ഇരിട്ടി ∙ അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ 4 പശുക്കളെ കൊന്ന വില്ലൻ കടുവയെ ആരോഗ്യ സ്ഥിതി പരിശോധിച്ച ശേഷം വയനാട് കുപ്പാടി അനിമൽ ഹോസ്പിസ് സെന്റർ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് മാറ്റി. ഇന്നലെ രാത്രി 11 മണിയോടെയാണ് മാറ്റിയത്.
കടുവയുടെ താഴത്തെ കോമ്പല്ലുകളിൽ രണ്ടെണ്ണം പ്രായം മൂലം തേയ്മാനം സംഭവിച്ചതായും മുകളിലത്തെ നിരയിലെ 2 കോമ്പല്ലുകൾ പൊട്ടിയ നിലയിലുമാണെന്ന് വനം വകുപ്പ് നോർത്തേൺ സർക്കിൾ വെറ്ററിനറി ഡോക്ടർ ഏലിയാസ് റാവുത്തൽ പറഞ്ഞു.
കടുവയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും നിരീക്ഷണം തുടരുകയാണെന്നും അധികൃതർ പറഞ്ഞു. കടുവയെ കുപ്പാടി സെന്ററിൽ നിന്ന് തൃശൂരിലേക്കു മാറ്റുന്നതിനുള്ള ശ്രമവും നടക്കുന്നുണ്ട്.
പരിശോധനയിൽ കടുവയുടെ പ്രായം 10 വയസ്സിന് അടുത്താണെന്ന് കണ്ടെത്തിയിരുന്നു.വനം വകുപ്പ് തങ്ങളുടെ എല്ലാ വിധ നിരീക്ഷണ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയതാണ് ദൗത്യം വിജയിപ്പിച്ചത്. വനം വകുപ്പ് കൂട് സ്ഥാപിച്ച് 3 മണിക്കൂറിനകം കടുവ, കൂട്ടിൽ അകപ്പെടുകയും ചെയ്തു.
വെള്ളിയാഴ്ച വെളുപ്പിനാണ് പാലത്തിൻകടവിലെ പുല്ലാട്ടുകുന്നേൽ രൂപേഷ്, അമ്മ സരസു എന്നിവരുടെ തൊഴുത്തിൽ കെട്ടിയിരുന്ന 4 കറവ പശുക്കളെ കടുവ കൊന്നത്.
കുടുംബത്തിനുള്ള നഷ്ടപരിഹാരത്തിന്റെ ആദ്യഗഡു തിങ്കളാഴ്ച നൽകുമെന്ന് വനം കൊട്ടിയൂർ റേഞ്ചർ നിഥിൻ രാജ് പറഞ്ഞു. നഷ്ടപരിഹാരമായി കണക്കാക്കിയ തുകയുടെ 80 ശതമാനമാണ് ആദ്യ ഗഡുവായി നൽകുക. ഇത് വനം വകുപ്പിന്റെ ഫണ്ടിൽ നിന്ന് നൽകും.
ഇന്നലെയും ഇന്നും ബാങ്ക് അവധിയായതിനാലാണ് തുക കൈമാറ്റം തിങ്കളാഴ്ചത്തേക്ക് നീട്ടിവച്ചത്. ബാക്കി 20 ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കാമെന്ന് ഇരിട്ടി തഹസിൽദാരും കുടുംബത്തിന് ഉറപ്പുനൽകിയിരുന്നു. പശുവിന് ബാങ്ക് വായ്പയെടുത്ത കേരള ബാങ്കിനോട് തുക എഴുതിത്തള്ളാൻ ജനപ്രതിനിധികൾ അടക്കം അപേക്ഷിച്ചിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

