മട്ടന്നൂർ∙ കണ്ണൂർ വിമാനത്താവള റോഡ് ദേശീയപാതയുടെ നിലവാരത്തിലേക്ക് ഉയർത്തുമെന്ന പ്രഖ്യാപനം വികസനത്തിനു പുതിയ പ്രതീക്ഷയേകുന്നു. വിമാനത്താവളം പ്രവർത്തനം ആരംഭിക്കുന്നതിനു മുൻപു തന്നെ കണ്ണൂരിൽ നിന്നു മട്ടന്നൂരിലേക്ക് പുതിയ ഗ്രീൻ ഫീൽഡ് റോഡ് നിർമിക്കാനും നിലവിലുള്ള മട്ടന്നൂർ – കണ്ണൂർ റോഡ് വീതികൂട്ടി നവീകരിക്കാനും പദ്ധതിയിട്ടുവെങ്കിലും ഇന്നും എങ്ങുമെത്തിയില്ല.
ഇതിനിടെയാണ് ദേശീയപാത അതോറിറ്റി തുടക്കമിടുന്നത്. കൂടുതൽ പാതകളെ ദേശീയപാതയുടെ നിലവാരത്തിലേക്ക് ഉയർത്തണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം ന്യൂഡൽഹിയിൽ നടന്ന യോഗത്തിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ അറിയിച്ചതിനെ തുടർന്നാണ് ദേശീയപാത അതോറിറ്റി പുതിയ 5 ദേശീയപാതകളുടെ പദ്ധതി രേഖ തയാറാക്കാൻ നടപടി തുടങ്ങിയത്.
ഇതിൽ കണ്ണൂർ – മട്ടന്നൂർ വിമാനത്താവളം റോഡും ഉൾപ്പെട്ടു.
കണ്ണൂർ മേലെചൊവ്വ മുതൽ വിമാനത്താവള പ്രദേശമായ മൂർഖൻപറമ്പ് വരെയുള്ള 25 കിലോമീറ്റർ റോഡ് സംബന്ധിച്ചു നേരത്തേ സർവേ നടത്തിയിരുന്നു. നിലവിലുള്ള മേലെചൊവ്വ-മട്ടന്നൂർ റോഡിന്റെയും പുതുതായി നിർമിക്കുന്ന താഴെചൊവ്വ-നാഗവളവ് റോഡിന്റെയും സർവേ നടത്തിയതിനുശേഷം വിമാനത്താവളത്തിലേക്കുള്ള ചെലവ് കുറഞ്ഞ റോഡ് ഏതെന്നു ചർച്ച ചെയ്തു തീരുമാനിക്കാമെന്നായിരുന്നു സർക്കാർ നിലപാട്.
ഇതിന്റെ അടിസ്ഥാനത്തിലാണു രണ്ടു റോഡിലും സർവേ നടത്തിയത്.
രണ്ടു റോഡുകളുടെയും സർവേ നടപടികൾ പൂർത്തീകരിച്ചു റിപ്പോർട്ട് സർക്കാരിലേക്കു നൽകിയിരുന്നു. വിമാനത്താവളത്തിലേക്കു ഗ്രീൻഫീൽഡ് റോഡിനു 17 കിലോമീറ്ററും മട്ടന്നൂർ-കണ്ണൂർ റോഡിനു 27 കിലോമീറ്ററും ദൂരമാണ് കണക്കാക്കിയിരുന്നത്. മട്ടന്നൂർ റോഡ് വീതികൂട്ടി നവീകരിക്കുന്നതിന്റെ പകുതി ചെലവ് മാത്രമേ ഗ്രീൻഫീൽഡ് റോഡിനു ചെലവു വരികയുള്ളൂവെന്നും കണക്കുണ്ടായിരുന്നു.
എന്നാൽ പിന്നീട് പ്രവർത്തനം നിലച്ചു.
വിമാനത്താവളം പ്രവർത്തനം ആരംഭിച്ചിട്ട് 8 വർഷമായിട്ടും റോഡുകൾ പഴയതു പോലെ തന്നെ. തലശ്ശേരി – വളവുപാറ റോഡും മട്ടന്നൂർ – ഇരിക്കൂർ റോഡും നവീകരിച്ചുവെങ്കിലും തിരക്കേറിയ കണ്ണൂർ – മട്ടന്നൂർ റോഡ് വികസനം അനിശ്ചിതാവസ്ഥയിലായിരുന്നു. വിവിധയിടങ്ങളിൽ റോഡ് തകർന്നു കിടക്കുന്നതും വീതി കുറവായതും കാരണം യാത്രക്കാർ ഏറെ പ്രയാസപ്പെടുകയാണ്.
വിമാനത്താവളവുമായി ബന്ധപ്പെട്ട് ഏറ്റവും വലിയ പരിഗണന നൽകേണ്ട റോഡാണിതെങ്കിലും വർഷങ്ങൾ പിന്നിട്ടിട്ടും ഹൈവേ വികസനം കടലാസിൽ ഒതുങ്ങി.
നിവേദനം നൽകി
പേരാവൂർ ∙ കണ്ണൂർ മട്ടന്നൂർ എയർപോർട്ട് റോഡ് ദേശീയപാതയിൽ ഉൾപ്പെടുത്തുമ്പോൾ മാനന്തവാടിയിൽ നിന്നു മട്ടന്നൂർ വരെയുള്ള റോഡും ദേശീയപാതയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മാനന്തവാടി മട്ടന്നൂർ കണ്ണൂർ എയർപോർട്ട് റോഡ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ സി.സദാനന്ദൻ എംപിക്ക് നിവേദനം നൽകി.
രാജേന്ദ്രൻ മാലൂർ, ബിജു തോട്ടത്തിൽ, ജിൽസ് എം മേയ്ക്കൽ, ശ്രീകുമാർ കൂട്ടത്തിൽ, വി.രാംദാസ്, കെ.സുധാകരൻ, കെ.സി.വേണുഗോപാൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു. ദേശീയപാത അതോറിറ്റിയുമായി ഈ വിഷയം ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]