
ഇരിട്ടി ∙ ശാശ്വത പ്രതിരോധ നടപടികൾ വൈകുമ്പോൾ ആറളം ഫാം പുനരധിവാസ മേഖലയിലും പകലും കാട്ടാനകളുടെ താണ്ഡവം.ബ്ലോക്ക് 9 ലെ പൂക്കുണ്ട് മേഖലയിൽ ഇന്നലെ രാവിലെ ഇറങ്ങിയ കൊമ്പനാന മണിക്കൂറുകളോളം ഭീതി പരത്തി. ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ കാട്ടിലേക്കു തുരത്തിയെന്നു വനംവകുപ്പിന്റെ അറിയിപ്പ് വന്നതിന്റെ തൊട്ടുപിന്നാലെയാണു പൂക്കുണ്ട് ഭാഗത്ത് രാവിലെ 9 ന് വീണ്ടും കാട്ടാനയെ കണ്ടെത്തിയത്.
ഇതോടെ സ്കൂളിലേക്ക് പുറപ്പെടാൻ തയാറായ വിദ്യാർഥികളും ദൂരസ്ഥലങ്ങളിൽ ജോലിക്കു പോകാൻ ഇറങ്ങിയ തൊഴിലാളികളും ഭീതിയിലായി. ആറളം ആർആർടി സംഘം എത്തി ഏറെ ശ്രമത്തിനൊടുവിലാണു ആനയെ കാട് കയറ്റാനായത്. ആനയുള്ള മേഖലയിലൂടെ വേണം വിദ്യാർഥികൾക്കും തൊഴിലാളികൾക്കുമെല്ലാം യാത്ര ചെയ്യേണ്ടത്.
ആനകൾ സ്ഥിരമായി ഇറങ്ങുന്ന മേഖലയിൽ സുരക്ഷാ സംവിധാനങ്ങൾ ഒന്നും കാര്യക്ഷമല്ലെന്നാണ് പ്രദേശവാസികളുടെ പരാതി. പഴയ മതിൽ ആനകൾ തകർത്ത ഭാഗത്ത് 2 കമ്പികൾ മാത്രം വലിച്ചുകെട്ടിയ താൽക്കാലിക സോളർ വേലി ഫലവത്താകുന്നില്ലെന്നും ഇവർ പറയുന്നു. 10 വർഷത്തിനിടെ കാട്ടാന ആക്രമണത്തിൽ പുനരധിവാസ മേഖലയിലും ഫാം കൃഷിയിടത്തിലും ആയി 14 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നിരവധിപേർക്ക് പരുക്കും ഏറ്റു.
4 മാസത്തിനിടെ മാത്രം 18 വീടുകൾക്ക് നേരെ ആക്രമണം ഉണ്ടായി.
റോഡിൽ യാത്ര ചെയ്യാനും ഭയം
കാട്ടാന ശല്യം രൂക്ഷമായ പരിപ്പുതോട് – കോട്ടപ്പാറ റൂട്ടിൽ അടുത്തിടെ കലക്ടർ രാത്രി – പുലർക്കാല ഗതാഗതം നിരോധിച്ചിരുന്നു. ഇതിനും മുൻപ് തന്നെ ഫാമിൽ പ്രധാന റോഡുകളിൽ കൂടി പോലും ഉള്ള ഗതാഗതം ആളുകൾ ഉപേക്ഷിച്ചിരുന്നു. പാലപ്പുഴ – കക്കുവ മരാമത്ത് റോഡ് നേരത്തേ ഇടതടവില്ലാതെ വാഹനങ്ങൾ കടന്നു പോയിരുന്ന വഴിയാണ്.
ഈ റോഡിൽ ഇപ്പോൾ വിരളമായാണു വാഹനങ്ങൾ കാണുക.
ആന ഭീഷണിയാണ് കാരണം. രാത്രി വാഹനങ്ങൾ കടന്നു പോകാറുമില്ല.
