
ഡ്രൈവർക്കും കണ്ടക്ടർക്കും ലൈസൻസില്ല; ബസ് ലക്ഷ്യത്തിലെത്തിച്ച് എഎംവിഐ
കണ്ണൂർ ∙ ലൈസൻസില്ലാത്ത കണ്ടക്ടറും ഡ്രൈവറും, സ്പീഡ് ഗവേണർ അഴിച്ചിട്ടനിലയിൽ; ഇരുവരെയും മാറ്റിനിർത്തി യാത്രക്കാരുമായി ബസ് ലക്ഷ്യത്തിലെത്തിച്ചത് എഎംവിഐ. ചക്കരക്കൽ–തലശ്ശേരി റൂട്ടിലോടുന്ന അനുശ്രീ ബസ് മൂന്നുപെരിയയിൽ വച്ചാണ് മോട്ടർ വാഹനവകുപ്പ് പരിശോധനയ്ക്കായി തടഞ്ഞത്.
ഇരുവർക്കും ലൈസൻസില്ലെന്നു മാത്രമല്ല, ബസിന് ആവശ്യത്തിനുള്ള രേഖകളില്ലായിരുന്നു. യാത്ര മുടങ്ങുമോയെന്ന് ആശങ്കപ്പെട്ട
യാത്രക്കാരോട് കണ്ണൂർ ആർടിഒ ഓഫിസിലെ എഎംവിഐ സജി ജോസഫ് പറഞ്ഞു; ആരുടെ യാത്രയും മുടങ്ങില്ല. പാറപ്രം വരെയുള്ള യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
10 കിലോമീറ്റർ ഓടിച്ച് അവസാന യാത്രക്കാരെയും സജി ലക്ഷ്യത്തിലെത്തിച്ചു. കാഞ്ഞങ്ങാട് സ്വദേശിയാണ് സജി ജോസഫ്. ഡ്രൈവറുടെ ലൈസൻസ് ഒരുവർഷംമുൻപ് കാലാവധി തീർന്നതാണ്.
ലൈസൻസില്ലാതെ ബസ് ഓടിച്ചതിന് 10,000 രൂപ പിഴ ഈടാക്കി. ലൈസൻസില്ലാത്ത കണ്ടക്ടർക്ക് 1000 രൂപ പിഴ ചുമത്തി.
ആവശ്യത്തിനു രേഖകളില്ലാത്തതിനാൽ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കാൻ ട്രാൻസ്പോർട്ട് അതോറിറ്റിക്കു ശുപാർശ ചെയ്തു.വാഹനപരിശോധനയിൽ 20 കേസുകളിൽ 55,000 രൂപ പിഴയീടാക്കി. പരിശോധനയ്ക്ക് എഎംവിഐമാരായ വരുൺ ദിവാകരൻ, അരുൺകുമാർ, രാകേഷ് എന്നിവർ നേതൃത്വം നൽകി.
പരിശോധന കർശനമാക്കുമെന്ന് ആർടിഒ ഇ.എസ്.ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]