കണ്ണൂർ∙ ഓൺലൈൻ ട്രേഡിങ് വ്യാജ ആപ്പിലൂടെ മട്ടന്നൂർ സ്വദേശിയായ ഡോക്ടറുടെ 4.4 കോടി രൂപ തട്ടിയെടുത്ത സംഘത്തിലെ 2 പേരെ സിറ്റി സൈബർ ക്രൈം പൊലീസ് ചെന്നൈയിൽ അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ സ്വദേശി റിജാസ് (41), ചെന്നൈ മങ്ങാട് സ്വദേശി മഹബൂബാഷ ഫാറൂഖ്(39) എന്നിവരാണ് അറസ്റ്റിലായത്.
സിറ്റി സൈബർ ക്രൈം പൊലീസ് റജിസ്റ്റർ ചെയ്ത ജില്ലയിലെ ഏറ്റവും വലിയ ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനാണ് ഇപ്പോൾ തുമ്പുണ്ടായത്.
അന്വേഷണം ചെന്നൈയിൽ
എസ്ഐ ടി.പി.പ്രജീഷ്, എഎസ്ഐ ഇ.ജ്യോതി, സിപിഒമാരായ സി.ജിതിൻ, കെ.സുനിൽ എന്നിവർ ഈ മാസം 7ന് ആണ് ചെന്നൈയിലെത്തുന്നത്. മങ്ങാട് പൊലീസിന്റെ സഹായത്തോടെ 8ന് ബാഷയെയും റിജാസിനെയും തേടിയിറങ്ങിയെങ്കിലും കണ്ടെത്താനായില്ല.
മങ്ങാട് സൈദ് സാദിഖ് നഗറിലാണ് ഇവർ താമസിക്കുന്നതെന്ന് സെന്തിൽ പറഞ്ഞിരുന്നു. രണ്ടുപേരും താമസിക്കുന്നിടത്തു ചെന്നെങ്കിലും ഫലമുണ്ടായില്ല.
ഫോട്ടോ കാണിച്ചപ്പോൾ നാട്ടുകാർ തിരിച്ചറിഞ്ഞെങ്കിലും ഫലമുണ്ടായില്ല.
8ന് രാത്രി തട്ടുകടയിൽനിന്നു ഭക്ഷണം കഴിക്കുമ്പോൾ തട്ടുകട നടത്തിയിരുന്ന സ്ത്രീയാണ് ബാഷയുടെ പുതിയ താമസസ്ഥലത്തെക്കുറിച്ചു വിവരം നൽകിയത്.
9ന് പുലർച്ചെ ബാഷയുടെ താമസസ്ഥലം വളഞ്ഞ് പിടികൂടി. ബാഷയിൽനിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിജാസിനെ പിടികൂടുന്നത്.
ഏറെ സാഹസപ്പെട്ടാണു രണ്ടുപേരെയും പിടികൂടിയത്. ഇന്നലെ കണ്ണൂരിലെത്തിച്ച പ്രതികളെ റിമാൻഡ് ചെയ്തു.ഡോക്ടർ നിക്ഷേപിച്ച 40 ലക്ഷം രൂപയാണ് ബാഷ, റിജാസ് എന്നിവരുടെ അക്കൗണ്ടുവഴി കൈമാറ്റം നടന്നത്.
ഇതുകൂടാതെ 25 ലക്ഷം രൂപയുടെ വേറെ കൈമാറ്റവും കണ്ടെത്തി. മലയാളിയായ റിജാസും ബാഷയും ടൈൽസ് ജോലി ചെയ്യുമ്പോഴാണു പരിചയപ്പെട്ടത്.
തട്ടിപ്പിന്റെ ചുരുളഴിച്ചത് ഇങ്ങനെ
വാട്സാപ് ഗ്രൂപ്പിലൂടെ ഡോക്ടറെക്കൊണ്ട് അപ്സ്റ്റോക് എന്ന കമ്പനിയുടെ വെൽത്ത് പ്രോഫിറ്റ് പ്ലാൻ സ്കീമിൽ വൻ ലാഭം കിട്ടുമെന്നു വിശ്വസിപ്പിച്ചാണ് പലതവണയായി 4,43,20,000 രൂപ നിക്ഷേപിപ്പിച്ചത്.
ആദ്യം ചെറിയ സംഖ്യയാണ് നിക്ഷേപിച്ചത്. ഇതിന്റെ ലാഭം ഓൺലൈനിലൂടെ പെരുപ്പിച്ചുകാട്ടി കൂടുതൽ തുക നിക്ഷേപിപ്പിച്ചു.
