം ജീവനക്കാരുണ്ട്. ഇതിൽ പകുതിയിലേറെയും ഭിന്നശേഷിക്കാരാണ്.
ഭിന്നശേഷിക്കാർക്ക് ജോലി നൽകി ശ്രദ്ധേയരായ ഷാലിമാർ ഉടമകളെ സംസ്ഥാന സർക്കാർ ഈ വർഷം പുരസ്കാരം നൽകി ആദരിച്ചിരുന്നു. ജീവനക്കാർക്ക് വിമാനയാത്രകൾ പോലും ഇവർ സംഘടിപ്പിച്ച് നൽകാറുണ്ടായിരുന്നു. ഷാലിമാർ സ്റ്റോറിന്റെ പ്രധാന പാർട്ണറും ഇവരുടെ സഹോദരനുമായ എം.പി.അബ്ദുൽ സലാം കഴിഞ്ഞ ജൂലൈയിൽ കുഴഞ്ഞുവീണ് മരിച്ചിരുന്നു.
ഇതിന്റെ ആഘാതത്തിൽ നിന്ന് ഷാലിമാർ സഹോദരങ്ങൾ വിമുക്തരാകുന്നതിന് മുൻപാണ് സ്ഥാപനം ഒന്നാകെ കത്തിപ്പോയത്.
വ്യാപാരി വ്യവസായി ഏകോപന സമിതി 2 കോടി നൽകും
തളിപ്പറമ്പ് ∙ നഗരത്തിൽ അഗ്നിബാധയിൽ നശിച്ച കടയിലെ വ്യാപാരികൾക്ക് 7 ദിവസങ്ങൾക്കുള്ളിൽ 2 കോടി രൂപ നഷ്ടപരിഹാരമായി സ്വരൂപിച്ച് നൽകാൻ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി തീരുമാനം. പരമാവധി 15 ദിവസങ്ങൾക്കുള്ളിൽ തന്നെ തീ പിടിച്ച കടകളിലെ വ്യാപാരികളെ കടകളിൽ പുനരധിവസിപ്പിക്കാനും തീരുമാനമായി. ജില്ലാ കമ്മിറ്റി ശേഖരിക്കുന്ന പണം 7 ദിവസങ്ങൾക്ക് ശേഷം തളിപ്പറമ്പ് യൂണിറ്റിന് കൈമാറും.
കഴിഞ്ഞ ദിവസം തളിപ്പറമ്പിൽ സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരിയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ നടന്ന ഏകോപന സമിതി ജില്ലാ ഭാരവാഹികളുടെയും ദുരന്തത്തിന് ഇരയായ വ്യാപാരികളുടെയും യോഗത്തിലാണ് തീരുമാനം ഉണ്ടായത്. യോഗത്തിൽ വച്ച് തന്നെ 2 ലക്ഷത്തോളം രൂപ വിവിധ വ്യാപാരികൾ ദേവസ്യ മേച്ചേരിക്ക് കൈമാറുകയും ചെയ്തു.
കണ്ണൂരിൽ നടത്താൻ തീരുമാനിച്ചിരുന്ന യോഗം അഗ്നിബാധയുടെ പശ്ചാത്തലത്തിൽ തളിപ്പറമ്പിലേക്കു മാറ്റുകയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]