
ഇരിട്ടി ∙ അഖിലേന്ത്യ പണിമുടക്കിന്റെ ഭാഗമായി നഗരത്തിൽ തുറന്ന സ്ഥാപനങ്ങൾ സമരാനുകൂലികൾ അടപ്പിച്ചു. കടകമ്പോളങ്ങൾ പൂർണമായി അടഞ്ഞുകിടന്നു.
ആശുപത്രികളും മെഡിക്കൽ ഷോപ്പുകളും പ്രവർത്തിച്ചു. തുറന്നു പ്രവർത്തിച്ച പോസ്റ്റ് ഓഫിസ് അടക്കമുള്ള കേന്ദ്ര – സംസ്ഥാന സർക്കാർ ഓഫിസുകൾ പ്രകടനമായി എത്തിയാണ് അടപ്പിച്ചത്.
സമരക്കാർ ആദ്യം എത്തിയതു ഇരിട്ടി സബ് പോസ്റ്റ് ഓഫിസിലാണ്. മുദ്രാവാക്യം വിളിച്ചെത്തിയ സമരക്കാരെ കണ്ടതോടെ പോസ്റ്റ്ഓഫിസ് അടച്ച് ജീവനക്കാർ മടങ്ങി.
തുടർന്നു ഇരിട്ടി എഇഒ ഓഫിസിലും ഇരിട്ടി ബ്ലോക്ക് ഓഫിസ് കെട്ടിടത്തിൽ തുറന്നു പ്രവർത്തിച്ച ക്ഷീരവികസന ഓഫിസും എത്തി അടപ്പിച്ചു.
ഇരിട്ടി – പേരാവൂർ റോഡിൽ തുറന്നു പ്രവർത്തിച്ച ഫെഡറൽ ബാങ്കിനു മുന്നിൽ മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകരെ കണ്ടതോടെ ബാങ്കിനുള്ളിൽ നിന്നും ജീവനക്കാരൻ ഷട്ടർ താഴ്ത്താൻ ശ്രമിച്ചു. ഇതോടെ ബാങ്കിനുള്ളിലേക്കു ഇരച്ചു കയറിയ സമരക്കാർ ബാങ്കിനകത്തു നിന്നും മുദ്രാവാക്യം മുഴക്കി ബാങ്ക് പൂട്ടാൻ ആവശ്യപ്പെടുകയും അടപ്പിക്കുകയുമായിരുന്നു.
സമീപം തുറന്നു പ്രവർത്തിച്ച സൗത്ത് ഇന്ത്യൻ ബാങ്കും അടപ്പിച്ചു. കീഴൂരിൽ പ്രവർത്തിക്കുന്ന ഇരിട്ടി സബ് റജിസ്ട്രാർ ഓഫിസിൽ സമരക്കാർ എത്തിയപ്പോൾ കതകടച്ച് ഉള്ളിൽ ജീവനക്കാർ ജോലി ചെയ്യുകയായിരുന്നു.
ഇവരോടു പണിമുടക്കിൽ സഹകരിക്കാൻ സമരക്കാർ ആവശ്യപ്പെട്ടു. ചില ഉദ്യോഗസ്ഥർ വിസമ്മതിച്ചതോടെ അൽപനേരം വാക്കേറ്റം ഉണ്ടായി.
തുടർന്നു ഓഫിസ് പൂട്ടി.കീഴൂരിലെ മുത്തൂറ്റ് മൈക്രോഫിൻകോർപ്പും സമരക്കാർ അടപ്പിച്ചു. സംഘർഷം ഒഴിവാക്കാൻ പൊലീസും സമരക്കാർക്കു പിന്നാലെ ഉണ്ടായിരുന്നു.
കാറുകളും ഇരുചക്ര വാഹനങ്ങളും മറ്റും നിരത്തിൽ ഇറങ്ങിയെങ്കിലും മിക്ക വാഹനങ്ങളും സമരാനുകൂലികൾ തടഞ്ഞു നിർത്തി ആവശ്യം ചോദിച്ചറിഞ്ഞ ശേഷം പോകാൻ അനുവദിക്കുകയായിരുന്നു.
∙ഇരിട്ടി എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം അധ്യാപകരും അനധ്യാപകരും എത്തിയതോടെ തുറന്നെങ്കിലും ഹയർ സെക്കൻഡറി വിഭാഗത്തിൽ ആരും എത്താത്തതിനാൽ അടഞ്ഞുകിടന്നു. ഹൈസ്കൂൾ വിഭാഗത്തിൽ അധ്യാപകരും അനധ്യാപകരുമായി 42 പേരാണുള്ളത്.
ഇതിൽ 29 പേർ സ്കൂളിൽ എത്തിയെങ്കിലും ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒരാൾ പോലും എത്തിയില്ല. ഹൈസ്കൂൾ വിഭാഗത്തിൽ എത്താത്തവരിൽ 6 പേർ മാത്രമാണ് സമരാനുകൂലികളായി ഉള്ളതെന്നും ബാക്കിയുള്ളവർ ദൂരസ്ഥലങ്ങളിൽ നിന്നും എത്താൻ കഴിയാത്തതിനാലാണു സ്കൂളിൽ ഹാജരാകാതിരുന്നതെന്നും അധികൃതർ പറഞ്ഞു.
വൈകിട്ട് 4 ന് ശേഷമാണു ഹൈസ്കൂൾ ഓഫിസ് അടച്ചു എല്ലാവരും മടങ്ങിയത്.
മട്ടന്നൂർ ∙ സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്ക് മട്ടന്നൂരിൽ പൂർണം. കടകളും സർക്കാർ ഓഫിസുകളും ബാങ്കുകളും അടഞ്ഞു കിടന്നു.
സമരത്തിന്റെ ഭാഗമായി നഗരത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. മോട്ടർ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റ് പി.പുരുഷോത്തമൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു.
സിഐടിയു ഏരിയാ പ്രസിഡന്റ് എം.രാജൻ അധ്യക്ഷത വഹിച്ചു.വി.പി.ഇസ്മായിൽ, വി.കെ.സുഗതൻ, സി.കെ.പ്രകാശൻ, വി.കെ.ലക്ഷ്മണൻ, കെ.മണി, പി.ഹരിദാസൻ, ഇ.ശ്രീജേഷ്, എ.ബി.പ്രമോദ് എന്നിവർ പ്രസംഗിച്ചു. പൊതുപണിമുടക്കിന്റെ ഭാഗമായി മരുതായിയിൽ പ്രകടനവും പൊതുയോഗവും നടത്തി.
സിപിഎം ജില്ലാ കമ്മിറ്റി അംഗം സി.വി.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇ.പി.രാഘവൻ അധ്യക്ഷത വഹിച്ചു.
എം.വിനോദ്, എം.വി.സുരേഷ് എന്നിവർ പ്രസംഗിച്ചു.ഉരുവച്ചാലിൽ പ്രകടനത്തിന് എ.കെ.സുരേഷ്കുമാർ, എൻ.രാജീവൻ, പി.അജേഷ്, എ.കെ.ബീന എന്നിവർ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]