കണ്ണൂർ ∙ ജില്ലയിൽ സെൻസിറ്റീവ് ബൂത്തുകളായി പ്രഖ്യാപിക്കാത്ത 173 പോളിങ് സ്റ്റേഷനുകളിൽ വിഡിയോഗ്രഫി സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്ടർ അരുൺ കെ. വിജയൻ.
ഇതിൽ 158 എണ്ണം സ്ഥാനാർഥികളുടെ അപേക്ഷ പ്രകാരവും 15 എണ്ണം കോടതി ഉത്തരവ് പ്രകാരവുമാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
71 ഗ്രാമ പഞ്ചായത്തുകളിലായി 1271 വാർഡുകൾ, 11 ബ്ലോക്ക് പഞ്ചായത്തുകളിലായി 162 വാർഡുകൾ, ജില്ലാ പഞ്ചായത്തിൽ 25 ഡിവിഷനുകൾ, എട്ട് നഗരസഭകളിലായി 298 വാർഡുകൾ, കണ്ണൂർ കോർപറേഷനിലെ 56 ഡിവിഷനുകൾ എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. 20,92,003 വോട്ടർമാരും 678 പ്രവാസി വോട്ടർമാരുമാണ് ജില്ലയിലുള്ളത്.
ഇതിൽ 11,25,540 വനിതാ വോട്ടർമാരും 9,66,454 പുരുഷ വോട്ടർമാരും ഒൻപത് ട്രാൻസ്ജൻഡർ വോട്ടർമാരുമാണുള്ളത്. 71 ഗ്രാമ പഞ്ചായത്തുകളിൽ 15,60,286 വോട്ടർമാരും എട്ട് നഗരസഭകളിൽ 3,38,654 വോട്ടർമാരും കണ്ണൂർ കോർപറേഷനിൽ 1,93,063 വോട്ടർമാരുമുണ്ട്്.
ജില്ലയിൽ ത്രിതല പഞ്ചായത്തുകളിലേക്കും കോർപറേഷനിലേക്കും നഗരസഭകളിലേക്കുമായി ആകെ 5472 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇതിൽ 2838 വനിതകളും 2634 പുരുഷൻമാരുമാണ്.
ജില്ലയിൽ ആകെ 2305 പോളിങ് ബൂത്തുകളാണുള്ളത്. പഞ്ചായത്തുകളിൽ 1827, നഗരസഭകളിൽ 478 എന്നിങ്ങനെയാണ് ബൂത്തുകൾ.
ഇതിൽ ആകെ 1025 സെൻസിറ്റീവ് ബൂത്തുകളാണ് ഉള്ളത്. ഈ ബൂത്തുകളിൽ എല്ലാം വെബ് കാസ്റ്റിങ് സംവിധാനം കെൽട്രോൺ മുഖേന നടപ്പിലാക്കുന്നുണ്ട്.
എല്ലാ പോളിങ് ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങൾ പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ട്. വെബ് കാസ്റ്റിങ്ങിനുള്ള ക്യാമറകൾ സ്ഥാപിക്കുന്നതിനും ദൃശ്യങ്ങൾ കലക്ടറേറ്റിൽ ഒരുക്കിയ കൺട്രോൾ റൂമിൽ ലഭിക്കാനുമുള്ള സജ്ജീകരണങ്ങൾ ചെയ്തിട്ടുണ്ട്.
കൺട്രോൾ റൂമിലെ ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിന് സൂപ്പർവൈസർ ടെക്നിക്കൽ ഓഫിസർ അടക്കം 115 പേരെ നിയോഗിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