പണം പെരുകുന്നതു കണ്ട് സുഹൃത്തുക്കളിൽനിന്നു പണം വാങ്ങി ഡോക്ടർ കൂടുതൽ നിക്ഷേപം നടത്തി. നിക്ഷേപം 4,43,20,000 രൂപയായപ്പോൾ ലാഭം ഇരട്ടിയായെന്നു തെറ്റിദ്ധരിപ്പിച്ചു.
എന്നാൽ തുക പിൻവലിക്കാൻ തുടങ്ങിയപ്പോഴാണു തട്ടിപ്പാണെന്നു മനസ്സിലാകുന്നത്. പണം പിൻവലിക്കണമെങ്കിൽ വീണ്ടും നിക്ഷേപം വേണമെന്നു പറഞ്ഞു.
പിന്നീട് ഈ വാട്സാപ് ഗ്രൂപ്പും വെൽത്ത് പ്രോഫിറ്റ് പ്ലാനും ഇല്ലാതായി.
തുടർന്ന് ജൂൺ 25ന് ഡോക്ടർ സിറ്റി സൈബർ ക്രൈം പൊലീസിൽ പരാതി നൽകി. ജില്ലയിൽ റജിസ്റ്റർ ചെയ്ത ഏറ്റവും വലിയ ഓൺലൈൻ സാമ്പത്തിക തട്ടിപ്പായിരുന്നു ഇത്.18 അക്കൗണ്ടിലേക്കാണു ഡോക്ടർ പണം കൈമാറിയത്.
അതെല്ലാം ഉടൻ തന്നെ പിൻവലിച്ചിരുന്നു. 18ൽ ചെന്നൈ സ്വദേശിയായ സെന്തിലിന്റെ അക്കൗണ്ട് വിവരം തേടിയപ്പോഴാണ് അന്വേഷണം റിജാസിനും ബാഷയിലുമെത്തുന്നത്. റിജാസും ബാഷയുമാണ് തന്നെക്കൊണ്ട് അക്കൗണ്ട് എടുപ്പിച്ചതെന്നും പാസ്ബുക്കും എടിഎം കാർഡും അവർ കൈക്കലാക്കിയെന്നും സെന്തിൽ പറഞ്ഞു.
അയാളിൽനിന്നു ലഭിച്ച വിവരത്തെ തുടർന്നാണ് അന്വേഷണത്തിനു പ്രത്യേക സ്ക്വാഡ് രൂപീകരിച്ചത്.സിറ്റി പൊലീസ് കമ്മിഷണർ നിധിൻരാജ്, എഎസ്പി സജേഷ് വാഴവളപ്പിൽ, സിറ്റി സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത്, എസ്ഐ ടി.പി.പ്രജീഷ്, എസ്ഐ ഉദയകുമാർ, പ്രകാശൻ, സിപിഒ ദിജിൻരാജ്, എഎസ്ഐ ഇ.ജ്യോതി, സിപിഒമാരായ സി.ജിതിൻ, കെ.സുനിൽ എന്നിവരടങ്ങുന്നതാണ് സ്ക്വാഡ്.
തട്ടിപ്പിനരയാകുന്നത് പ്രഫഷനലുകൾ
സമൂഹമാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പിന് കൂടുതൽ ഇരയാകുന്നത് പ്രഫഷനുകളെന്ന് പൊലീസ്.
ബോധവൽക്കരണത്തിലൂടെ സാധാരണക്കാർ ബോധവാന്മാരായപ്പോൾ ഉന്നത സ്ഥാനത്തിരിക്കുന്നവരാണ് ഇപ്പോൾ അധികവും തട്ടിപ്പിനിരയാകുന്നത്. 4.4 കോടി രൂപ തട്ടിപ്പിനിരയായ ഡോക്ടർക്ക് ഒരു ലക്ഷം രൂപ പരിചയമില്ലാത്ത അക്കൗണ്ടിലേക്കു കൈമാറിയ ഘട്ടത്തിൽ തന്നെ തട്ടിപ്പാണെന്ന് ബാങ്കിൽനിന്നു വിവരം നൽകിയിരുന്നു. എന്നിട്ടും തുടർന്നും പണം കൈമാറി.
സമൂഹമാധ്യമങ്ങൾവഴിയുള്ള തട്ടിപ്പുകൾക്കിരയായാൽ 1930 എന്ന നമ്പറിൽ വിളിക്കാം. www.cybercrime.gov.in വഴിയും പരാതി നൽകാം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]