
കണ്ണൂർ ∙ തേങ്ങ, വെളിച്ചെണ്ണ വില കുത്തനെ കൂടിയതിനാൽ ഇക്കുറി കേറ്ററേഴ്സ് വഴിയുള്ള ഓണസദ്യയ്ക്കും ചെലവേറും. സദ്യയ്ക്ക് ഏറ്റവുമധികം വേണ്ട
തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വിലവർധന കാരണം ഒരു സദ്യയ്ക്ക് 100 രൂപയെങ്കിലും കൂടുമെന്നാണ് കേറ്ററേഴ്സ് അസോസിയേഷൻ പറയുന്നത്.
ഭക്ഷണസാധനങ്ങളുടെ വിലവർധന കാരണം എല്ലാ കേറ്ററിങ് ഭക്ഷണങ്ങൾക്കും 20% വില കൂട്ടാൻ അസോസിയേഷൻ തീരുമാനിച്ചുവെന്ന് ജില്ലാ പ്രസിഡന്റ് സാജു വാകാനിപ്പുഴ പറഞ്ഞു. കേറ്ററേഴ്സ് വഴി വാങ്ങുന്ന ഓണസദ്യയ്ക്ക് കഴിഞ്ഞ കൊല്ലം 300–350 രൂപയായിരുന്നു.
ഇത് ഓരോ സ്ഥലം, സ്ഥാപനം എന്നിവയനുസരിച്ച് ഏറ്റക്കുറച്ചിലുണ്ടാകും.
എന്നാൽ ഇക്കുറി 400–450 രൂപയെങ്കിലും ഒരു സദ്യയ്ക്കു വേണ്ടിവരുമെന്നാണ് സാജു പറയുന്നത്. കഴിഞ്ഞ കൊല്ലത്തേക്കാൾ തേങ്ങ, വെളിച്ചെണ്ണ എന്നിവയ്ക്കു മൂന്നിരട്ടിയാണു വില കൂടിയത്. ഓണത്തോടനുബന്ധിച്ച് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെല്ലാം ഗംഭീരസദ്യയാണു കൊടുക്കാറുള്ളത്.
മിക്കതും കേറ്ററേഴ്സ് വഴിയുള്ളതും. അവരെല്ലാം ഇക്കുറി സദ്യ നൽകാൻ വലിയ സംഖ്യ കണ്ടെത്തേണ്ടി വരും.
സദ്യയുടെ എല്ലാ വിഭവങ്ങളിലും തേങ്ങയുള്ളതിനാൽ അതൊഴിവാക്കിയുള്ള സദ്യ നടക്കില്ല.
വെളിച്ചെണ്ണയും അത്യാവശ്യം തന്നെ. അതുപോലെ ബിരിയാണി അരിയുടെ വിലയും വർധിച്ചു.
120 രൂപ വരെയുണ്ടായിരുന്ന ബ്രാൻഡഡ് അരികൾക്ക് 220 രൂപയിലധികമായി. അതുകൊണ്ട് ബിരിയാണിക്കും വിലകൂട്ടേണ്ടി വന്നുവെന്ന് സാജു പറഞ്ഞു.
ബിരിയാണി അരിയുടെ വില കൂടുന്നതിനാൽ മൊത്തവ്യാപാരികൾക്കിടയിൽ പൂഴ്ത്തിവയ്പ്പും കൂടിയെന്ന് അദ്ദേഹം പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]