
നൊമ്പരച്ചുഴിയിൽ…; 3 വിദ്യാർഥികളുടെ മുങ്ങിമരണത്തിൽ വിറങ്ങലിച്ച് നാട്
കണ്ണൂർ ∙ ജലാശയങ്ങൾ മരണക്കെണിയായേക്കാം എന്നറിയാതെ കുളിക്കാനിറങ്ങിയ ആറുപേരുടെ മരണമാണ് ഈ മാസം നമ്മൾ കേട്ടത്. അഴീക്കോട് മീൻകുന്ന് ബീച്ചിൽ കുളിക്കുന്നതിനിടെ തിരയിൽപെട്ട പട്ടാന്നൂർ കൊടോളിപ്രം ആനന്ദനിലയത്തിൽ പി.കെ.ഗണേശൻ നമ്പ്യാർ(28), വാരം വലിയന്നൂർ വെള്ളോറ ഹൗസിൽ വി.പ്രിനീഷ് (27) എന്നിവരുടെ മരണത്തിന്റെ ആഘാതം മാറുന്നതിനും മുൻപാണ് ഇന്നലെ വൈകിട്ട് ജില്ലയിൽ മൂന്നിടത്തായി മൂന്നു ജീവൻ പൊലിഞ്ഞത്.
ചൂട്ടാട് ബീച്ചിൽ അപകടത്തിൽപെട്ട വിദ്യാർഥികളെ പരിയാരം ഗവ.മെഡിക്കൽ കോളജിലെത്തി എം.വിജിൻ എംഎൽഎ സന്ദർശിക്കുന്നു.
കുളത്തിൽ വീണു പരുക്കേറ്റു ചികിത്സയിലായിരുന്ന പരിയാരം ഗവ.മെഡിക്കൽ കോളജ് നഴ്സിങ് കോളജിലെ രണ്ടാം വർഷ വിദ്യാർഥി തൃശൂർ പളിപ്പുറം ഒ.എസ്.അഭിമന്യു(21) നാലിനാണു മരിച്ചത്.
31നു വൈകിട്ടു മെഡിക്കൽ കോളജ് സമീപത്തെ പരിയാരം ഏമ്പേറ്റ് കുളത്തിലായിരുന്നു അപകടം. ഇതിനെല്ലാം പിന്നിലാണ് ഇന്നലെ വൈകിട്ടുണ്ടായ മൂന്ന് അപകടം. നാടിനെ ദുഃഖത്തിലാഴ്ത്തിഷാഹിദിന്റെ വേർപാട്
പെരുന്നാൾ ദിനത്തിൽ കൂട്ടുകാർക്കൊപ്പം ഉല്ലസിക്കുന്നതിനിടെ അബദ്ധത്തിൽ കൂവേരി പുഴയിൽ മുങ്ങിമരിച്ച നെല്ലിപ്പറമ്പ് എം.മുഹമ്മദ് ഷാഹിദിന്റെ മരണം നാടിനെയാകെ ദുഃഖത്തിലാഴ്ത്തി.
എംഎസ്എഫ് താലോറ ശാഖാ സെക്രട്ടറിയും എസ്കെഎസ്എസ്എഫ് സർഗലയം ശാഖാ കൺവീനറുമാണ്. തൂക്കുപാലം സ്ഥിതി ചെയ്യുന്ന കൂവേരിയിലെ പുഴയിൽ അടുത്തകാലത്തായി ഒട്ടേറെപ്പേർ എത്താറുണ്ട്. മുഹമ്മദ് ഷാഹിദിനു നീന്തൽ അറിയാമായിരുന്നുവെന്നു കൂട്ടുകാർ പറയുന്നു. പുഴയിലിറങ്ങി അൽപസമയത്തിനുള്ളിൽ ഷാഹിദിനെ കാണാതായി. വിവരമറിഞ്ഞ് നാട്ടുകാർ ഉടൻ തന്നെ കരയ്ക്കു കയറ്റിയിരുന്നു.
ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷാഹിദിന്റെ പിതാവ് അബ്ദുലത്തീഫ് തളിപ്പറമ്പ് മാർക്കറ്റിലെ ചുമട്ടുത്തൊഴിലാളിയാണ്.
