തലശ്ശേരി ∙ തലായി കടപ്പുറത്ത് സിപിഎം പ്രവർത്തകനായ എ.ലതേഷ് (34) കൊല്ലപ്പെട്ട കേസിൽ വിചാരണ ആരംഭിച്ച് 6 വർഷത്തിന് ശേഷമാണ് വിധി വരുന്നത്.
2020 ജനുവരി 8ന് ആണ് വിചാരണ ആരംഭിച്ചത്. ഇതിനിടയിൽ പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ചു.
ഒന്നാം സാക്ഷിയെ വിസ്തരിക്കാതെ മൂന്നാം സാക്ഷിയെ ഒന്നാമതായി വിസ്തരിക്കുന്നതിനെതിരെയായിരുന്നു പ്രതിഭാഗത്തിന്റെ ഹർജി. ഹൈക്കോടതി അതിൽ ഇടപെടാൻ വിസമ്മതിച്ചു.
ഹർജിയിൽ തീർപ്പാകുമ്പോഴേക്കും കോവിഡ് പൊട്ടിപ്പുറപ്പെട്ടു.
അതോടെ വിചാരണ നീണ്ടു. തലായി കടപ്പുറത്ത് ഒട്ടേറെപ്പേരുടെ മുന്നിലാണ് ലതേഷ് ആക്രമിക്കപ്പെടുന്നത്.
സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ് ദീർഘകാലം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ദൃക്സാക്ഷി മോഹൻലാലും സംഭവസ്ഥലത്ത് അക്രമികൾ ബോംബ് എറിഞ്ഞതിനെത്തുടർന്നു പരുക്കേറ്റ സന്തോഷും ഉൾപ്പെടെയുള്ള സാക്ഷികൾ വിചാരണ വേളയിൽ കൂറുമാറിയിരുന്നു. തലശ്ശേരി പൊലീസ് ഇൻസ്പെക്ടറായിരുന്ന യു.പ്രേമൻ പ്രാഥമിക അന്വേഷണം നടത്തിയ കേസിൽ ഇൻസ്പെക്ടറായിരുന്ന എം.പി.വിനോദാണ് അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചത്.
നിലവിൽ ക്രൈംബ്രാഞ്ച് എസ്പിയായ എം.പി.വിനോദ് വിധി കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു.
ശിക്ഷ ഇങ്ങനെ
കൊലപാതകക്കുറ്റത്തിനു ജീവപര്യന്തം കഠിനതടവും 50,000 രൂപ വീതം പിഴയും വധശ്രമത്തിന് 10 വർഷം കഠിനതടവും 20,000 രൂപ വീതം പിഴയും അതിഗുരുതരമായി പരുക്കേൽപിച്ചതിന് 10 വർഷം കഠിനതടവും 10,000 രൂപ വീതം പിഴയും സ്ഫോടകവസ്തു നിരോധനനിയമ(3) പ്രകാരം 10 വർഷം കഠിനതടവും 50,000 രൂപവീതം പിഴയും സ്ഫോടകവസ്തു നിരോധനനിയമ (5) പ്രകാരം 5 വർഷം കഠിനതടവും 10,000 രൂപവീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷകളെല്ലാം ഒന്നിച്ചു ജീവപര്യന്തമായി അനുഭവിച്ചാൽ മതി.
പ്രതികൾ പിഴയടയ്ക്കുകയാണെങ്കിൽ 5 ലക്ഷം രൂപ കൊല്ലപ്പെട്ട ലതേഷിന്റെ മാതാവിനും 75,000 രൂപ പരുക്കേറ്റ സുരേഷിനും കൊടുക്കണമെന്നും ഉത്തരവിലുണ്ട്.
ഹൈക്കോടതിയെ സമീപിക്കും: സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ
വിധി പഠിച്ചശേഷം വിട്ടയക്കപ്പെട്ടവർക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.കെ.വർഗീസ് പറഞ്ഞു.
