ചെറുപുഴ ∙ കാട്ടുപന്നിവേട്ട തകൃതിയായി നടക്കുമ്പോഴും മലയോരത്തു കാട്ടുപന്നികളുടെ വിളയാട്ടം തുടരുന്നു.
ചെറുപുഴ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിക്കുന്നുവെന്ന പരാതിയെത്തുടർന്നു വനംവകുപ്പ് ഷൂട്ടർമാരെ നിയോഗിച്ചു കാട്ടുപന്നിവേട്ട ആരംഭിച്ചിരുന്നു.
എന്നാൽ വേട്ട നടത്തിയിട്ടും ഷൂട്ടർമാർക്കു കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ സാധിക്കുന്നില്ലെന്നാണു പരാതി ഉയരുന്നത്.
ഇതിനിടയിലാണു കഴിഞ്ഞ ദിവസം തിരുമേനി കോറാളിയിലെ കർഷകൻ പുതിയറ മാത്യുവിന്റെ കമുക്, വാഴ, കൊക്കോ തുടങ്ങിയ കൃഷികൾ കാട്ടുപന്നികളും മരപ്പട്ടികളും ചേർന്നു നശിപ്പിച്ചത്. 3 വർഷം മുൻപ് 2000 ലേറെ കമുകിൻ തൈകളാണു മാത്യു നട്ടുപിടിപ്പിച്ചത്.
ഇതിൽ 800ലേറെ കമുകിൻ തൈകൾ കഴിഞ്ഞ വർഷം കാട്ടുപന്നികൾ നശിപ്പിച്ചിരുന്നു. ഈ വർഷം മാത്രം 4 തവണയാണു കാട്ടുപന്നികൾ മാത്യുവിന്റെ കമുകിൻ തൈകൾ നശിപ്പിച്ചത്.
ഇനി വെറും 300 കമുകിൻ തൈകൾ മാത്രമാണു അവശേഷിക്കുന്നത്. കഴിഞ്ഞവർഷം നശിപ്പിച്ച കമുകിൻ തൈകൾക്കു നഷ്ടപരിഹാരം ലഭിക്കാൻ അപേക്ഷ നൽകിയിരുന്നുവെങ്കിലും ചില്ലിക്കാശു പോലും ലഭിച്ചില്ലെന്നു മാത്യു പറഞ്ഞു.
സ്വർണം പണയം വച്ചും പണം കടം വാങ്ങിയുമാണു കർഷകർ കൃഷിയിറക്കുന്നത്.
എന്നാൽ മുടക്കിയ പണം പോലും തിരിച്ചുകിട്ടുന്നില്ല. ഈ സ്ഥിതി തുടർന്നാൽ കടം കയറി കർഷകർ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നു മാത്യു പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]