ഫാമിന്റെ ഉൾപ്രദേശങ്ങളിലെ ഭൂരിഭാഗം ചെറിയ റോഡുകളും തകർച്ചയിലുമാണ്. ആന എത്തിയെന്നു അറിഞ്ഞാൽ ആർആർടിക്ക് പോലും എളുപ്പത്തിൽ എത്തിപ്പെടാൻ പറ്റില്ല. പൂക്കുണ്ട് മേഖലയിൽ 9, 10 ബ്ലോക്കുകളെ ബന്ധിപ്പിക്കുന്ന റോഡിന്റെ കുറെ ഭാഗം സഞ്ചാരയോഗ്യമല്ല.
ഇരുചക്ര വാഹനങ്ങൾക്കു പോലും പോകാൻ കഴിയാത്ത വിധമാണ് തകർച്ച.
ആറളം ആനമതിൽ നിർമാണം; സ്റ്റേ റദ്ദാക്കി ഹൈക്കോടതി
ഇരിട്ടി ∙ ആറളം ആനമതിൽ നിർമാണം പുനരാരംഭിക്കുന്നതിനുള്ള തടസ്സം നീങ്ങി. ഇക്കാര്യത്തിൽ നേരത്തേ ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല സ്റ്റേ ഉത്തരവ് റദ്ദാക്കി. സമയബന്ധിതമായി ആനമതിൽ നിർമാണം പൂർത്തിയാക്കാത്തതിനെ തുടർന്നു മരാമത്ത് പുറത്താക്കിയ കരാറുകാരൻ കാസർകോട് സ്വദേശി ബി.റിയാസ് നൽകിയ ഹർജിയിൽ കേസ് ഫയലിൽ സ്വീകരിച്ച കോടതി മരാമത്ത് ആരംഭിച്ച റീടെൻഡർ നടപടികൾ തുടരാനും എന്നാൽ കോടതിയുടെ അനുവാദത്തോടെ ടെൻഡർ ഉറപ്പിക്കാവൂ എന്നും ഇടക്കാല ഉത്തരവ് നൽകിയിരുന്നു. മതിൽ നിർമാണം നിയമക്കുരുക്കിലേക്കു പോയി നീളുമോയെന്ന ആശങ്കയും ഹൈക്കോടതിയുടെ നിർണായക ഇടപെടലോടെ ഒഴിവായി.
റീടെൻഡർ ഉറപ്പിക്കാനാകും
ആറളം ഫാം പുനരധിവാസ മേഖലയും ആറളം വന്യജീവി സങ്കേതവും അതിർത്തി പങ്കിടുന്ന 9.899 കിലോമീറ്റർ ദൂരത്തിലാണ് ആനമതിൽ പണിയേണ്ടത്.
മതിൽ പൂർത്തിയായാൽ ഫാമിലെയും പുനരധിവാസ മേഖലയിലെയും കാട്ടാന ശല്യത്തിനു ശാശ്വത പരിഹാരം ആകുമെന്നാണ് പ്രതീക്ഷ.
നിരവധി പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുക കൂടി ചെയ്ത സാഹചര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണം പൂർത്തിയാക്കണമെന്ന നിർദേശവുമായാണു ആനമതിൽ പണി തുടങ്ങിയത്. കരാർ നൽകി 21 മാസം കഴിഞ്ഞപ്പോഴും 3.9 കിലോമീറ്റർ മാത്രം ആയിരുന്നു പൂർത്തിയാക്കിയത്. ഇതേത്തുടർന്നാണു കരാർ റദ്ദ് ചെയ്തത്.
അവശേഷിച്ച 6 കിലോമീറ്റർ ദൂരം 29 കോടി രൂപയ്ക്കാണ് റീടെൻഡർ വിളിച്ചത്.
4 പേർ നൽകിയ ക്വട്ടേഷനിൽ ഏറ്റവും കുറഞ്ഞ വാഗ്ദാനം (8 ശതമാനം കുറവിൽ) നടത്തിയത് ഹിൽട്രാക് കൺസ്ട്രക്ഷനാണ്. കഴിഞ്ഞ മാസം 21 ന് ടെൻഡർ ഉറപ്പിക്കാവുന്ന ഘട്ടത്തിലേക്കു എത്തിയപ്പോഴായിരുന്നു മുൻ കരാറുകാരൻ കോടതിയിൽ പോയതും സ്റ്റേ സമ്പാദിച്ചതും. പുനരധിവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]