അലീനയുടെ ജീവനെടുത്തത് അപകടക്കയം
വലിയ നീരൊഴുക്കില്ലെങ്കിലും ജീവനെടുക്കാൻ അതു മതിയായിരുന്നു.
വലക്കുമറ്റത്തിൽ അലീന മുങ്ങിമരിച്ചത് ഇന്നലെ വൈകിട്ടാണ്. മഴ ശക്തി പ്രാപിച്ചാൽ പുഴകൾ നിറയും.
മലയോരത്തെ മിക്ക പുഴകളിലും അപകടം പതിയിരിക്കുന്ന കയങ്ങളുണ്ട്. പാറക്കൂട്ടങ്ങൾക്കിടയിലെ കയങ്ങൾ തിരിച്ചറിയുക പ്രയാസം.
ചില കയങ്ങൾക്കു നാലും അഞ്ചും മീറ്റർ ആഴമുണ്ട്. വെള്ളം കുറവാണെന്ന കണക്കുകൂട്ടലിൽ ഇറങ്ങുന്നവരാണു പലപ്പോഴും അപകടത്തിൽപെടുന്നത്.
ഫൈറൂസ് മറഞ്ഞത്, കൂട്ടുകാരെരക്ഷിക്കാന് ശ്രമിക്കവേ
ഫൈറൂസ് ചുഴിയിൽപ്പെട്ടത് അപകടത്തിൽപെട്ട കൂട്ടുകാരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ.
നാട്ടുകാർ ഏറെനേരം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പൊലീസ്, അഗ്നിരക്ഷാസേന, മത്സ്യത്തൊഴിലാളികൾ എന്നിവരെത്തി തിരച്ചിൽ ഊർജിതമാക്കി.
ഒടുവിൽ മത്സ്യത്തൊഴിലാളികളുടെ വലയിലാണു ഫൈറൂസിനെ കിട്ടിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വൈകിട്ടുവരെ കൂട്ടുകാർക്കൊപ്പം കളിയും ചിരിയുമായി നടന്ന ഫൈറൂസ് പുഴയിൽ മുങ്ങിത്താഴ്ന്ന വാർത്ത നാട്ടുകാർക്കു വിശ്വസിക്കാനായില്ല. അപകടം നിറഞ്ഞ അഴിമുഖമാണിവിടെ. മഴക്കാലമെത്തുന്നതോടെ, അഴിമുഖത്തെ മണ്ണുനീക്കിയാണു വെള്ളക്കെട്ടു പരിഹരിക്കുന്നത്.
ഇതിനുപരിഹാരമുണ്ടാക്കാൻ നിർമിക്കുന്ന പുലിമുട്ടിന്റെ പ്രവൃത്തി ഇഴഞ്ഞുനീങ്ങുകയാണ്. അപകടവിവരമറിഞ്ഞ് എം.വിജിൻ എംഎൽഎ, മാടായി പഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരൻ, ജനപ്രതിനിധികൾ, പഞ്ചായത്ത്, മാടായി വില്ലേജ് അധികൃതർ, അഗ്നിരക്ഷാസേന, പഴയങ്ങാടി പൊലീസ്, കോസ്റ്റൽ പൊലീസ് എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.
ഒരായിരംവട്ടം ചിന്തിക്കണം,വെള്ളത്തിലിറങ്ങും മുൻപ്
ബന്ധുവീടുകളിലേക്കോ സുഹൃത്തുക്കളുടെ വീട്ടിലേക്കോ പോകുന്നവർ അമിത ആത്മവിശ്വാസത്തോടെ അവിടെയുള്ള ജലാശയങ്ങളിലേക്ക് ഇറങ്ങല്ലേ.
അതു വലിയ അപകടം വിളിച്ചുവരുത്തും. എത്ര നന്നായി നീന്താൻ അറിയുന്നവരായാലും പരിചിതമല്ലാത്ത ജലാശയങ്ങളിൽ ഇറങ്ങാതിരിക്കുകയാണു നല്ലത്.
∙ ആഴം കുറവാണെന്നു കരുതിയിറങ്ങുന്ന ജലാശയങ്ങൾ മരണക്കെണിയായേക്കാം. ഒരിക്കലും ജലാശയത്തെക്കുറിച്ചു ധാരണയില്ലാതെ കുളിക്കാനോ നീന്താനോ ഇറങ്ങരുത്.
