മാഹി ∙ തലശ്ശേരി – മാഹി ആറുവരി ബൈപാസിൽ ഒരു കിലോമീറ്ററിനുള്ളിൽ വരുന്നത് 14 പെട്രോൾ പമ്പുകൾ. ഇതിൽ ആറെണ്ണം പ്രവർത്തനം തുടങ്ങി.
വാഹന ഉടമകൾക്ക് പ്രിയപ്പെട്ട സ്ഥലമായി മാറുകയാണ് ദേശീയപാത ബൈപാസിൽ മാഹിയിൽ ഉൾപ്പെട്ട
കൊച്ചു പ്രദേശം. നേരത്തേ മാഹി ടൗണിൽ മാത്രമാണ് പ്രധാനമായും പമ്പുകളുണ്ടായിരുന്നത്.
ടൗൺ ഒഴിവാക്കി ദേശീയപാത വന്നതോടെയാണ് അതിന്റെ സർവീസ് റോഡുകളുടെ ഓരത്ത് പമ്പുകൾ വരുന്നത്.
പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായുള്ള മാഹിയിൽ നികുതി ഇളവു കാരണം ഇന്ധനത്തിനുള്ള വിലക്കുറവാണ് വാഹന ഉടമകളെ ഇവിടേക്ക് ആകർഷിക്കുന്നത്. തലശ്ശേരി ഭാഗത്തുനിന്നു ആറുവരി ദേശീയപാതയിലൂടെ കോഴിക്കോട് ഭാഗത്തേക്കു യാത്ര ചെയ്യുമ്പോൾ ബൈപാസിൽ കാണുന്ന ഏക മേൽപാലം മുതൽ സിഗ്നൽ പോസ്റ്റ് വരെ ഇരു ഭാഗത്തുമായി നിലവിൽ ആറു പെട്രോൾ പമ്പുകൾ അടുത്തടുത്തായി വാഹനങ്ങളെ സ്വാഗതം ചെയ്യുന്നു.
ബൈപാസിൽ 14 പമ്പുകൾ യാഥാർഥ്യമാവുമ്പോൾ മാഹിയിലെ പള്ളൂർ പ്രദേശം രാജ്യത്തെ ബൈപാസ് സംവിധാനത്തിൽ ഏറെ പ്രത്യേകതയുള്ള സ്ഥലമായി മാറും.
വടകര ഭാഗത്തേക്കു പോകുമ്പോൾ മേൽപാലം കഴിഞ്ഞാൽ സർവീസ് റോഡിൽ നാലും തലശ്ശേരി ഭാഗത്തു നിന്നു വരുമ്പോൾ രണ്ടുമാണു പ്രവർത്തനം ആരംഭിച്ച പുതിയ പമ്പുകൾ.
വരൂ, ഇന്ധനമടിച്ചു പോകാം
മേൽപാലം കഴിഞ്ഞു സർവീസ് റോഡിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നത് പമ്പുകളുടെ പരസ്യ ബോർഡുകളും ആളെ വിളിച്ചു കയറ്റുന്ന തൊഴിലാളികളുമാണ്. തലശ്ശേരി ഭാഗത്തു വരുമ്പോൾ ബൈപാസിൽ നിന്നുതന്നെ വാഹനങ്ങളെ പമ്പുകാർ ക്ഷണിക്കും.
രാത്രി ഇതുവഴി കടന്നു പോകുമ്പോൾ ദീപ പ്രഭയിൽ വേറിട്ട
സ്ഥലമായി പള്ളൂർ മാറിക്കഴിഞ്ഞു. പള്ളൂർ–ചൊക്ലി റോഡിൽ പള്ളൂർ മേഖലയിലും ചാലക്കര റോഡിലും പാറാൽ റോഡിലേക്കു കടക്കുന്ന ബൈപാസ് സർവീസ് റോഡിലും ഏതാനും പമ്പുകൾ ഇനിയും വരുമെന്നാണ് അറിവ്.
അനുമതി പത്രങ്ങൾ ഇവയിൽ പലതും ഇതിനകം നേടിക്കഴിഞ്ഞുവെന്നാണു വിവരം.
അതേസമയം, ബൈപാസിൽ പെട്രോൾ പമ്പുകളുടെ എണ്ണം കൂടിയത് ഫലത്തിൽ മാഹിയിലെ പമ്പുകളുടെ വിൽപനയെ ബാധിച്ചു. ഇവിടെ വിൽപന നേർപകുതിയായെന്നാണു പമ്പുടമകൾ നൽകുന്ന വിവരം.
മാഹിയിൽ ടൗണിൽ കുറയുന്ന ഇന്ധന വിൽപന ബൈപാസിൽ തുടങ്ങിയ പമ്പുകളിൽ ലഭിക്കുന്നുണ്ട്.
നിയമം ലളിതമാക്കി; ആശങ്കയേറി
പുതുച്ചേരി സർക്കാർ വരുമാന വർധനയ്ക്കായി നിയമം ലളിതമാക്കിയാണ് പമ്പുകൾ അനുവദിക്കുന്നത്. നേരത്തേ മാഹി ടൗണിൽ ലഭിച്ചിരുന്ന പമ്പുകളുടെ മൊത്തവരുമാനം പലതായി വീതിക്കപ്പെടുകയാണ്. ബൈപാസിൽ നിലവിൽ വന്നതും വരാനിരിക്കുന്നതുമായ പമ്പുകൾക്കു പുറമേ, മാഹി–പള്ളൂർ– പന്തക്കൽ മേഖലയിൽ നിലവിൽ 19 പമ്പുകളാണുള്ളത്.
ഒരു പമ്പിൽ മൂന്ന് ഷിഫ്റ്റുകളിൽ 30 മുതൽ 40 വരെ ജീവനക്കാർ ആവശ്യമാണ്.
പള്ളൂരിൽ ബൈപാസ് റോഡിൽ 14 പമ്പുകളും വരുന്നതോടെ തൊഴിൽ അവസരം വർധിക്കും. അതേസമയം പമ്പുകൾ ആരംഭിക്കുന്നതിന്റെ മാനദണ്ഡങ്ങൾ പരിശോധിക്കപ്പെടുന്നുണ്ടോയെന്ന ആശങ്ക നാട്ടുകാർക്കുണ്ട്.
മാഹിയിൽ ഉണർവ്
ബൈപാസ് യാഥാർഥ്യമായതോടെ തലശ്ശേരി– മാഹി പഴയ പാതയിൽ വലിയ ലോറികൾ ഉൾപ്പെടെ ഭാരവാഹനങ്ങൾ കുറഞ്ഞതോടെ മാഹിയിൽ ഗതാഗത കുരുക്കു കുറയുകയും ടൂറിസ്റ്റ് വാഹനങ്ങളുടെ വരവ് വർധിക്കുകയും ചെയ്തു.
ഇത് മാഹിയിലെ വ്യാപാര മേഖലയ്ക്ക് ഉണർവു പകർന്നു വരികയാണ്.
ലാഭം ആയിരങ്ങൾ
മാഹിയിൽ ഡീസലിന് ലീറ്ററിന് കേരളത്തിലെ വിലയെക്കാൾ 11 രൂപയും പെട്രോളിന് 12 രൂപയും കുറവാണ്. വലിയ ഭാരവാഹനങ്ങളിൽ ഫുൾ ടാങ്ക് ഇന്ധനമടിച്ചാൽ 4000– 4500 രൂപ ലാഭിക്കാൻ കഴിയും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]