കണ്ണൂർ ∙ നഗരത്തിൽ പെട്രോൾ പമ്പിൽ കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറി വൻ അപകടം. ഇന്ധനം നിറയ്ക്കാനായി കാത്തിരുന്ന സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ചു.
പമ്പിലുണ്ടായിരുന്ന സ്കൂട്ടറും ഓട്ടോയും ഇടിച്ചുതകർത്ത് റോഡിലേക്ക് കുതിച്ചുനീങ്ങിയ കാർ മറ്റൊരു കാറിൽ ഇടിച്ചാണ് കാർ നിന്നത്. പമ്പിന്റെ ഓഫിസ് മുറിയും ഭാഗികമായി തകർന്നു.കാലിനു സാരമായി പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരി പള്ളിക്കുന്ന് സ്വദേശിനി റജിനയെ (36) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പമ്പ് ജീവനക്കാരൻ കെ.അശോകന് കൈക്ക് നിസ്സാര പരുക്കേറ്റു.
ഓട്ടോയിലുണ്ടായിരുന്ന ചെക്കിക്കുളം സ്വദേശി ഗണേശൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 6.10ന് കണ്ണൂർ എൽഐസി റോഡിലെ എൻകെബിടി പെട്രോൾ പമ്പിലാണ് സംഭവം. പള്ളിക്കുന്ന് സ്വദേശി മോഹനകൃഷ്ണൻ ഓടിച്ച കാറാണ് അപകടം വരുത്തിയത്.
പമ്പിലേക്ക് സാധാരണ വേഗത്തിലെത്തിയ കാർ പെട്ടെന്ന് വേഗം കൂടി തൊട്ടു മുന്നിലുണ്ടായിരുന്ന വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു.
പെട്രോൾ നിറച്ച് സ്കൂട്ടർ യാത്രക്കാരി പുറപ്പെടാനിരിക്കെയായിരുന്നു അപകടം. കാറിടിച്ച് ഓട്ടോ ഓഫിസ് കെട്ടിടത്തിന്റെ ഭാഗത്തേക്ക് തെറിക്കുകയായിരുന്നു.
ഓട്ടോയുടെ മുൻവശവും സ്കൂട്ടറും തകർന്നു. പമ്പിന്റെ ഓഫിസ് മുറിയുടെ ജനലും ഭിത്തിയും തകർന്നു.
സ്കൂട്ടറിനു സമീപത്തുണ്ടായിരുന്ന ജീവനക്കാരൻ അശോകൻ ഓടി മാറുകയായിരുന്നു. ഇതിനിടെയാണ് കൈക്ക് പരുക്കേറ്റത്.
ടൗൺ പൊലീസും ട്രാഫിക് പൊലീസും സ്ഥലത്തെത്തി വാഹനങ്ങൾ നീക്കി. ഇന്ധനം നിറയ്ക്കുന്ന മെഷീനിൽ കാർ ഇടിക്കാഞ്ഞതിനാലും അപകടസമയത്തു പമ്പിലും റോഡിലും ആളുകളും വാഹനങ്ങളും കുറവായതിനാലും കൂടുതൽ അപകടമൊഴിവായി. അപകടത്തെ തുടർന്ന് എൽഐസി റോഡിൽ ഗതാഗതക്കുരുക്കുണ്ടായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]