കണ്ണൂർ ∙ പതിവിലും നീണ്ട ക്യൂവായിരുന്നു ഇന്നലെ ജില്ലയിലെ ബവ്റിജസ് കോർപറേഷന്റെ 10 ഷോപ്പുകളിൽ.
പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് 20 രൂപ അധിക വില ഈടാക്കുകയും ഒഴിഞ്ഞ കുപ്പികൾ തിരികെയെടുക്കുകയും ചെയ്യാൻ തുടങ്ങിയതോടെയാണ് ഷോപ്പുകളിലെ വിൽപന താളംതെറ്റി. പ്ലാസ്റ്റിക് കുപ്പിയിൽ പ്രത്യേകം സ്റ്റിക്കർ പതിക്കാനും ഈ കുപ്പികൾക്കു പ്രത്യേക ബില്ലടിക്കാനും കാലിക്കുപ്പി തിരികെയെടുത്ത് പണം തിരികെ നൽകാനും പ്രത്യേക സംവിധാനമൊന്നുമൊരുക്കാത്തതാണ് ഉപയോക്താക്കളെയും ബവ്കോ ജീവനക്കാരെയും പ്രതിസന്ധിയിലാക്കിയത്.
ജില്ലയിൽ ചിറക്കുനി, കൂത്തുപറമ്പ്, പാണപ്പുഴ, കണ്ണൂർ പാറക്കണ്ടി, കേളകം, കിഴുത്തള്ളി, താണ, ചക്കരക്കൽ, പയ്യന്നൂർ, പാടിക്കുന്ന് ഔട്ലെറ്റുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പ്ലാസ്റ്റിക് കുപ്പിക്ക് അധികവിലയീടാക്കാൻ തുടങ്ങിയത്.
പഴയങ്ങാടിയിലും എടൂരിലും തുടങ്ങിയിട്ടില്ല. പ്ലാസ്റ്റിക് കുപ്പിക്ക് 20 രൂപ അധികം വാങ്ങുന്നതിനു വേറെ ബിൽ അടിക്കണം.
ഈ ബില്ല് കൗണ്ടറിൽ നൽകുമ്പോൾ കുപ്പി എടുത്തുകൊടുക്കുന്ന ജീവനക്കാരൻ സിഡിറ്റ് തയാറാക്കിയ ലേബൽ കുപ്പികളിൽ പതിപ്പിക്കണം. കുപ്പി തിരികെ കൊണ്ടുവരുമ്പോൾ അതിൽ ലേബൽ ഉണ്ടെങ്കിലേ 20 രൂപ തിരികെ നൽകൂ.
എവിടെ പ്രത്യേക കൗണ്ടർ?
∙ തിരികെ കൊണ്ടുവരുന്ന കുപ്പികൾ വാങ്ങി പണം നൽകാൻ പ്രത്യേക കൗണ്ടർ ഉണ്ടാകുമെന്ന് ബവ്കോ സിഎംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞിരുന്നെങ്കിലും അങ്ങനെയൊരു കൗണ്ടർ എവിടെയുമുണ്ടായിരുന്നില്ല.
മദ്യം വാങ്ങുന്ന കൗണ്ടറിൽതന്നെയാണ് കുപ്പി വാങ്ങുന്നത്. എന്നാൽ, കണ്ണൂർ പാറക്കണ്ടിയിൽ കൂടുതൽപേർ കുപ്പിയുമായി എത്തിയപ്പോൾ താൽക്കാലികമായി വേറെയൊരു കൗണ്ടർ തുടങ്ങേണ്ടി വന്നു.
മദ്യം വാങ്ങാനെത്തിയവർ ബഹളമുണ്ടാക്കിയതിനെ തുടർന്നായിരുന്നു ഇത്. പാറക്കണ്ടി ഔട്ലെറ്റിൽ 250 കുപ്പികളാണ് രാത്രിവരെ തിരിച്ചെത്തിയത്. കുപ്പികൾ ശേഖരിക്കാൻ കുടുംബശ്രീ പ്രവർത്തകരെ ഷോപ്പുകളിൽ ചുമതലപ്പെടുത്തുമെന്നു പറഞ്ഞിരുന്നെങ്കിലും അതുമുണ്ടായില്ല.
ഇതെല്ലാം പ്രവർത്തനത്തെ ബാധിച്ചു.
ലേബലൊട്ടിച്ച കുപ്പി വരട്ടെ
∙ ലേബലൊട്ടിച്ചുള്ള മദ്യക്കുപ്പികൾ എത്തിയാൽ ജോലിഭാരം പകുതിയായി കുറയുമെന്നാണ് ജീവനക്കാർ പറയുന്നത്. അതുപോലെ തിരികെയെത്തുന്ന കുപ്പികൾ ശേഖരിക്കാനുള്ള കൗണ്ടറും അവിടെ ജോലിക്ക് കുടുംബശ്രീ പ്രവർത്തകരും എത്തിയാൽ ഉപയോക്താക്കൾക്കും ജീവനക്കാർക്കും ആശ്വാസമാകും. അതേസമയം, കൺസ്യൂമർഫെഡിന്റെ ഔട്ലെറ്റുകളിൽ പ്ലാസ്റ്റിക് കുപ്പിക്ക് 20 രൂപ അധികം ഈടാക്കുന്നില്ല. ആലക്കോട്, വളപട്ടണം, ഉളിക്കൽ, പിലാത്തറ എന്നിവിടങ്ങളിലാണ് കൺസ്യൂമർഫെഡിന്റെ ഔട്ലെറ്റുകൾ. 20 രൂപ അധികം നൽകാൻ മടിയുള്ളവർ ഈ ഔട്ലെറ്റിലെത്തിയാണ് മദ്യം വാങ്ങുന്നത്.
പഴി കേട്ട് ജീവനക്കാർ
∙ മദ്യം വാങ്ങാനെത്തി ഏറെ നേരം വരിയിൽ നിൽക്കേണ്ടി വരുന്നതിനാൽ ഉപയോക്താക്കളിൽനിന്ന് പഴി കേൾക്കുന്നത് ജീവനക്കാരാണ്.
10 മിനിറ്റ് വരിയിൽനിന്നു മദ്യം വാങ്ങാൻ സാധിച്ചിരുന്നിടത്ത് ഇപ്പോൾ 20 മിനിറ്റ് നിൽക്കേണ്ട അവസ്ഥയാണ്. വൈകുന്നേരം ഇതിലും കൂടുതൽ സമയം വരിനിൽക്കേണ്ടിവന്നു.
ഇതാണ് ഉപയോക്താക്കളെ ദേഷ്യം പിടിപ്പിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]