∙ അതിസാഹസിക പ്രകടനങ്ങൾ ജലാശയത്തിൽ വേണ്ട.
ഒരു നിമിഷത്തെ അശ്രദ്ധ മരണത്തിലേക്കു നയിച്ചേക്കാം.
∙ പാറക്കെട്ടുകളിലെ വഴുക്കലും ജലാശയങ്ങൾക്കുള്ളിലെ കല്ലും ചെളിയും അപകടം വിളിച്ചുവരുത്തും
∙ ആഴം കുറവെന്നു കരുതി അറിയാത്ത പുഴകളിലിറങ്ങരുത്.
∙ സുഹൃത്തുക്കളുടെ മുന്നിൽ ധീരത കാണിക്കാനുള്ള ശ്രമങ്ങൾ വേണ്ട. ലഹരി ഉപയോഗിച്ചുള്ള നീന്തൽ ഒരു കാരണവശാലും പാടില്ല.
∙ ‘ആഴമില്ല’, ‘കുഴപ്പമില്ല’, ‘ഞങ്ങൾ നോക്കിക്കൊള്ളാം’, ‘നീയെന്തിനാ പേടിക്കുന്നേ’ എന്നിങ്ങനെ ചോദിക്കാനും ഉപദേശിക്കാനും പലരുമുണ്ടാകും.
പക്ഷേ, നീന്തൽ അറിയില്ലെങ്കിൽ ജലാശയങ്ങളിൽ ഇറങ്ങരുത്
∙ ലൈഫ് ഗാർഡുകളെ അവഗണിക്കരുത്. അവരുടെ നിർദേശമനുസരിച്ചു മാത്രം കടലിൽ ഇറങ്ങുക.
എടുത്തുചാട്ടം വേണ്ട
∙ ആരെങ്കിലും വെള്ളത്തിൽ വീണെന്നു കണ്ടാൽ എടുത്തുചാടി അപകടങ്ങളുണ്ടാക്കരുത്. രക്ഷിക്കാനിറങ്ങുന്നവരുടെ മുങ്ങിമരണങ്ങൾ കൂടുന്നുണ്ട്.
∙ കുട്ടികൾ ഒരു കാരണവശാലും ഇതിനു മുതിരരുത്.
എത്രയും വേഗം അടുത്തുള്ള മുതിർന്നവരെ വിവരമറിയിക്കുക.
∙ മുങ്ങിപ്പൊങ്ങുന്നയാളുടെ തലയും കാലും സമാന്തരമായി നിർത്തി മെല്ലെ കരയിലേക്കു തുഴയണം. ജലസുരക്ഷാ ബോധവൽക്കരണം വീട്ടിൽനിന്നു തുടങ്ങണം.
മുങ്ങിമരണങ്ങളുടെ ഇരകളിലധികവും നീന്താൻ അറിയുന്നവരായിരിക്കും. നീന്താൻ അറിയാത്തവർ വെള്ളത്തിൽനിന്നു മാറിനിൽക്കും.
അൽപമെങ്കിലും നീന്താൻ അറിയുന്നവർ വെള്ളത്തിലിറങ്ങും. എന്നാൽ, സ്വയംരക്ഷയ്ക്കുവേണ്ട
നീന്തൽ പരിശീലനം ഇവർക്ക് ഉണ്ടാകണമെന്നില്ല. ചാൾസൻ ഏഴിമല ലൈഫ് ഗാർഡ്, നീന്തൽ പരിശീലകൻ ജലാശയങ്ങളെ അറിഞ്ഞു പെരുമാറുകയാണു പ്രധാനം. പുറമേ കാണുന്ന ശാന്തത അടിഭാഗത്ത് ഉണ്ടാവണമെന്നില്ല. അടിയൊഴുക്ക്, ചെളിക്കൂന, മരക്കുറ്റികൾ എന്നിവ വെള്ളത്തിനു മുകളിൽനിന്നു കാണാനാകാത്ത അപകട
സാധ്യതകളാണ്. മഴയും വെള്ളപ്പൊക്കവും ഇത്തരം സാധ്യതകൾ വർധിപ്പിക്കുന്നു.
കെ.പി.മോഹനൻ, അക്വാറ്റിക് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]