∙ കേരളത്തിൽ ഹാർബർ ഇല്ലാത്ത ഏറ്റവും വലിയ കടപ്പുറമാണ് മാടായി പഞ്ചായത്തിലെ പുതിയങ്ങാടിയിലേത്. മീൻപിടിത്തവുമായി ബന്ധപ്പെട്ട് ആയിരത്തിലധികം പേർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. മീൻ പിടിക്കാൻ പോകുന്നതുമുതൽ മീൻ സംസ്കരിക്കുന്നതുവരെ പല ജോലികൾ.
പുതിയങ്ങാടി കടപ്പുറം പോലെ വലുതാണ് ഇവരുടെ പ്രശ്നങ്ങളും. ഹാർബറില്ല, ഐസ് പ്ലാന്റ് അടച്ചുപൂട്ടി, ചൂട്ടാട് കടപ്പുറത്തെ അപകടങ്ങൾ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ.
ഇവ ജനപ്രതിനിധികളോടു പറഞ്ഞു മടുത്തെന്നു പുതിയങ്ങാടി കടപ്പുറം ഭണ്ഡാരക്കമ്മിറ്റി ട്രഷറർ പി.പി.അബ്ദുൽ ജബ്ബാർ പരിഭവത്തോടെ പറയുന്നു.
‘‘എന്താപ്പാ പറഞ്ഞിട്ട്. കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നു.
ചൂട്ടാട് അഴിമുഖത്ത് മണൽത്തിട്ടയിൽ തട്ടി ബോട്ട് മറിഞ്ഞ് എത്ര പേരാണു മരിച്ചത്. അപകടം ഉണ്ടാകുമ്പോൾ മണ്ണു നീക്കാമെന്നു പറയും.
മണ്ണു നീക്കിയതുകൊണ്ടു കാര്യമില്ല. വീണ്ടും മണ്ണ് അവിടേക്ക് ഒഴുകിയെത്തും.
മണ്ണെത്തുന്നതു തടയാൻ പുളിമൂട്ട് നീട്ടിയുണ്ടാക്കണം. 300 മീറ്റർ നീട്ടിയാലേ ബോട്ടുകൾ മണൽതിട്ടയിൽ ഇടിക്കുന്നത് ഇല്ലാതാകൂ. കേരളത്തിൽ ഹാർബർ ഇല്ലാത്ത ഏറ്റവും വലിയ കടപ്പുറമാണിത്.
നൂറോളം വള്ളങ്ങൾ ഇവിടെയുണ്ട്. എന്നാൽ കാലാവസ്ഥ മോശമാകുമ്പോൾ വള്ളങ്ങൾക്ക് ഇവിടെ അടുക്കാൻ കഴിയില്ല.
അന്നേരം ചൂട്ടാടു പോകണം. അവിടെയാണെങ്കിൽ മൂന്നു വള്ളങ്ങൾക്കു മാത്രമേ ഒരേസമയം അടുക്കാൻ കഴിയൂ.
പിടിച്ച മീൻ അന്നേരം തന്നെ വിറ്റില്ലെങ്കിൽ വില കുറയും. ബോക്സിന് പതിനായിരം രൂപ വിലയുള്ളത് ആയിരം രൂപയ്ക്ക് കൊടുക്കേണ്ടി വരും’’– ജബ്ബാർ പറഞ്ഞു.
‘‘കേരളത്തിലെ ആദ്യത്തെ ഐസ് പ്ലാന്റ് ഇവിടെയായിരുന്നു.
അതു പൂട്ടിയിട്ടു കൊല്ലങ്ങളായി. അവിടെയിപ്പോൾ കല്ലുമ്മക്കായ വളർത്തലാണ്.
അതല്ലല്ലോ ഞങ്ങൾക്കു വേണ്ടത്. മീൻ കേടാതിരിക്കാൻ ഐസല്ലേ വേണ്ടത്.
നവകേരള സദസ്സിൽ ഞങ്ങൾ പരാതി കൊടുത്തിരുന്നു. ഒപ്പുശേഖരണം നടത്തി എംഎൽഎയ്ക്കും കൊടുത്തു.
പക്ഷേ, ഒരു കാര്യവുമുണ്ടായില്ല’’–ഓൾ കേരള ഫിഷ് മർച്ചന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി.ഖാലിദ് പറഞ്ഞു. മീൻപിടിത്ത മേഖലയുമായി ബന്ധപ്പെട്ട ആയിരത്തിലേറെ കുടുംബങ്ങൾ വലിയൊരു വോട്ട്ബാങ്ക് ആണ്.
അക്കാര്യം ജനപ്രതിനിധികൾ തിരിച്ചറിയണമെന്നാണ് ഇവർക്കു പറയാനുള്ളതും.