പ്രോസിക്യൂഷൻ നിരത്തിയ വാദങ്ങളെല്ലാം അംഗീകരിച്ച് എല്ലാ വകുപ്പിലും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ സാക്ഷി പോലും കൂറുമാറിയ കേസാണിത്. വസ്തുതകളെല്ലാം കോടതിയെ ബോധിപ്പിക്കാൻ സാധിച്ചതായി അദ്ദേഹം പറഞ്ഞു.
കേസിൽ 4 പേരെ കോടതി കുറ്റവിമുക്തരാക്കിയിട്ടുണ്ട്. ശിക്ഷിക്കപ്പെട്ട
മറ്റുള്ളവരുടെ നിരപരാധിത്വം തെളിയിക്കാൻ വിധി പഠിച്ച ശേഷം ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗത്ത് ഹാജരായ അഡ്വ. പി.പ്രേമരാജൻ പറഞ്ഞു.
ക്രിമിനൽ മുഖം ഒന്നുകൂടി വെളിപ്പെട്ടു: കെ.കെ.രാഗേഷ്
കണ്ണൂർ ∙ തലായിലെ സിപിഎം നേതാവ് കെ.ലതേഷിനെ വെട്ടിക്കൊന്ന കേസിൽ ആർഎസ്എസ്– ബിജെപി സംഘത്തെ കോടതി ശിക്ഷിച്ചതിലൂടെ അവരുടെ ക്രിമിനൽ മുഖം ഒന്നുകൂടി വെളിപ്പെട്ടുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്.
നീതിനിർവഹണം കൃത്യമായി നടന്നാൽ ആർഎസ്എസിന്റെ ചോരക്കളിയെല്ലാം നീതിപീഠത്തിന് മുന്നിലെത്തി ശിക്ഷിക്കപ്പെടുകതന്നെ ചെയ്യുമെന്നതിന്റെ ഉദാഹരണം കൂടിയാണ് ലതേഷ് വധക്കേസ് വിധിയെന്നും രാഗേഷ് പറഞ്ഞു.
കോടതിവിധിയിൽ തൃപ്തി: സഹോദരി സോണിയ
തലശ്ശേരി ∙ കോടതി വിധിയിൽ തൃപ്തിയുണ്ടെങ്കിലും സങ്കടമുണ്ടെന്ന് കൊല്ലപ്പെട്ട ലതേഷിന്റെ സഹോദരി സോണിയ പറഞ്ഞു.
വിധി അറിഞ്ഞതിനു ശേഷം കോടതി മുറ്റത്ത് പ്രതികരിക്കുകയായിരുന്നു അവർ. കൊന്നിട്ടിട്ടുണ്ട് പോയി നോക്കെന്നു പറഞ്ഞു എന്റെ മുന്നിലൂടെയാണ് അക്രമിസംഘം കടന്നുപോയത്.
എല്ലാം നമുക്ക് അറിയാവുന്നവരായിരുന്നു. അതുവരെ മാസ്ക് ധരിച്ചിരുന്ന അക്രമികൾ എന്റെ മുന്നിൽ മാസ്ക് അഴിച്ചു കൊണ്ടാണ് ഇതു പറഞ്ഞത്.
ഞാനും രണ്ടു സഹോദരങ്ങളും ചെന്ന് നോക്കുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ഇതു പറഞ്ഞ ആൾ കുറ്റവിമുക്തനാക്കപ്പെട്ടിരിക്കുകയാണ്.
എല്ലാ പ്രതികൾക്കും ശിക്ഷ ലഭിച്ചാൽ മാത്രമേ ഒരുറുമ്പിനെ പോലും നോവിക്കാത്ത എന്റെ സഹോദരന് നീതി കിട്ടൂ. കൊന്നവരുടെ കുടുംബക്കാർ പോലും പല ആവശ്യങ്ങൾക്കും വേണ്ടി ലതേഷിന്റെ സഹായം തേടിയിട്ടുണ്ട്.
സഹോദരൻ ഹരീഷും വിധി കേൾക്കാനെത്തിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

