
കണ്ണൂർ ∙ സംയുക്ത ബസ് ഉടമ സമിതി സൂചനാ പണിമുടക്ക് നടത്തി. ഓഫിസുകളും സ്ഥാപനങ്ങളും വിദ്യാലയങ്ങളും പ്രവർത്തിച്ചെങ്കിലും ഹാജർനിലയെ ബാധിച്ചു.
യാത്രക്കാർ കൂടുതലായും സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ചു. ജില്ലയിലെ പ്രധാന റൂട്ടുകളിൽ ഇന്നലെ രാവിലെ മുതൽ തന്നെ വാഹനങ്ങളുടെ തിരക്കായിരുന്നു.
ചാല ബൈപാസിൽ രാവിലെ 8 മുതലുള്ള ഗതാഗതക്കുരുക്ക് 10 വരെ നീണ്ടു. വൈകിട്ടും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
ലിമിറ്റഡ്– ദീർഘദൂര ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുക, വിദ്യാർഥി കൺസഷൻ നിരക്ക് വർധിപ്പിക്കുക, അർഹതപ്പെട്ടവർക്ക് മാത്രമായി കൺസഷൻ പരിമിതപ്പെടുത്തുക, ജിപിഎസ്, സ്പീഡ് ഗവേണർ, ക്യാമറ എന്നിവ ബസിൽ സ്ഥാപിക്കണമെന്ന നിർദേശം പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു പണിമുടക്ക്.
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്നും ഉടമകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊതുപണിമുടക്കിന്റെ ഭാഗമായി ഇന്നും സ്വകാര്യ ബസുകൾ നിരത്തിലിറങ്ങുന്നില്ല.
അധിക സർവീസ് നടത്തി കെഎസ്ആർടിസി
കണ്ണൂർ ∙ പണിമുടക്കിനെ തുടർന്നു കെഎസ്ആർടിസി കൂടുതൽ ബസുകൾ നിരത്തിലിറക്കിയെങ്കിലും യാത്രക്കാർ കൂടുതലുള്ള രാവിലെയും വൈകിട്ടും ആവശ്യത്തിന് ബസ് ലഭിക്കാതെ ജനം വലഞ്ഞു. കണ്ണൂർ ഡിപ്പോയിൽനിന്നു ആറും തലശ്ശേരി ഡിപ്പോയിൽനിന്ന് നാലും പയ്യന്നൂർ ഡിപ്പോയിൽനിന്നു നാലും പ്രത്യേക സർവീസുകൾ നടത്തി.
എന്നാൽ, രാത്രി 8ന് ശേഷം ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ ഓടാതിരുന്നതും യാത്രക്കാരെ വലച്ചു. തൊഴിലാളി സംഘടനകൾ പണിമുടക്കിന് നോട്ടിസ് നൽകാത്തതിനാൽ ഇന്നു കെഎസ്ആർടിസി സർവീസ് നടത്തുമെന്നാണു ഗതാഗതമന്ത്രി പറയുന്നത്.
എന്നാൽ കെഎസ്ആർടിസിയിലെ ഇടത് തൊഴിലാളി സംഘടനകൾ മന്ത്രി പറഞ്ഞതിനെ തള്ളിയിട്ടുണ്ട്. പണിമുടക്കിൽ പങ്കെടുക്കുമെന്നാണ് ഇവർ പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]