
ഇരിട്ടി ∙ ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാന തുരത്തൽ ശക്തമാക്കി വനം വകുപ്പ്. ബ്ലോക്ക് 6ൽ ജനവാസ മേഖലയ്ക്ക് സമീപം വട്ടക്കാട് കേന്ദ്രീകരിച്ചു തമ്പടിച്ച കൊമ്പനെ മണിക്കൂറുകൾ നീണ്ട
ശ്രമത്തിനൊടുവിൽ ആറളം വന്യജീവി സങ്കേതത്തിൽ കയറ്റിവിട്ടു. കൊട്ടിയൂർ റേഞ്ചർ ടി.നിധിൻരാജ്, ആറളം ആർആർടി ഡപ്യൂട്ടി റേഞ്ചർ എം.ഷൈനികുമാർ എന്നിവരുടെ നേതൃത്വത്തിൽ 25 അംഗ ദൗത്യസംഘമാണു ആനയെ തുരത്തിയത്.
മഴ പ്രതികൂല സാഹചര്യം സൃഷ്ടിച്ചെങ്കിലും വട്ടക്കാട് നിന്നു താളിപ്പാറയിലും തുടർന്ന് കോട്ടപ്പാറയിലും എത്തിച്ചു സോളർ തൂക്കുവേലി തുറന്നു വന്യജീവി സങ്കേതത്തിലെ ഉരുപ്പുകുന്ന് ഭാഗത്തേക്ക് തുരത്തുകയായിരുന്നു.
ഫാം കൃഷിയിടത്തിലും പുനരധിവാസ മേഖലയിലും കാട്ടാന ശല്യം രൂക്ഷമാണ്. കഴിഞ്ഞ രാത്രിയും കൃഷിനാശം ഉണ്ടാക്കി.
കൃഷിയിടത്തിലും പുനരധിവാസ മേഖലയിലും ആയി അൻപതിലധികം ആനകൾ തമ്പടിച്ചിട്ടുണ്ടെന്നാണു പ്രദേശവാസികൾ പറയുന്നത്.പ്രദേശവാസികൾ സഹായം തേടുന്നതനുസരിച്ചു സ്ഥലത്തെത്തി ആനപ്രതിരോധം തീർക്കുന്നതിനൊപ്പം ആനതുരത്തൽ തുടരാനാണ് വനം വകുപ്പ് തീരുമാനം. ആറളം ആർആർടിയിലെയും ആറളം വൈൽഡ് ലൈഫിലെയും ഇരിട്ടി, കീഴ്പ്പള്ളി, മണത്തണ, നരിക്കടവ്, ആറളം സെക്ഷനുകളിലെയും വനപാലകരാണ് ആനതുരത്തൽ ദൗത്യസംഘത്തിൽ ഉണ്ടായിരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]