പിണറായി വിജയനാണേ സത്യം
∙ കടയിലെത്തുന്നവർ ഇടതുരാഷ്ട്രീയം പറയുന്നതു കേൾക്കാനാണ് കണ്ണൂർ–കൂത്തുപറമ്പ് റൂട്ടിൽ ആഡൂർ പാലത്തിനു സമീപമുള്ള സയന്റിഫിക് ടീ ലാബ് ഹോട്ടൽ ഉടമ മന്നമ്പേത്ത് സഹദേവനു താൽപര്യം. ചൂടൻ ചായ അടിക്കുന്നതുപോലെ ചൂടൻ രാഷ്ട്രീയം ചർച്ച ചെയ്യുന്ന സ്ഥലമാണ് സയന്റിഫിക് ടീ ലാബ്. ഹോട്ടലിൽ മുഴുവൻ സിപിഎം നേതാക്കന്മാരുടെ ചിത്രങ്ങൾ.
അതിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മാത്രം വേറെയൊട്ടിച്ചിട്ടുണ്ട്. അത്രയ്ക്കു നെഞ്ചേറ്റിയിരിക്കുകയാണു പ്രിയ നേതാവിനെ.
എന്തെങ്കിലും പറയാനുണ്ടെങ്കിൽ ‘പിണറായി വിജയനാണേ സത്യം’ എന്നാണ് സഹദേവൻ ആണയിടുക.
‘‘ഇവിടെ കൊടികെട്ടാൻ പോലും മറ്റുള്ളവർക്ക് ആളെ കിട്ടില്ല. എല്ലാം ഞങ്ങളുടെ പാർട്ടി കുടുംബങ്ങളാണ്.
യുഡിഎഫ് നേതാക്കന്മാർ എന്തെല്ലാം ആരോപണം കൊണ്ടുവന്നാലും സത്യാവസ്ഥയെന്തെന്നു ഞങ്ങൾക്കറിയാം. നുണകൊണ്ടു സത്യത്തെ മൂടിവയ്ക്കാൻ കഴിയില്ല’’– സയന്റിഫ് ടീ ലാബിലെ ബീഫ് കറിയിൽ മസാലക്കൂട്ടു ചേർത്തുകൊണ്ട് സഹദേവൻ പറഞ്ഞു.
ആഡൂർ മുഴുവൻ സിപിഎം പതാക പാറുകയാണ്. കടമ്പൂർ പഞ്ചായത്തിലെ 14ാം വാർഡിലാണ് ആഡൂർ.
‘രാഷ്ട്രീയംനോക്കി വിവേചനം’
∙ വോക്കി ടോക്കുമായി തലശ്ശേരി മാർക്കറ്റിലെത്തുമ്പോൾ സമയം ഉച്ച. വെയിൽച്ചൂടിന്റെ കാഠിന്യമൊന്നും ഇവിടുത്തകാരുടെ രാഷ്ട്രീയ ചർച്ചയിലില്ല.
‘‘ഞങ്ങൾക്കു രാഷ്ട്രീയമുണ്ടെങ്കിലും കുടുംബകാര്യത്തിനാണു പ്രാധാന്യം. അന്നന്നത്തെ അന്നത്തിനു വക കണ്ടെത്താൻ ഓടുന്നവരാണു ഞങ്ങൾ’’– കല്ലുമ്മക്കായ കച്ചവടക്കാരായ ടി.റയീസും കെ.കെ.ബഷീറും പറഞ്ഞു. എന്നാൽ രാഷ്ട്രീയത്തിന്റെ പേരിൽ തങ്ങളുടെ നാടിനോടു ജനപ്രതിനിധികൾ കാണിക്കുന്ന വിവേചനത്തെക്കുറിച്ചു ബഷീറിനു പറയാനുണ്ട്.
‘‘തലശ്ശേരി നഗരസഭയുടെ ഗോപാൽപേട്ട
നീലോത്തുവളപ്പിലാണു ഞങ്ങളുടെ കുടുംബം. അവിടെ വന്നാൽ നിങ്ങൾക്ക് ഈ വിവേചനം മനസ്സിലാകും.
മുസ്ലിം ലീഗുകാർ കൂടുതലുള്ള ഒരു മേഖലയാണിത്. അവിടെ ഒരു ഓവുചാൽ നിർമിച്ചിട്ടുണ്ട്.
ഇതുവരെ അതു വൃത്തിയാക്കിയിട്ടില്ല. മഴക്കാലമായാൽ ചെളിവെള്ളം പുറത്തേക്കൊഴുകി ഞങ്ങൾ കഷ്ടപ്പെടുകയാണ്. എത്രയോ തവണ വാർഡ് മെമ്പറോടു പറഞ്ഞു.
തൊട്ടപ്പുറത്ത് സിപിഎമ്മുകാർ കൂടുതലുള്ള സ്ഥലം വരെ വൃത്തിയുള്ള ഓടയുണ്ട്. ചെളിയിൽചവിട്ടാതെ വീട്ടിലേക്കു കയറാം.
വോട്ടു ചോദിച്ചുവരുന്നവരോട് ഞങ്ങളിതു പറയുന്നുണ്ട്…’’ ബഷീർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

