പയ്യന്നൂർ ∙ പയ്യന്നൂർ പൊലീസ് സബ് ഡിവിഷനു കീഴിലുള്ള കോറോം നെല്ലിയാട്ടെ പൊലീസ് ഡംപിങ് യാഡിൽ വൻതീപിടിത്തം. 400ൽ അധികം വാഹനങ്ങൾ കത്തിനശിച്ചു.
ഏതാണ്ട് 5 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായി. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണു തീപിടിത്തം.
കണ്ണൂർ – കാസർകോട് ജില്ലകളിലെ അഗ്നിരക്ഷാ കേന്ദ്രങ്ങളിൽ നിന്നെത്തിയ 10 യൂണിറ്റ് അഗ്നിരക്ഷാസേന 5 മണിക്കൂറിലധികം സമയമെടുത്താണ് തീയണച്ചത്. സമീപത്തെ ഗ്യാസ് ഗോഡൗണിലേക്കു തീ പടരാതെ തടഞ്ഞതിനാൽ വൻദുരന്തം ഒഴിവായി.
ശുദ്ധജല ടാങ്കറുകളിലും മറ്റും വെള്ളം നിറച്ചെത്തിച്ച് ഫയർ എൻജിനുകളിലേക്കു മാറ്റിയും സമീപത്തെ കുളങ്ങളിൽനിന്ന് ഫയർ എൻജിനുകളിൽ വെള്ളം നിറച്ചുമാണ് അഗ്നിരക്ഷാസേന രണ്ടര ലക്ഷം ലീറ്റർ വെള്ളം പമ്പ് ചെയ്തു തീയണച്ചത്.
പയ്യന്നൂർ സബ് ഡിവിഷനു കീഴിലെ പൊലീസ് സ്റ്റേഷനുകളിലെ തൊണ്ടിമുതൽ വാഹനങ്ങൾ സൂക്ഷിക്കുന്നതിനു കോറോം നെല്ലിയാട്ട് 3 വർഷം മുൻപു സർക്കാർ അനുവദിച്ച ഒരേക്കർ സ്ഥലത്താണു ഡംപിങ് യാഡ് ഒരുക്കിയത്. ഇവിടെ കാവലിനു ഹോംഗാർഡിനെ ഏൽപിച്ചതല്ലാതെ ചുറ്റുമതിൽ നിർമിക്കാനോ മറ്റ് സൗകര്യങ്ങൾ ഒരുക്കാനോ അധികൃതർ തയാറായില്ല.
സമീപത്തു സ്വകാര്യ വ്യക്തിയുടെ 40 ഏക്കർ സ്ഥലത്ത് അക്കേഷ്യ മരങ്ങളാണ്. ആ സ്ഥലത്തുണ്ടായ തീ ഡംപിങ് യാഡിലേക്കു പടരുകയായിരുന്നു.
യാഡിനോടു ചേർന്ന പറമ്പിൽ തീ ഉയർന്നപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡ് അഗ്നിരക്ഷാസേനയുടെ സഹായം തേടി.
അഗ്നിരക്ഷാസേനയും പൊലീസും വേഗത്തിലെത്തിയെങ്കിലും വാഹനങ്ങൾക്കു തീപിടിച്ചു. എണ്ണയും ടയറും തീപിടിത്തത്തിന്റെ വേഗം കൂട്ടി.
ആദ്യഘട്ടത്തിൽ അഗ്നിരക്ഷാസേനയെ ഇതേറെ പ്രതിസന്ധിയിലാക്കി. മറ്റ് യൂണിറ്റുകളുമെത്തി ഒരുമിച്ച് വെള്ളം പമ്പ് ചെയ്തു തുടങ്ങിയതോടെയാണു തീ അൽപമെങ്കിലും നിയന്ത്രണവിധേയമായത്.
ഒരു ഭാഗത്ത് തീയണക്കുമ്പോൾ മറ്റു ഭാഗത്തു തീ പടരുന്ന അവസ്ഥയായി. വിശാലമായ പറമ്പിലെ അക്കേഷ്യ മരങ്ങളും ചപ്പുചവറുകളും കത്തുന്ന സ്ഥിതിയുമുണ്ടായി.
ടയർ കത്തുന്നതിന്റെ ഉൾപ്പെടെയുള്ള പുക അഗ്നിരക്ഷാസേനയുടെ പ്രവർത്തനം ബുദ്ധിമുട്ടിലാക്കി.
കണ്ണൂർ റീജനൽ ഫയർ ഓഫിസർ ടി.രഞ്ജിത്ത്, പയ്യന്നൂർ സ്റ്റേഷൻ ഓഫിസർ സി.പി.രാജേഷ്, കണ്ണൂർ മോട്ടർ ട്രാൻസ്പോർട്ട് ഓഫിസർ ടി.പി.ധനേഷ്, തൃക്കരിപ്പൂർ സ്റ്റേഷൻ ഓഫിസർ കെ.വി.പ്രഭാകരൻ, കാഞ്ഞങ്ങാട് സ്റ്റേഷൻ ഓഫിസർ ആദർശ് അശോകൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണു തീയണച്ചത്.
നാശമായത്, അഗ്നിരക്ഷാസേന സംരക്ഷിച്ച തൊണ്ടിമുതൽ
പയ്യന്നൂർ ∙ കോടികൾ വിലമതിക്കുന്ന തൊണ്ടിമുതലുകളാണ് കോറോം നെല്ലിയാട്ടെ ഡംപിങ് യാഡിലുണ്ടായിരുന്നത്. സമീപത്താകട്ടെ, അക്കേഷ്യ മരങ്ങളും ചപ്പുചവറുകളും നിറഞ്ഞ 40 ഏക്കർ സ്ഥലമുണ്ട്.
അതിൽ എവിടെ തീപിടിച്ചാലും മണിക്കൂറുകൾക്കകം അതു പൊലീസ് തൊണ്ടിമുതൽ വാഹനങ്ങളെ വിഴുങ്ങുമെന്ന് അഗ്നിരക്ഷാസേനയ്ക്കറിയാം. അതിനാൽത്തന്നെ, പൊലീസിന് അവർ മുന്നറിയിപ്പ് നൽകിയിരുന്നു.
തീ കണ്ടാലുടൻ അഗ്നിരക്ഷാസേനയെ വിവരമറിയിക്കണമെന്നു യാഡിനു കാവൽ നിൽക്കുന്ന ഹോം ഗാർഡിനു നിർദേശം നൽകിയിരുന്നു.
ചൊവ്വാഴ്ച പകലും അഗ്നിരക്ഷാസേനയെത്തി സമീപത്തെ പറമ്പിലെ തീയണച്ചിരുന്നു. ബുധനാഴ്ച ഉച്ചയ്ക്കു കോൾ ലഭിച്ചപ്പോൾ അതിവേഗത്തിൽ സേന അവിടെയെത്തി.
ഒന്നും രണ്ടും യൂണിറ്റുകൾ എത്തിയിട്ടും ഏശിയില്ല. കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്നു കൂട്ടത്തോടെ അഗ്നിരക്ഷാസേന എത്തേണ്ടി വന്നു.
രണ്ടര ലക്ഷം ലീറ്റർ വെള്ളം ഉപയോഗിച്ച് 8 യൂണിറ്റ് സേന 5 മണിക്കൂറിലധികം സമയമെടുത്താണു തീയണച്ചത്. അപ്പോഴേക്കും തൊണ്ടിമുതൽ അഗ്നി വിഴുങ്ങിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

